തിരുവനന്തപുരം ∙ കുടുംബങ്ങൾക്ക് തണലും തുണയുമാകേണ്ട 154 പേരുടെ ജീവൻ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരത്തുകളിൽ പൊലിഞ്ഞെന്നു കണക്ക്.
മരണപ്പെട്ടവരിൽ 80% പേരും 18–35 പ്രായപരിധിയിലുള്ളവരാണ്. ഗുരുതരമായി പരുക്കേറ്റ് ജീവിതകാലം മുഴുവൻ കിടക്കയിലാകുന്നവരുടെ എണ്ണം പുറത്തറിയുന്നില്ലെങ്കിലും കണക്കുകൾ മരണപ്പെടുന്നവരുടെ എണ്ണത്തെക്കാൾ ഭയപ്പെടുത്തുന്നതാണ്.
അപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് രാത്രിയിലാണെന്നാണ് പൊലീസ് പറയുന്നത്.
അമിതവേഗം, മത്സരപ്പാച്ചിൽ, ഹെൽമറ്റ് ഉപയോഗിക്കാത്തത്, മദ്യപിച്ചു വാഹനമോടിക്കൽ തുടങ്ങിയവയാണ് മരണത്തിനിടയാക്കുന്ന അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്നു പൊലീസും മോട്ടർ വാഹന വകുപ്പും പറയുന്നു. ആര്യനാട് ഉഴമലയ്ക്കലിൽ ഞായറാഴ്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 യുവാക്കളാണ് മരിച്ചത്.
കഴിഞ്ഞയാഴ്ച കരമനയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ അപകടത്തിൽ മരിച്ചത് ഒരു ബൈക്കിൽ യാത്ര ചെയ്ത 3 യുവാക്കൾ.
മരണത്തിന്റെ കണക്കിലേറെ ഗുരുതരമായി പരുക്കേൽക്കുകയും കിടപ്പുരോഗികളാകുകയും ചെയ്യുന്നവരുണ്. മരണസംഖ്യ കൂടുമ്പോഴും അപകടങ്ങൾ നിയന്ത്രിക്കാൻ നടപടിയില്ലെന്നും ബൈക്കുകളുടെ അമിതവേഗം തടയുന്നില്ലെന്നും ആക്ഷേപമുണ്ട്.
വരും ദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടർ വാഹന വകുപ്പും അറിയിച്ചു.
വാഹനങ്ങളുടെ എണ്ണം വർധിക്കുകയും അതനുസരിച്ച് റോഡുകളുടെ ശേഷിയും സുരക്ഷാ നിലവാരവും മെച്ചപ്പെടുത്താത്തതും വഴിവിളക്കുകൾ ഇല്ലാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമാണ്. ബൈക്ക് ഇടിച്ച് കാൽനടക്കാരും അപകടത്തിൽപ്പെടുന്നുണ്ട്.
ദേശീയപാതയിൽ വാഹനങ്ങളുടെ വേഗപരിധി കൂടുതലായതിനാൽ അപകടങ്ങളും വർധിക്കുന്നുണ്ട്.
മരണക്കണക്ക്
(ജില്ലയിൽ ഒരു വർഷത്തിനിടെ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത മേഖല, മരണം എന്നീ ക്രമത്തിൽ)
∙കരമന–കളിയിക്കാവിള പാത: 50 മരണം
∙കഴക്കൂട്ടം–കാരോട് ബൈപാസിൽ തിരുവല്ലം–മുക്കോല ഭാഗം –20 മരണം
∙ആര്യനാട് –15 മരണം
∙കിളിമാനൂർ–9 മരണം
∙നെടുമങ്ങാട്, അരുവിക്കര മേഖല– 9 മരണം
∙അമരവിള–കാരക്കോണം–വെള്ളറട റോഡ്– 6 മരണം
∙ശ്രീകാര്യം, ചന്തവിള മേഖല–5 മരണം
∙വെട്ടുറോഡ് –മംഗലപുരം റോഡ്, ചന്തവിള–പോത്തൻകോട് റോഡ്–5 മരണം
∙കല്ലമ്പലം മേഖല–5 മരണം
∙പാറശാല മേഖല –5 മരണം
∙നെയ്യാറ്റിൻകര മേഖല – 5 മരണം
∙ചിറയിൻകീഴ് മേഖല–5 മരണം
∙ആറ്റിങ്ങൽ –4 മരണം
∙പാലോട് നെടുമങ്ങാട് റോഡ്– 4 മരണം
∙കാട്ടാക്കട
മേഖല–3 മരണം
∙വിതുര –ചായം ജംക്ഷൻ, തൊളിക്കോട് പുളിമൂട് ജംക് ഷൻ –2 മരണം
∙വെഞ്ഞാറമൂട് മേഖല– 2 പേർ
റോഡ് അപകടങ്ങളും ജില്ലയും
(ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത അപകടങ്ങളെക്കുറിച്ചുള്ള പൊലീസ്–മോട്ടർ വാഹന വകുപ്പിന്റെ അനൗദ്യോഗിക കണക്ക്)
അപകടങ്ങളുടെ കാരണങ്ങൾ
(പൊലീസ്–മോട്ടർ വാഹന വകുപ്പുകളുടെ കണ്ടെത്തൽ)
∙ അമിതവേഗം
∙ ഹെൽമറ്റ് ധരിക്കാത്തത്
∙ അപകടകരമായ ഓവർടേക്കിങ്
∙ അശ്രദ്ധയോടെ വാഹനമോടിക്കൽ
∙ മദ്യപിച്ച് വാഹനമോടിക്കൽ
∙ ട്രാഫിക് നിയമലംഘനം
∙ സിഗ്നൽ ലംഘനം
∙ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം
∙ റോഡിന്റെ രൂപകൽപന
പൊലീസിന്റെ സുരക്ഷാ നിർദേശങ്ങൾ
∙നിർബന്ധമായും ഹെൽമറ്റ് ധരിക്കുക
∙അമിതവേഗം ഒഴിവാക്കുക
∙ട്രാഫിക് സിഗ്നലുകൾ പാലിക്കുക
∙ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്
∙മഴക്കാലത്ത് കൂടുതൽ ജാഗ്രത പാലിക്കുക
ആകെ റോഡ് അപകടങ്ങൾ: ഏകദേശം 4,000
ബൈക്ക് ഉൾപ്പെട്ട അപകടങ്ങൾ: 45%
ഗുരുതര പരുക്കേറ്റവർ: 2000 -ത്തിലധികം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

