എടത്വ ∙ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ പാടശേഖരങ്ങളിൽ അനധികൃത നികത്തലും വ്യാപകമായി. പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പരാതിയെ തുടർന്നു റവന്യു വകുപ്പ് അധികൃതർ സ്റ്റോപ് മെമ്മോ നൽകി നിർത്തിവച്ചിരുന്ന സ്ഥലങ്ങളിലും നികത്തൽ പുനരാരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നതോടെ രാഷ്ട്രീയ പാർട്ടികൾ ഇടപെടില്ലെന്നും അധികൃതർ തടയില്ലെന്നുമുള്ള വിശ്വാസത്തിലാണു ഇത്തരത്തിൽ നികത്തൽ.
നിലം നികത്തുന്നവരിൽനിന്ന് വലിയ തുക പ്രാദേശികമായി തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങാം എന്നതിനാൽ രാഷ്ട്രീയ പാർട്ടികൾ തടയാൻ ശ്രമിക്കില്ലെന്നു ഇതിൽ ഏർപ്പെട്ടിരിക്കുന്ന മാഫിയകൾക്കും അറിയാം. തകഴി വലിയ പാലത്തിന്റെ വടക്കു വശത്ത് വൻതോതിൽ നികത്തൽ ആരംഭിച്ചിട്ടുണ്ട്.
ഇവിടെ നേരത്തെ വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകിയിരുന്നതാണ്. ഇക്കാര്യം വില്ലേജ് ഓഫിസറുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ പരിശോധിക്കാം എന്ന മറുപടി മാത്രമാണുണ്ടായത്.
വീടു വയ്ക്കാൻ പ്രത്യേക അനുമതിയോടെ 10 സെന്റ് വരെ നികത്താം എന്നതിന്റെ മറവിൽ അതിൽ കൂടുതൽ നികത്തുന്ന സംഭവവും ഉണ്ട്.
എന്നാൽ റീബിൽഡ് കേരള പദ്ധതിയിൽ പെടുത്തി 4 സെന്റ് നിലം നികത്തിയാൽ കൊടി കുത്തി സമരവും പതിവാണ്. 3 മാസം മുൻപ് തായങ്കരിയിൽ അത്തരത്തിൽ ഒരു സംഭവം ഉണ്ടാകുകയും അത് എൽഡിഎഫിലെ ഒരു ഘടക കക്ഷിയുടെ ലോക്കൽ സെക്രട്ടറിയ്ക്കു മർദനമേൽക്കുന്നതിൽ കലാശിക്കുകയും ചെയ്തു.
പിന്നീട് പൊലീസ് കേസ് ആയതോടെ സംഭവം ഒത്തു തീർപ്പാക്കുകയായിരുന്നു.
പാണ്ടങ്കരിയിലെ ഒരു നികത്തിൽ ആദ്യം കൊടികുത്തി. പിന്നീട് പെട്ടെന്നൊരു ദിവസം പ്രതിഷേധം നിലയ്ക്കുകയും ചെയ്തു.
എടത്വയിൽ നികത്തലിനെ തുടർന്ന് ഒരു പാടശേഖരം തന്നെ ഇല്ലാതായ സംഭവം ഉണ്ട്. പടിഞ്ഞാറേ മണ്ണുണ്ണിപ്പാടം ആണ് ഇല്ലാതായത്. ഇതേ പോലെ തന്നെ മങ്കോട്ടച്ചിറയിൽ നൂറുകണക്കിനു ഏക്കറോളം നിലമാണ് ഇല്ലാതായിരിക്കുന്നത്.
കലക്ടർ, ആർഡിഒ, മന്ത്രിമാർ വരെ എത്തി പരിശോധന നടത്തിയിരുന്നു. മണ്ണ് നീക്കം ചെയ്യണം എന്നു പറയുകയും ചെയ്തു.
എന്നാൽ തുടർനടപടി ഉണ്ടായില്ല.
തലവടി എടത്വ പ്രദേശത്ത് നികത്തിയ നിരവധി പുരയിടങ്ങൾ പൂർവസ്ഥിതിയിലാക്കാൻ കോടതി വിധി വന്നു വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.
നേരത്തെ കിഴക്കൻ പ്രദേശത്തു നിന്നും ചെമ്മണ്ണ് എത്തിച്ചായിരുന്നു നികത്തൽ. എന്നാൽ ഇപ്പോൾ പാരിസ്ഥിതിക ആഘാതത്തിനു കാരണമാക്കുന്ന രീതിയിൽ വിവിധ മാലിന്യങ്ങളും മറ്റും ഉപയോഗിച്ചാണ് നികത്തൽ.
ഉദ്യോഗസ്ഥരും ഇതിനു കൂട്ടുനിൽക്കുകയാണെന്ന് ആക്ഷേപമുണ്ട്. ചങ്ങങ്കരിയിൽ വലിയൊരു പ്രദേശം ഇത്തരത്തിൽ മാലിന്യം ഉപയോഗിച്ചു നികത്തി. വെളിയനാട്, കൈനകരി പ്രദേശത്തും ഇതു വ്യാപകമായി നടക്കുന്നുണ്ട്.
തിരഞ്ഞെടുപ്പു മറവിലുള്ള നികത്തലിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

