സംസ്ഥാനത്തെ സർക്കാർ ആരോഗ്യ മേഖലയ്ക്ക് അഭിമാനകരമായ നേട്ടമായി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
ഇരുപത്തെട്ടുകാരനായ യുവാവിൽ ഇരു ഇടുപ്പുകളിലേക്കും രക്തയോട്ടക്കുറവ് മൂലമുള്ള അസ്ഥിനാശം (Avascular Necrosis of Hip) ചികിത്സിക്കുന്നതിനായാണ് സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ നടത്തിയത്. മണ്ണുത്തി സ്വദേശിയായ യുവാവിന്റെ വലത് ഇടുപ്പിൽ രോഗത്തിന്റെ മൂന്നാം ഘട്ടവും ഇടത് ഇടുപ്പിൽ രണ്ടാം ഘട്ടവുമായിരുന്നു രോഗബാധ കണ്ടെത്തിയത്.
പ്രായപൂർത്തിയായ വ്യക്തികളിൽ സന്ധികൾ മാറ്റിവയ്ക്കുന്നത് ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇടുപ്പ് സന്ധി സംരക്ഷിച്ച് കൊണ്ടുള്ള ഈ നൂതന ചികിത്സ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ഇടത് ഇടുപ്പിൽ അസ്ഥിയിലെ മർദ്ദം കുറയ്ക്കുന്ന ശസ്ത്രക്രിയയും (Core decompression) തുടർന്ന് രക്തക്കുഴലോടുകൂടിയ അസ്ഥിമാറ്റിവയ്ക്കലും (Free Vascularised Fibula Graft) വിജയകരമായി ചെയ്തു.
പന്ത്രണ്ടര മണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ, രോഗിയുടെ കാലിൽ നിന്ന് രക്തക്കുഴലോടുകൂടിയ അസ്ഥിയുടെ ഒരു ഭാഗം എടുത്ത് ഇടുപ്പിലെ രോഗം ബാധിച്ച അസ്ഥിയിൽ സ്ഥാപിക്കുകയാണുണ്ടായത്. തുടർന്ന് സൂക്ഷ്മരക്തക്കുഴൽ ശസ്ത്രക്രിയയിലൂടെ (Microvascular surgery) രക്തയോട്ടം പൂർണ്ണമായി പുനഃസ്ഥാപിക്കുകയും ചെയ്തു.
ആതുരശുശ്രൂഷാ രംഗത്ത് പുതിയ അദ്ധ്യായം കുറിച്ച ഈ ദൗത്യത്തിന് പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ പ്രൊഫ. കലേഷ്, ഡോ.
റോഷ്ജോ, ഡോ. സുനീഷ് എന്നിവരും അസ്ഥിരോഗ വിഭാഗത്തിലെ പ്രൊഫ.
മനോജ് എം.കെ യുടെ നേതൃത്വത്തിൽ ഡോ. ദിനീപ്, ഡോ.
പ്രിജിത്ത്, ഡോ. അമൽ ജോസ് എന്നിവരടങ്ങിയ സംഘവും നേതൃത്വം നൽകി.
കൂടാതെ അനസ്തീഷ്യ വിഭാഗത്തിലെ പ്രൊഫ. അമ്മിണിക്കുട്ടി, ഡോ.
ട്വിങ്കിൾ, നഴ്സിംഗ് ജീവനക്കാരായ രമ്യ, മഞ്ജുഷ, നിഷ എന്നിവരും ശസ്ത്രക്രിയ വിജയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. രാജ്യത്തെ പ്രമുഖ കോർപ്പറേറ്റ്-സ്വകാര്യ ആശുപത്രികളിൽ പോലും വളരെ അപൂർവ്വമായി മാത്രം ചെയ്തുവരുന്ന സാങ്കേതികമായി ഏറെ സങ്കീർണ്ണമായ ശസ്ത്രക്രിയയാണിത്.
പരിമിതമായ വിഭവസൗകര്യങ്ങൾക്കുള്ളിൽ നിന്ന് ഇത്തരത്തിലുള്ള സങ്കീർണ്ണ ചികിത്സ സർക്കാർ മേഖലയിൽ വിജയകരമായി നടപ്പിലാക്കാനായത് തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ ചരിത്രത്തിലെ തന്നെ തിളക്കമാർന്ന നേട്ടമായി മാറി.
ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ ചികിത്സാ രീതികൾ സാധാരണക്കാരായ രോഗികൾക്ക് സർക്കാർ സംവിധാനത്തിലൂടെ ലഭ്യമാക്കാൻ സാധിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വിജയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

