മലയാളത്തിൽ വലിയ വിജയഗാഥ രചിച്ച ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചലച്ചിത്രം മറ്റ് ഭാഷകളിലേക്കും വിജയയാത്ര വ്യാപിപ്പിക്കുന്നു. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് ലഭിച്ച അൻപതോളം മികച്ച പ്രതികരണങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത തമിഴ്, തെലുങ്ക് പതിപ്പുകൾക്കും അന്യഭാഷാ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിത്രം കണ്ടതിന് ശേഷം സിനിമ ഏറെ ഇഷ്ടപ്പെട്ട ഉലകനായകൻ കമൽഹാസൻ അണിയറപ്രവർത്തകരെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ, നിർമ്മാതാക്കള്, പ്രധാന താരങ്ങൾ എന്നിവരുമായി അദ്ദേഹം ഏറെ നേരം സംസാരിക്കുകയും സിനിമയുടെ പ്രമേയത്തെയും ആഖ്യാനശൈലിയെയും കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഒരു മികച്ച കുടുംബചിത്രം തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തിക്കാൻ അണിയറപ്രവർത്തകർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം വിശേഷാൽ അഭിനന്ദിച്ചു.
തമിഴ്നാട്ടിലും തെലങ്കാനയിലുമായി ചിത്രത്തിന്റെ തിയേറ്റർ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ്. വിതരണക്കാരുടെ നേതൃത്വത്തിലാണ് കമൽഹാസനുമായുള്ള അണിയറപ്രവർത്തകരുടെ ഈ പ്രത്യേക കൂടിക്കാഴ്ച സാധ്യമാക്കിയത്.
തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സ് സഹകരിച്ചാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് തെലുങ്ക് പതിപ്പിന്റെ റിലീസ് നിർവഹിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിൽ പിറന്ന ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷാ മാർക്കറ്റിലും പുതിയ ബോക്സ് ഓഫീസ് വിജയങ്ങൾ കുറിച്ചുകൊണ്ടിരിക്കുകയാണ്.
മലയാള സിനിമയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽ ലഭിക്കുന്ന ഈ വലിയ സ്വീകാര്യത സിനിമാ വ്യവസായത്തിന് തന്നെ വലിയ രീതിയിലുള്ള ഊർജ്ജമാണ് പകരുന്നത്. കേരളത്തിന് പുറത്ത് വരും ദിവസങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

