തിരുവനന്തപുരം ∙ വാർത്തകളുടെ ലോകത്തു നിന്നു മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത സൗഹൃദ വലയത്തിൽ നിന്നു കൂടിയാണ് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് നടന്നുപോയത്. അതിൽ സാധാരണക്കാർ മുതൽ തലസ്ഥാനത്തെ തലപ്പൊക്കമുള്ള ഉന്നതർ വരെ എത്രയോ പേർ.
തലസ്ഥാന നഗരത്തിൽ ജനിച്ചു വളർന്ന് പത്രപ്രവർത്തന, രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ചിട്ടാണ് വിനോദ് കളംവിടുന്നത്. ജി.വിനോദ് എന്ന ബൈലൈനിൽ ഒന്നിനു പിറകെ ഒന്നായെത്തി എക്സ്ക്ലൂസീവുകളുടെ പരമ്പര.
ഒട്ടേറെ പത്രപ്രവർത്തക സുഹൃത്തുക്കൾക്ക് അദ്ദേഹം വഴികാട്ടിയായി. ഭരണകൂടത്തിന് പ്രതികരിക്കാതിരിക്കാൻ കഴിയാത്തവിധം ശ്രദ്ധേയമായ ഒട്ടേറെ വാർത്തകൾ ആ വിരൽത്തുമ്പിൽ നിന്നു പിറന്നു.ആ യാത്രയ്ക്കിടെ തന്റെ ജീവിത പങ്കാളിയെയും അദ്ദേഹം ഇൗ മേഖലയിൽ നിന്നു തന്നെ കണ്ടെത്തി.
ഏഷ്യാനെറ്റിലെ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ.അന്വേഷണ വഴിയിലെ കണ്ണികൾ തേടി വിദേശ രാജ്യങ്ങളിലേക്കു വരെ അദ്ദേഹത്തിന്റെ അന്വേഷണം നീണ്ടു. അതുവഴി പിറന്ന അദ്ഭുതപ്പെടുത്തുന്ന വാർത്തകൾ ഒട്ടേറെ.
പൊലീസ്, വിജിലൻസ്, ജയിൽ തുടങ്ങിയ രംഗങ്ങളിൽ നിന്നായിരുന്നു ഏറെയും വാർത്തകൾ.
ചെമ്പഴന്തി എസ്എൻ കോളജിൽ നിന്നു ബിരുദം നേടിയ വിനോദ് അവിടെ യൂണിയൻ ചെയർമാനായിരുന്നു.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നാണ് ജേണലിസം കോഴ്സ് പൂർത്തിയാക്കിയത്. കോളജ് പഠനകാലത്ത് ഇടതു രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവ പങ്കാളിയായിരുന്നു.ദീപിക ദിനപത്രത്തിൽ നിന്നായിരുന്നു പത്രപ്രവർത്തനത്തിന്റെ തുടക്കം.
പിന്നാലെ മനോരമയിൽ റിപ്പോർട്ടറായി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മനോരമയിലെ ശ്രദ്ധേയ ബഹുമതിയായ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ വിനോദിനെ തേടിയെത്തി.
ഹെറോയിൻ കടത്തിന്റെ എക്സ്പ്രസ് വേ, വിജ്ഞാപനത്തിൽ പറയാത്തത്, അഴിമതിക്കു പുറത്തെ അഴിമതിപ്പട, ലാൽ സലാം വാണിഭം തുടങ്ങിയ പേരുകളിലായി അന്വേഷണാത്മക വാർത്താ പരമ്പരകളും സപ്ലൈകോയിലെ അഴിമതി, ജയിലിലെ ആഭ്യന്തര കലാപം, വ്യാജ ലോട്ടറി വിൽപന, കെഎസ്ടിപി അഴിമതി തുടങ്ങി അന്വേഷണാത്മക വാർത്തകളും ശ്രദ്ധിക്കപ്പെട്ടു.ജി.വിനോദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും അനുശോചിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

