കാട്ടാക്കട ∙ യാത്രക്കാർക്ക് വെയിലും മഴയുമേൽക്കാതെ ബസ് കാത്തിരിക്കാൻ ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രികർക്ക് അപകടക്കെണിയായി മാറി.2013–14 കാലഘട്ടത്തിൽ വിവിധ സ്ഥലങ്ങളിൽ എംഎൽഎ ഫണ്ടിൽ നിന്നു പണം മുടക്കി സ്ഥാപിച്ച തകര ഷീറ്റ് മേഞ്ഞ മേൽക്കൂരയുള്ള വെയ്റ്റിങ് ഷെഡുകൾ പലതും പല സ്ഥലത്തും നിലംപൊത്തി.
കാലപ്പഴക്കവും നിയന്ത്രണം വിട്ട വാഹനങ്ങൾ ഇടിച്ചു കയറിയും ആണ് പല സ്ഥലത്തും കാത്തിരിപ്പു കേന്ദ്രങ്ങൾ നിലംപൊത്തിയത്.
ചിലതൊക്കെ റോഡ് വക്കിൽ വാഹനങ്ങൾ ഉരസി ഷീറ്റ് തകർന്നും നിൽക്കുന്നു.വെയിലും മഴയും ഏൽക്കാതെ ബസ് യാത്രക്കാർക്ക് കയറി നിൽക്കാനുള്ള വെയ്റ്റിങ് ഷെഡുകൾ യാത്രക്കാർക്ക് ഭീഷണിയായി മാറിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല.
ഒറ്റ കമ്പിയിലും ദ്രവിച്ച് തുരുമ്പെടുത്ത് ഇരുമ്പ് തൂണ് തകർന്നു ചരിഞ്ഞും പലതും നിലം പതിച്ചു.തകർന്ന ഷെഡുകൾക്ക് അടിയിൽ കയറി നിൽക്കുകയാണ് കുട്ടികൾ അടക്കമുള്ള യാത്രികർ.പാതി തകർന്ന നിലയിലുള്ള ഷെഡുകൾ പൊളിച്ചു നീക്കാനോ അറ്റകുറ്റപ്പണി നടത്താനോ ആരും മിനക്കെടാതെ വന്നതോടെ ഷെഡുകളുടെ തകർച്ച പൂർണമായി. റോഡ് വികസനം വന്നപ്പോൾ പല സ്ഥലത്തും ഷെഡുകൾ നീക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ചിലർ എതിർപ്പുമായി രംഗത്തുവന്നതോടെ നടന്നില്ല. കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിച്ച് ജനപ്രതിനിധികളുടെ പേര് എഴുതി വയ്ക്കുന്നതോടെ പണം മുടക്കുന്നവരുടെ കടമ കഴിഞ്ഞു.
പിന്നീട് ഇതിനു എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കാൻ മരാമത്ത് വകുപ്പൊ,പഞ്ചായത്തൊ തയാറല്ല.അറ്റകുറ്റപ്പണിയും പരിപാലനവും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് ഇരുകൂട്ടരും കയ്യൊഴിയും.
ശമ്പളത്തിനു പോലും ബുദ്ധിമുട്ടുന്ന പഞ്ചായത്തുകൾക്ക് വെയ്റ്റിങ് ഷെഡിനു വേണ്ടി പണം മുടക്കുക അസാധ്യം.മരാമത്ത് വകുപ്പാകട്ടെ അനുമതി നൽകുക മാത്രമാണ് ഉത്തരവാദിത്തമെന്ന നിലപാടിൽ. പരസ്പരം പഴി ചാരി രക്ഷപ്പെടാതെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുന്നവ നവീകരിക്കാനും, അല്ലാത്തവ റോഡരികിൽ നിന്ന് നീക്കം ചെയ്യാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

