നെയ്യാറ്റിൻകര ∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മീൻ, കേടാകാതിരിക്കാൻ അപകടകാരിയായ രാസവസ്തുക്കൾ ചേർക്കുന്നുവെന്നു പരാതി. കഴിഞ്ഞ ദിവസം ‘ചെമ്പല്ലി’ വിഭാഗത്തിൽപ്പെട്ട
മീൻ കഴിച്ചതിനെ തുടർന്ന് ഒട്ടേറെ പേർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതും ഇതേ രാസ പദാർഥങ്ങൾ അളവിൽ കൂടുതൽ ഉപയോഗിച്ചതിനാലാണെന്നും വിവരം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും ശാശ്വതമായ പരിഹാരം കാണാൻ തദ്ദേശ സ്ഥാപനങ്ങളോ ആരോഗ്യ വകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ, നഗരസഭയുടെ ടിബി ജംക്ഷൻ, ആറാലുംമൂട്, അമരവിള മാർക്കറ്റുകളിലും വ്ലാങ്ങാമുറി, ഓലത്താന്നി, പെരുമ്പഴുതൂർ, തൊഴുക്കൽ തുടങ്ങിയ ഇടങ്ങളിലുമാണു ദിവസവും മീൻ കച്ചവടം തകൃതിയായി നടക്കുന്നത്.
ഇതിൽ പ്രധാനപ്പെട്ട 3 മാർക്കറ്റുകളിലാണ് ഇതര സംസ്ഥാനത്തു നിന്ന് മീൻ എത്തിക്കുന്നത്.
ഇവിടെ ഒരു തരത്തിലുള്ള പരിശോധനകളും നടത്തുന്നില്ലെന്നു ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
താലൂക്കിലെ തന്നെ തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ, കോട്ടുകാൽ പഞ്ചായത്തുകളിലെ മീൻ കച്ചവടം നടത്തുന്ന ഇടങ്ങളിലെല്ലാം ഇതര സംസ്ഥാനത്ത് നിന്ന് എത്തിക്കുന്ന മീനിന്റെ സാന്നിധ്യമുണ്ട്.ഫോമാലിൻ, അമോണിയ തുടങ്ങിയ രാസപദാർഥങ്ങളാണ് മീൻ കേടാകാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് എന്നാണ് വിവരം. ഇതിൽ ഫോമാലിൻ മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവാണ്.
വേറെയും രാസ പദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അറിവുണ്ട്. ഇത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർ, എത്ര അളവിൽ ഉപയോഗിക്കണമെന്ന് കൃത്യമായി പറഞ്ഞു കൊടുക്കാറുണ്ട്.
എന്നാൽ ഈ അളവ് തെറ്റുമ്പോഴാണ് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.കുറഞ്ഞ അളവിലാണെങ്കിലും രാസവസ്തുക്കൾ മനുഷ്യന്റെ ഉള്ളിൽ എത്തിയാൽ ഭാവിയിൽ ഏതെല്ലാം രോഗങ്ങളിലേക്ക് നയിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ്. കാഴ്ചയിൽ നല്ലതെന്നു തോന്നിക്കുന്നതിനാലാണ് പലരും വലിയ വില നൽകി മീൻ വാങ്ങുന്നത്.
മീൻ കേടാകാതിരിക്കാൻ രാസ വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന വിവരം, കൊച്ചു കുട്ടികൾക്കു വരെ അറിയാം എങ്കിലും അധികൃതർ ഉണരാത്തതാണ് അഭ്ഭുതം. കഴിഞ്ഞ ദിവസം ചെമ്പല്ലി കഴിച്ചതിനെ തുടർന്ന് നാൽപതിൽ അധികം പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായിട്ടും പേരിനു മാത്രമൊരു പരിശോധനയാണ് ആരോഗ്യ വിഭാഗം നടത്തിയത്.മഹാരാഷ്ട്ര, ഗോവ, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടെ മീൻ എത്തിക്കുന്നത്. ഇവയിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോ എന്ന് പതിവായി പരിശോധിക്കണം എന്നതാണ് ജനത്തിന്റെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

