കല്ലമ്പലം∙കരവാരം പഞ്ചായത്തിലെ വിവിധ മേഖലകളിലൂടെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി സർവീസ് പാരിപ്പള്ളി മെഡിക്കൽ കോളജ് വരെ നീട്ടണം എന്ന് നാട്ടുകാരുടെ ആവശ്യം ഇതുവരെ പരിഗണിച്ചില്ലെന്ന് പരാതി. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് കരവാരം പഞ്ചായത്തിലെ പട്ടള, വഞ്ചിയൂർ, നെടുമ്പറമ്പ് വഴി കല്ലമ്പലം വരെയും അവിടുന്ന് തിരുവനന്തപുരത്തേക്കും ആണ് നിലവിലെ സർവീസ്. നിത്യവും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്ന ധാരാളം പേർ മേഖലയിലുണ്ട്. സമയത്ത് എത്താനാകാതെ ഇവർ വലയുന്നു എന്നാണ് പരാതി.
കൂടാതെ ഉച്ച സമയത്തു കൂടി ഇതേ സർവീസ് തുടരണം എന്ന ആവശ്യവും ശക്തമാണ്. ആശുപത്രിയിൽ പോയി തിരിച്ചു വരുന്ന സാധാരണക്കാർക്ക് ഇത് ഉപകാരപ്രദമാകും.
കൂടാതെ ബസ് സൗകര്യം തീരെ കുറവായ തോട്ടക്കാട് കരവാരം പഞ്ചായത്ത്, പിഎച്ച്സി, കൃഷിഭവൻ, മൃഗാശുപത്രി, കുടുംബശ്രീ ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിൽ എത്തുന്നവർക്കും പ്രയോജനപ്പെടും. ഇവിടെ എത്തുന്നവർ മണിക്കൂറുകൾ കാത്തിരുന്ന് രണ്ടും മൂന്നും ബസുകൾ കയറിയാണ് സഞ്ചരിക്കുന്നത്.
കെഎസ്ആർടിസി ഈ സംവിധാനം ഏർപ്പെടുത്തിയാൽ ധാരാളം യാത്രക്കാരെയും കലക്ഷനും ലഭിക്കുമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.മതിയായ സർവീസ് ഇല്ലാത്തതിനാൽ മേഖലയിൽ യാത്രാ ക്ലേശം രൂക്ഷമാണ്.
കെഎസ്ആർടിസിയുടെ ഒറ്റ വണ്ടി ചെറിയ മാറ്റത്തിൽ ക്രമീകരിച്ചാൽ ഒരു പഞ്ചായത്തിന് മാത്രമല്ല മറ്റ് മേഖലയിലുള്ളവർക്കും ആശ്വാസമാകും എന്നാണ് വിലയിരുത്തുന്നത്. രാവിലെ 7.30ന് കല്ലമ്പലത്ത് വന്ന് പാരിപ്പള്ളിയിൽ എത്തി തിരികെ 8.30ന് വീണ്ടും കല്ലമ്പലത്ത് വരാൻ സാധിക്കും.
തുടർന്ന് 9.30ന് ആറ്റിങ്ങൽ വഴി 11ന് തിരുവനന്തപുരത്തെത്താം. 12.30ന് വീണ്ടും ആറ്റിങ്ങൽ എത്തി 1.15 ഓടെ കല്ലമ്പലം.
അവിടെ നിന്നു വീണ്ടും പാരിപ്പള്ളിയിലേക്കു സർവീസ് നടത്താം എന്ന നിർദേശങ്ങളും നാട്ടുകാർ പങ്കുവയ്ക്കുന്നു. ഇത് സംബന്ധിച്ച് നാട്ടുകാരുടെ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പരിഗണനയും ലഭിച്ചില്ലെന്നാണ് ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

