ഹരിപ്പാട് ∙ കരുവാറ്റ – വീയപുരം റോഡിലെ കൊപ്പാറക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് താഴുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു. പാലത്തിന്റെ കിഴക്കു ഭാഗത്തുള്ള അപ്രോച്ച് റോഡിനും പാലത്തിനും ഇടയിൽ ചെറിയ അകലം ഉണ്ടായതിനാൽ ചെറിയ വാഹനങ്ങൾക്കു പാലത്തിലേക്കു കയറാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.
പാലത്തിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങൾക്കു നിയന്ത്രണം നഷ്ടപ്പെട്ട് അപകടം പതിവാണ്. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നതിൽ അധികവും.
പാലത്തിനും റോഡിനും ഇടയിലുള്ള ഭാഗം നികത്തി ടാർ ചെയ്യണമെന്നാണു യാത്രക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം രണ്ട് ഇരുചക്രവാഹനയാത്രക്കാർക്ക് ഇവിടെ അപകടം സംഭവിച്ചിരുന്നു.
അപ്രോച്ച് റോഡിൽ പാലത്തിലേക്കു കയറുന്ന ഭാഗത്തു മെറ്റൽ ഇളകി കിടക്കുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്. പാലത്തിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ അപ്രോച്ച് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഇളകി കിടക്കുന്ന മെറ്റലിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ടുള്ള അപകടവും പതിവാണ്.
ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു പായിപ്പാട് ആയാപറമ്പ്, കൊപ്പാറക്കടവ് പാലം വഴി ദേശീയപാതയിൽ കരുവാറ്റ ടിബി ജംക്ഷനിൽ എത്തി ആലപ്പുഴയ്ക്കു ബസ് സർവീസ് ആരംഭിക്കുന്നതിനു തടസ്സമായി പറയുന്നതു പാലത്തിലേക്കു കയറുന്ന റോഡും പാലവും തമ്മിലുള്ള ചെറിയ താഴ്ചയാണ്. 4 വർഷം മുൻപ് പ്രശ്നം പരിഹരിച്ചിരുന്നു.
പരീക്ഷണ ഓട്ടം കെഎസ്ആർടിസി നടത്തുകയും ചെയ്തു. മൂന്നു മാസം മുൻപാണു വീണ്ടും പാലത്തിനും അപ്രോച്ച് റോഡിനും ഇടയിൽ ചെറിയ താഴ്ച രൂപപ്പെട്ടത്.
ഇത് ഇരുചക്രവാഹനങ്ങൾക്കു മാത്രമാണു പ്രശ്നം എന്നും വലിയ വാഹനങ്ങൾ പോകുന്നതിന് കുഴപ്പമില്ലെന്നും നാട്ടുകാർ പറയുന്നു. ദിവസവും ഒട്ടേറെ ടിപ്പർ ലോറികളാണ് ഇതുവഴി പോകുന്നത്. കോടികൾ മുടക്കി പാലം നിർമിച്ചിട്ടും ആയാപറമ്പ്, ആനാരി, പാണ്ടി, ചെറുതന നിവാസികളുടെ യാത്രാ ക്ലേശത്തിനു പരിഹാരമായിട്ടില്ല.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകണമെങ്കിൽ ഓട്ടോറിക്ഷ പിടിച്ച് കരുവാറ്റയിൽ എത്തണം. ആലപ്പുഴയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളും ബസ് സർവീസ് ഇല്ലാത്തതിനാൽ വലയുകയാണ്.
ബസ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി അധികൃതർ തയാറാകണം എന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

