തിരുവനന്തപുരം ∙ ഒന്നോ, രണ്ടോ ദിവസം മാത്രം കണ്ട പെറ്റമ്മയുടെ മരണത്തിൽ നീതി തേടി സമരരംഗത്തിരിക്കേണ്ടിവന്ന ഗതികേടിലായിരുന്നു 18 ദിവസം മാത്രം പ്രായമുള്ള ആ കുഞ്ഞ്.
ജനിക്കുന്നതിനു മുൻപു തന്നെ അവനു ‘ബൃഹദീശ്വരൻ’ എന്ന പേര് അമ്മ കണ്ടുവച്ചിരുന്നെങ്കിലും അമ്മയിൽനിന്ന് ആ വിളി കേൾക്കാനുള്ള യോഗമുണ്ടായില്ല. രണ്ടര വയസ്സും, 18 ദിവസവും പ്രായമായ 2 കുഞ്ഞുങ്ങളെ ഭർത്താവ് മനുവിന്റെ കയ്യിലേൽപിച്ചാണു ശിവപ്രിയ പോയത്.
എസ്എടി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട
ദിവസങ്ങളിൽ ആശുപത്രിയിൽനിന്നുണ്ടായ അണുബാധയെത്തുടർന്നാണു ശിവപ്രിയയുടെ മരണമെന്നാണു ആരോപണം. 22ന് ആയിരുന്നു ശിവപ്രിയയുടെ പ്രസവം. 24ന് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെങ്കിലും പനിയുണ്ടായിരുന്നതിനാൽ കുഞ്ഞുമായി അധികം ഇടപഴകിയില്ല.
പിറ്റേന്നു പനി കൂടി. 26നു വീണ്ടും ആശുപത്രിയിലായി.
ഈ ദിവസങ്ങളിലെല്ലാം കുഞ്ഞ് വീട്ടിലായിരുന്നു. ഇന്നലെ മരണവിവരം അറിഞ്ഞശേഷമാണു കുഞ്ഞുമായി ബന്ധുക്കൾ ആശുപത്രിയിലെത്തിയത്.
സമരമുഖത്ത് ഇന്നലെ ആ കുഞ്ഞുമുണ്ടായിരുന്നു. കുറച്ചു സമയത്തിനുശേഷം, തൊട്ടടുത്തു നിർത്തിയിട്ട
കാറിലേക്കു കുഞ്ഞിനെ മാറ്റി.
പിഴവ് എസ്എടിയിൽ തന്നെ; മനു
പ്രസവത്തിനെത്തുമ്പോൾ ആരോഗ്യവതിയായിരുന്നു ശിവപ്രിയയെന്നും തിരിച്ചുപോകുമ്പോൾ സ്ഥിതി അതായിരുന്നില്ലെന്നും ഭർത്താവ് മനു. പനിയുണ്ടെന്നറിഞ്ഞിട്ടും അവഗണിച്ചു.
അടുത്തദിവസം പനി കൂടി വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും തലകറങ്ങി വീണു. വീട്ടിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണെന്ന് കുറ്റപ്പെടുത്തുകയാണ് അധികൃതർ ചെയ്തത്.
ഒരു ദിവസമാണ് വീട്ടിലുണ്ടായത്. അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നാണെന്ന് ഉറപ്പാണ്.
ഒരു ലക്ഷത്തോളം രൂപയും ചെലവാക്കി.അണുബാധ സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട് വന്നതോടെ പിന്നെ ചികിത്സ സൗജന്യമാക്കി.
ഇതു വീഴ്ച മനസ്സിലായതുകൊണ്ടാണ്. ആദ്യമൊക്കെ സംസാരിച്ചിരുന്ന ശിവപ്രിയയുടെ സ്ഥിതി ഓരോ ദിവസവും മോശമായി.
വെന്റിലേറ്ററിലായി. കഴിഞ്ഞ ദിവസം ഭക്ഷണത്തിന് ട്യൂബിട്ടു.
അതിനുശേഷം കണ്ണ തുറന്നു കണ്ടിട്ടില്ല. ഇന്നലെ രാവിലെ ഡോക്ടർ വിളിച്ച് ശ്വാസകോശത്തിൽ അണുബാധ കൂടിയെന്നും രക്തം കട്ടപിടിച്ചെന്നും പറഞ്ഞു.
അധികം വൈകാതെ മരിച്ചു.
അണുബാധ എസ്എടിയിൽ നിന്നല്ല: സൂപ്രണ്ട്
പ്രസവശേഷം ആശുപത്രി വിടുന്നതു വരെ ശിവപ്രിയയ്ക്ക് മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്ന വിശദീകരണവുമായി എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു. ആശുപത്രിയിൽനിന്ന് അണുബാധയുണ്ടായെന്നത് ആരോപണം മാത്രമാണെന്നും സൂപ്രണ്ട് വിശദീകരിച്ചു.
എല്ലാ മാസവും ലേബർ റൂമും ഐസിയുവും ഉൾപ്പെടെ മൈക്രോ ബയോളജി സംഘം പരിശോധന നടത്താറുണ്ട്. ആശുപത്രിയിൽ അണുബാധയോ, മറ്റു പ്രശ്നങ്ങളോ ഉണ്ടോയെന്നു നോക്കാനാണു പരിശോധന.
ഈ മാസം ശിവപ്രിയ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ പരിശോധന പൂർത്തിയാക്കി പ്രശ്നങ്ങളില്ലെന്നു കണ്ടെത്തിയിരുന്നു. 26നു പനിയും വയറിളക്കവുമായി വീണ്ടും ആശുപത്രിയിൽ എത്തുമ്പോൾ ആരോഗ്യസ്ഥിതി മോശമായിരുന്നു.
തുടർന്ന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ നൽകിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
വില്ലനായത് ‘അസിനെറ്റോബാക്ടർ’
∙ശിവപ്രിയയ്ക്ക് അണുബാധയേൽക്കാൻ കാരണം ‘അസിനെറ്റോബാക്ടർ’ ബാക്ടീരിയയുടെ സാന്നിധ്യം. മണ്ണിലും ജലത്തിലുമെല്ലാം കാണപ്പെടുന്ന ഈ ബാക്ടീരിയയ്ക്കു പല വകഭേദങ്ങളുണ്ട്.
ഇതിൽ ചിലത് ആന്തരികാവയവങ്ങളെയെല്ലാം ബാധിക്കുന്നതും മരണകാരണമാകുന്നതുമാണ്. മുറിവുകളിലൂടെയാണിതു ശരീരത്തിൽ പ്രവേശിക്കുക. വൃത്തിഹീനമായ ഏതു സാഹചര്യത്തിലും ഈ ബാക്ടീരിയ വളരാൻ ഇടയാക്കുമെങ്കിലും ആശുപത്രി സാഹചര്യങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നു പറയപ്പെടുന്നു.
പ്രസവശേഷമുള്ള തുന്നൽ വഴിയോ മറ്റോ അകത്തു കടന്നിരിക്കാമെന്നാണു നിഗമനം. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വിദഗ്ധ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

