നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകരയിലെ സിനിമാ പ്രേമികൾക്ക് ഇപ്പോൾ വലിയ സന്തോഷം. ആഴ്ചയിൽ ഒരിക്കൽ സൗജന്യമായി സിനിമ കാണാം, സുഹൃത്തുക്കളുമായി ഒത്തു ചേരുകയും ചെയ്യാം.
നെയ്യാറ്റിൻകര നഗരസഭ നിർമിച്ച ജെ.സി.ഡാനിയേൽ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിലാണ് ഈ സൗകര്യം.നെയ്യാറ്റിൻകരയിൽ, ശുഭ, തമീൻസ്, എംവീസ് എന്നിങ്ങനെ 3 തീയറ്ററുകൾ ഉണ്ടായിരുന്നു. ഏതാണ്ട് ഒന്നര ദശാബ്ദത്തോളമായി ഇവ പൂട്ടി.
നാട്ടിൻപുറങ്ങളിൽ വരെ റിലീസിങ് തീയറ്ററുകൾ എത്തിയെങ്കിലും പട്ടണമായ നെയ്യാറ്റിൻകരയിൽ ഒരു തീയറ്റർ ഇല്ല എന്നത് സിനിമാ പ്രേമികളെ ഏറെ ദുഃഖിപ്പിച്ചിരുന്നു. പ്രത്യേകിച്ച് നെയ്യാറ്റിൻകര പട്ടണത്തിലുള്ളവരെ.
ആദ്യമായി പ്രദർശിപ്പിച്ച സിനിമ, മോഹൻലാലിന്റെ ‘ഹൃദയപൂർവം’ ആയിരുന്നു.
വളരെ ആവേശത്തോടെയാണ് ലാൽ ഫാൻസ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്. അടുത്ത ഊഴം മമ്മൂട്ടിക്ക് നൽകണമെന്നായിരുന്നു അദേഹത്തെ സ്നേഹിക്കുന്നവരുടെ താൽപര്യം. മമ്മൂട്ടിയുടെ പുതിയ സിനിമകൾ ഇല്ലാത്തതിനാൽ മകൻ ദുൽക്കർ സൽമാൻ ഒരുക്കിയ ‘ലോക – ചാപ്റ്റർ വൺ ചന്ദ്ര’ പ്രദർശിപ്പിച്ചു താൽക്കാലിക ആശ്വാസം നേടി.
പിന്നെ, ക്രിക്കറ്റ് ലോക കപ്പിൽ ഇന്ത്യൻ വനിതകൾ മുത്തമിട്ടമിട്ടതും ഇതേ സ്ക്രീനിൽ പ്രേക്ഷകർ ആവേശത്തോടെ കണ്ടു. ഇന്ത്യ വെന്നിക്കൊടി പാറിക്കുക കൂടി ചെയ്തതോടെ ആഹ്ലാദാരവങ്ങൾക്ക് അതിരില്ലാതെയായി.
നഗരസഭാ സ്റ്റേഡിയത്തിന്റെ ഒരുവശത്താണ് ജെ.സി.ഡാനിയേൽ ഓപ്പൺ ഓഡിറ്റോറിയം.
55 ലക്ഷം രൂപ ചെലവിട്ടായിരുന്നു നിർമാണം. ചലച്ചിത്ര പ്രദർശനത്തിനായി 24 ലക്ഷം രൂപ വിനിയോഗിച്ച് പ്രൊജക്ടർ സ്ഥാപിച്ച് ശബ്ദ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
പടിക്കെട്ടുകളുടെ മാതൃകയിലാണ് ഇരിപ്പിടങ്ങൾ. ‘നെയ്യാർ വരമൊഴി’യാണ് വേദി സജ്ജീകരിച്ചത്.
250 പേർക്ക് ഒരേസമയം ഒത്തുകൂടാൻ സൗകര്യമുണ്ട്. നിലവിൽ ഒടിടിയിലെ സിനിമകൾ ആണ് പ്രദർശിപ്പിക്കുന്നത്.
വരും ദിവസങ്ങളിൽ രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്ന തരം സിനിമകളും ഇവിടെ പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുമെന്ന് നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ പറഞ്ഞു. ഓപ്പൺ ഓഡിറ്റോറിയത്തിനു സമീപത്തു തന്നെ മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ പ്രതിമയുമുണ്ട്. ആ പ്രതിമയ്ക്കു സമീപത്തിരുന്ന് ‘സിനിമ’ ആസ്വദിക്കുമ്പോൾ, സിനിമയുടെ പിതാവിന് അക്ഷരാർഥത്തിൽ അതൊരു ആദരവും കൂടിയാകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

