തിരുവനന്തപുരം∙ മ്യൂസിയം, മൃഗശാല വളപ്പിലെ പേപ്പട്ടി ആക്രമണത്തിനു പിന്നാലെ പ്രദേശത്തെ മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി നീക്കുമെന്ന അധികൃതരുടെ ഉറപ്പ് നടപ്പായില്ല. ഇന്നലെ രാവിലെയും പ്രഭാതസവാരിക്ക് എത്തിയവർക്ക് ഭീഷണിയായി തെരുവുനായ്ക്കൾ മ്യൂസിയം വളപ്പിൽ തമ്പടിച്ചു.
നായ്ക്കളെ കണ്ടതോടെ നടക്കാനെത്തിയവരിൽ ഭൂരിഭാഗവും മടങ്ങിപ്പോയി. പൊലീസ് സ്റ്റേഷൻ ഭാഗത്തെ ഗേറ്റിനടുത്തുള്ള സെക്യൂരിറ്റി കാബിന് സമീപമാണ് നായ്ക്കളെ കണ്ടത്.
മ്യൂസിയം വളപ്പിൽ ആക്രമണം നടത്തിയ നായ മറ്റു നായ്ക്കളെയും കടിച്ചിരുന്നു.
കടിയേറ്റതിനാൽ മറ്റുള്ളവയ്ക്കും പേവിഷബാധയുണ്ടാകാൻ സാധ്യതയുണ്ട്. ഇവയെ പിടികൂടി നീക്കുമെന്നാണ് കഴിഞ്ഞദിവസം അധികൃതർ അറിയിച്ചത്.
എന്നാൽ, നായ്ക്കളെ പിടികൂടുന്നതിൽ വേഗം പോരെന്നാണ് വ്യായാമത്തിന് എത്തുന്നവരുടെ പരാതി. തെരുവുനായ ആക്രമണമുണ്ടായതിനു പിന്നാലെ പ്രഭാതസവാരിക്ക് എത്തുന്നവരുടെയും മ്യൂസിയം, മൃഗശാല സന്ദർശിക്കാൻ എത്തുന്നവരുടെയും എണ്ണം ഇന്നലെ കുറഞ്ഞു.
ഇതിലൂടെ വരുമാന നഷ്ടവുമുണ്ടായി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെപ്പേർ ഇവിടം സന്ദർശിക്കാറുണ്ട്.
തെരുവുനായ ശല്യം പരിഹരിക്കാൻ ശ്രമം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഇതിനായി പ്രത്യേക യോഗം ചേർന്നു. നായ്ക്കളെ മ്യൂസിയം പരിസരത്ത് കടക്കാൻ അനുവദിക്കരുതെന്നു സുരക്ഷാ ജീവനക്കാർക്ക് നിർദേശം നൽകിയതായി ഡയറക്ടർ പി.എസ്.മഞ്ജുളാദേവി അറിയിച്ചു.
ഇന്നലെ മ്യൂസിയം, എൽഎംഎസ് പരിസരങ്ങളിൽ നിന്ന് 5 നായ്ക്കളെ പിടികൂടി. ഇവയെ പേട്ടയിലെ എബിസി കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
പിടികൂടിയവയിൽ കഴിഞ്ഞ ദിവസം പേവിഷ ബാധിച്ച നായ കടിച്ച ഒരെണ്ണവും ഉൾപ്പെടുന്നു. ഇതിനെ പ്രത്യേക നിരീക്ഷണത്തിലാക്കി.
കനകക്കുന്നിൽ മാലിന്യം, ഒപ്പം തെരുവുനായ്ക്കളും
മ്യൂസിയത്തിന് തൊട്ടടുത്തുള്ള കനകക്കുന്നിലും പരിസരത്തും തെരുവുനായ്ക്കൾ വിഹരിക്കുകയാണ്.
ഭക്ഷണാവശിഷ്ടവും മറ്റു മാലിന്യങ്ങളും നിറഞ്ഞു. ഒട്ടേറെപ്പേർ വ്യായാമത്തിന് എത്തുന്ന സ്ഥലമാണ് കനകക്കുന്ന്.
നായ്ക്കളുടെ ശല്യം വർധിച്ചതോടെ സായാഹ്നം ആസ്വദിക്കാൻ എത്തുന്ന കുടുംബങ്ങളിൽ ഭൂരിപക്ഷവും കനകക്കുന്ന് ഒഴിവാക്കുകയാണ്. രാത്രിയായാൽ നായ്ക്കൾ കൂട്ടമായി എത്തുന്നതും കടിപിടി കൂടുന്നതും പതിവാണ്.
ഇരുചക്രവാഹന യാത്രക്കാരെ ആക്രമിക്കാൻ ഓടിക്കാറുണ്ട്.
വാഹനങ്ങളിൽ എത്തി കനകക്കുന്നിന്റെ പിന്നിൽ നായ്ക്കളെ ഉപേക്ഷിച്ചു മടങ്ങുന്നതും പതിവാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. നായ്ക്കളുടെ ശല്യം ഒഴിവാക്കാനായി കോർപറേഷനും മറ്റുള്ളവർക്കും ഒട്ടേറെ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പ്രഭാതസവാരിക്ക് എത്തുന്നവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

