സംസ്ഥാനത്ത് മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും ഹാനികരമായ പ്രവൃത്തികളും കർശനമായി തടയുന്നതിനുള്ള നിയമനിർമാണത്തിനായി വിദഗ്ധ സമിതി അന്തിമ റിപ്പോർട്ടും കേരള പ്രിവൻഷൻ ഓഫ് ബ്ലാക്ക് മാജിക് ബിൽ 2026 കരട് ബില്ലും സർക്കാരിന് കൈമാറി. കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് 2025 നവംബർ 12ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ സമിതി രൂപീകരിക്കപ്പെട്ടത്.
സാമൂഹിക, നിയമ, ഭരണഘടനാ മേഖലകൾ സമഗ്രമായി പരിശോധിച്ച സമിതി, നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും മറ്റ് സംസ്ഥാനങ്ങളിലെ നിയമവ്യവസ്ഥകളും വിശദമായി പഠനവിധേയമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള സംരക്ഷണങ്ങളും പൊതുജനങ്ങളിൽനിന്ന് ലഭിച്ച നിർദേശങ്ങളും പൂർണ്ണമായും ഉൾക്കൊണ്ടാണ് കേരളത്തിന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കരട് നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അമാനുഷികമോ അസാധാരണമായതോ ആയ ശക്തികൾ തങ്ങൾക്കുണ്ടെന്ന് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് പൊതുജനങ്ങളെ വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക, ചൂഷണം ചെയ്യുക, അതുവഴി ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ കനത്ത ദോഷങ്ങൾ വരുത്തിവെക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികൾ തടയുകയാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം തന്നെ, ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യവും നിയമപരമായ മത-പരമ്പരാഗത ആചാരങ്ങളും യാതൊരുവിധത്തിലും ഹനിക്കപ്പെടാത്ത തരത്തിലുള്ള സംരക്ഷണ വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള നിയമപരിഷ്കരണ കമ്മിഷൻ വൈസ് ചെയർമാനും മുൻ നിയമ സെക്രട്ടറിയും മുൻ ജില്ലാ ജഡ്ജിയുമായ കെ. ശശിധരൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവിയും മുൻ ഡിജിപിയുമായ ജേക്കബ് പുന്നൂസ് എന്നിവരാണ് ഈ നിർണായക സമിതിയിലെ അംഗങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

