അടൂർ നഗരത്തിൽ സേവനമനുഷ്ഠിക്കുന്ന പൊലീസ് ക്യാംപിലെ ഹവിൽദാറെ അശ്ലീല ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അടൂർ ആംഡ് പൊലീസ് മൂന്നാം ബറ്റാലിയൻ പൊലീസ് ക്യാംപിലെ ഹവിൽദാറുമായ സഞ്ജു കൃഷ്ണൻ ആണ് നടപടിക്ക് വിധേയനായത്.
സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ പെരുമാറിയതിനും കടുത്ത അച്ചടക്ക ലംഘനം നടത്തിയതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വകുപ്പ് തല നടപടി. കഴിഞ്ഞ ദിവസമാണ് വിവാദമായ ദൃശ്യം ഇയാൾ തന്റെ വാട്സാപ്പ് സ്റ്റാറ്റസായി അപ്ലോഡ് ചെയ്തത്.
പിന്നീട് ഇത് വൈകിട്ടോടെ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്യുകയും, ഇതിന് പിന്നാലെ മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള മറ്റൊരു സ്റ്റാറ്റസ് കൂടി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും സേനയ്ക്ക് വലിയ രീതിയിൽ അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തതോടെയാണ് അധികൃതർ കർശന നടപടിയിലേക്ക് കടന്നത്.
വിഷയം ഗൗരവമായി പരിഗണിച്ച ക്യാംപ് കമൻഡാന്റ് മനോജ് കെ.നായർ ഉദ്യോഗസ്ഥനെതിരെ ഔദ്യോഗികമായി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

