തിരുവനന്തപുരം∙ പഴയ എകെജി സെന്ററിനു മുന്നിലെ തട്ടുകടയിൽ പ്രമുഖ സിപിഎം നേതാക്കൾക്കെല്ലാം രുചിയുള്ള ചായയിട്ടു നൽകിയിട്ടുള്ള ഷാജി (ധർമദാസ്–61) ഓർമയായി. ഷാജിക്ക് ആദരാഞ്ജലി അർപ്പിക്കാൻ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പിണറായി വിജയനും കുന്നുകുഴി വിവേകാനന്ദ നഗറിലെ വീട്ടിലെത്തി.
എം.എ.ബേബി, എം.വി.ഗോവിന്ദൻ, എം.വി.ജയരാജൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ് തുടങ്ങിയ നേതാക്കളും നേരിട്ടെത്തി അന്തിമോപചാരമർപ്പിച്ചു. പഴയ എകെജി സെന്ററിന്റെ ഗേറ്റിനു മുന്നിലായിരുന്നു 20 വർഷത്തോളമായി ‘ഷാജിയണ്ണന്റെ’ തട്ടുകട
പ്രവർത്തിച്ചിരുന്നത്.
തലസ്ഥാനത്തു തട്ടുകടകൾ ഉദയം ചെയ്തു തുടങ്ങിയ കാലത്ത് യൂണിവേഴ്സിറ്റി കോളജിനു മുന്നിലെ റോഡിലാണു ഷാജി തട്ടുകട തുടങ്ങിയത്.
യൂണിവേഴ്സിറ്റി കോളജിലെയും സംസ്കൃത കോളജിലെയും വിദ്യാർഥികളുടെ സ്ഥിരം കേന്ദ്രമായിരുന്നു ഇവിടം. കയ്യിൽ പണമില്ലെങ്കിലും ഭക്ഷണം കിട്ടാതിരിക്കില്ല.
റോഡ് വികസനം വന്നപ്പോഴാണു പഴയ എകെജി സെന്ററിനു മുൻപിലേക്കു 2007ൽ തട്ടുകട മാറ്റിയത്.
രാവിലെ തുടങ്ങി രാത്രി 8 വരെ പ്രവർത്തനം. പാർട്ടി സെന്ററിന്റെ ഭാഗമായി എകെജി സെന്ററിൽ പ്രവർത്തിച്ചിരുന്ന നേതാക്കളെല്ലാം ഇവിടെ പതിവുകാരായി.
ചായ കുടി ശീലമില്ലാത്തതിനാൽ മുഖ്യമന്ത്രി ഷാജിയുടെ കൈപ്പുണ്യം അറിഞ്ഞിട്ടില്ലെങ്കിലും പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തെ കാണാൻ ഇടയ്ക്കു ഷാജി എത്തുമായിരുന്നു. ലോക്ഭവനിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞു സിപിഎം സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ എകെജി സെന്ററിലേക്കു കാറിലിരിക്കെയാണ് ഷാജി മരിച്ച വിവരം മുഖ്യമന്ത്രി സ്റ്റാഫിൽനിന്ന് അറിഞ്ഞത്.
അകമ്പടി വാഹനങ്ങൾ ഒഴിവാക്കി നേരെ മരണവീട്ടിലെത്തുകയായിരുന്നു. ടി.ബേബിയാണു ഭാര്യ. ഷിന്റോ, നിഥിൻ എന്നിവർ മക്കൾ.
സംസ്കാരം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

