തിരുവനന്തപുരം ∙ പാറശാലയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ദൃശ്യമായ പൊടിച്ചുഴലി (ഡസ്റ്റ് ഡെവിൾ) സംസ്ഥാനത്ത് മറ്റ് ഇടങ്ങളിലും ഉണ്ടാകാൻ സാധ്യതയെന്ന് വിദഗ്ധർ. കാലാവസ്ഥാ സാഹചര്യങ്ങൾ പരിശോധിച്ചാണ് ഈ നിഗമനം.
സംസ്ഥാനത്ത് ഇപ്പോൾ ഉയർന്ന താപനിലയും വരണ്ട അന്തരീക്ഷവുമാണ് നിലനിൽക്കുന്നത്.
മഴ ലഭിക്കാതെ മണ്ണ് വല്ലാതെ ഉണങ്ങിയിരിക്കുന്നതും ഉച്ച സമയത്തെ കഠിനമായ ചൂടുമാണ് പൊടിച്ചുഴലിക്കു കാരണം. പാറശാല ഉൾപ്പെടെ തമിഴ്നാടിനോടു ചേർന്ന അതിർത്തി മേഖലകളിൽ ഇത്തരം പ്രതിഭാസങ്ങൾ കൂടുതലായി കണ്ടേക്കാം.
പൊടിച്ചുഴലി ചുഴലിക്കാറ്റ് അല്ല.
കടുത്ത ചൂടുള്ള സമയത്ത് ഭൂമി അമിതമായി ചൂടാവുകയും തൊട്ടു മുകളിലുള്ള വായു പെട്ടെന്ന് മുകളിലേക്ക് ഉയരുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന വായുവിന്റെ ചുഴി മാത്രമാണ് ഇത്. കുറഞ്ഞ സമയത്തേക്ക് മാത്രമേ ഇതു നീണ്ടുനിൽക്കുകയുള്ളൂ.
പൊടിച്ചുഴലി സാധാരണയായി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാറില്ലെങ്കിലും ജാഗ്രത ആവശ്യമാണ്.
പൊടിച്ചുഴലി രൂപപ്പെടുന്നത് കണ്ടാൽ അതിനടുത്തേക്കു പോകരുത്. വായുവിനോടൊപ്പം പൊടിയും ചെറിയ കല്ലുകളും മുകളിലേക്ക് ഉയരുന്നതിനാൽ കണ്ണിനും ശ്വാസകോശത്തിനും അസ്വസ്ഥതയുണ്ടാകാനിടയുണ്ട്.
വാഹനം ഓടിക്കുമ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെടുന്നതെങ്കിൽ വാഹനം സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റി നിർത്തണം. പൊടിച്ചുഴലി അവസാനിക്കുന്നതു വരെ സുരക്ഷിതമായി കെട്ടിടങ്ങൾക്കുള്ളിൽ നിൽക്കണം.
ജനലുകളും വാതിലുകളും അടച്ചിടണം. വീടിനു പുറത്തോ ടെറസിലോ കാറ്റിൽ പറന്നു പോകാൻ സാധ്യതയുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ സുരക്ഷിതമായി കെട്ടി വയ്ക്കുകയോ മാറ്റുകയോ ചെയ്യണം.
പൊടിച്ചുഴലി വേനൽക്കാലത്ത് കണ്ടുവരുന്ന പ്രാദേശിക പ്രതിഭാസം മാത്രമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

