തിരുവനന്തപുരം ∙ റെയിൽവേ വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റു തീപിടിച്ച കാക്ക വീണു ഗുഡ്സ് ട്രെയിനിന്റെ ഇന്ധന ടാങ്കറുകളിലൊന്നിനു മുകളിൽ തീപിടിച്ചു. ഇന്നലെ രാവിലെ 11 ന് സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപം ഉപ്പിടാംമൂട് പാലത്തിനു താഴെയാണു സംഭവം.
ഇരുമ്പനത്തുനിന്നു തിരുനെൽവേലിയിലേക്കു ഇന്ധനവുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിലെ ടാങ്കറുകളിലൊന്നിലാണു തീപടർന്നത്. പാലത്തിനു താഴെ തിരുവനന്തപുരം ഭാഗത്തേക്കു പോകാൻ സിഗ്നൽ കാത്തു നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. ഇതിനിടെയാണു വൈദ്യുതിലൈനിൽനിന്നു ഷോക്കേറ്റു തീപിടിച്ച കാക്ക ടാങ്കറിനു മുകളിലെ വാൽവിനു സമീപം വീണത്.
തീ ശ്രദ്ധയിൽപ്പെട്ട
പരിസരവാസികൾ ലോക്കോപൈലറ്റിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് ചാക്ക, രാജാജി നഗർ അഗ്നിരക്ഷാ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ എത്തിയാണു തീയണച്ചത്.
പിന്നാലെ ഇരട്ടപ്പാതയിലെ വൈദ്യുതിബന്ധം റെയിൽവേ വിഛേദിച്ചു. െമക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി. സംഭവത്തെ തുടർന്ന് തിരുനെൽവേലി–ജാംനഗർ ട്രെയിൻ തമ്പാനൂർ ഓവർബ്രിജിനു സമീപം പിടിച്ചിട്ടു.
കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം 30 മിനിറ്റ് കഴിഞ്ഞു പുനഃസ്ഥാപിച്ചതായി സ്റ്റേഷൻ മാനേജർ ഡി.മണിലാൽ പറഞ്ഞു. ഉച്ചയ്ക്ക് 1.15ന് ഗുഡ്സ് ട്രെയിൻ യാത്ര തുടർന്നു. രണ്ടേകാൽ മണിക്കൂറോളം തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

