തിരുവനന്തപുരം ∙ കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ – കെഎസ്ആർടിസി ഡ്രൈവർ എൽ.എച്ച്.യദു തർക്കത്തിലെ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങളുടെ മെമ്മറി കാർഡ് എവിടെയെന്നത് ഇപ്പോഴും അജ്ഞാതം. മെമ്മറി കാർഡ് ഇതു വരെ കണ്ടെത്താനായിട്ടില്ല എന്നാണ് കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശം.
2023 നവംബറിൽ ബസിൽ നിരീക്ഷണ ക്യാമറ ഘടിപ്പിച്ചു എന്നാണ് ബസിനുള്ളിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച കമ്പനി അറിയിച്ചത്. ഈ കാർഡാണ് ഇപ്പോൾ ‘കാണാതായത്’.
മേയറെ രക്ഷിക്കാനാണ് മെമ്മറി കാർഡ് ഒളിപ്പിച്ചതെന്നായിരുന്നു ബസ് ഡ്രൈവർ യദുവിന്റെ ആരോപണം. മെമ്മറി കാർഡിനെക്കുറിച്ച് ഉള്ള കുറ്റപത്രത്തിലെ പരാമർശം ഇതു സംബന്ധിച്ച ആരോപണങ്ങൾക്ക് ബലം കൂട്ടുകയാണ്.
കെഎസ്ആർടിസി ബസിനുള്ളിൽ എന്താണു നടന്നത് എന്നു കണ്ടെത്താനുള്ള ഏക മാർഗം ബസിലുണ്ടായിരുന്ന സിസിടിവിയുടെ മെമ്മറി കാർഡായിരുന്നു.
പൊലീസ് ഇതു കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയപ്പോൾ തന്നെ മെമ്മറി കാർഡ് കാണാതായി. കാർഡ് കണ്ടെത്താനായി ഫൊറൻസിക് പരിശോധന വരെ പൊലീസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രണ്ടു മാസം കഴിഞ്ഞപ്പോൾ മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം പൊലീസ് ഏതാണ്ട് ഉപേക്ഷിച്ച നിലയിലുമായി. മേയറുടെ ഭർത്താവ് സച്ചിൻദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും ഇല്ലെന്നുമൊക്കെയുള്ള മൊഴികൾക്ക് തെളിവ് ആകേണ്ടിയിരുന്നതും മെമ്മറി കാർഡിലെ ദൃശ്യങ്ങളായിരുന്നു.
ബസിലെ സിസിടിവി പരിശോധിക്കണമെന്നും ആ തെളിവുകൾ ഇല്ലായ്മ ചെയ്യാൻ സാധ്യതയുണ്ടെന്നും സംഭവം നടന്ന ദിവസം മുതൽ യദു ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 27ന് രാത്രി 10 നായിരുന്നു കേസിനാസ്പദമായ സംഭവമെങ്കിലും മെമ്മറി കാർഡിന്റെ സാധ്യതകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത് ഏപ്രിൽ 30നായിരുന്നു. സിസിടിവി പരിശോധിക്കാൻ സൗകര്യമൊരുക്കണമെന്ന് കന്റോൺമെന്റ് പൊലീസ് തമ്പാനൂർ കെഎസ്ആർടിസി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അന്നു ബസ് തൃശൂരിലേക്ക് സർവീസിനായി പുറപ്പെട്ടിരുന്നു.
മേയ് 1ന് മെമ്മറി കാർഡ് പരിശോധിക്കാൻ ചീഫ് ഓഫിസിലെ ടെക്നിക്കൽ വിഭാഗം അനുമതി നൽകി. അന്നു പൊലീസ് സംഘം ഡിപ്പോയിലെത്തി പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് നഷ്ടമായെന്നു മനസ്സിലായത്.
മേയർ ആര്യയെയും സച്ചിൻദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം
തിരുവനന്തപുരം ∙ കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻദേവിനെയും ഒഴിവാക്കി പൊലീസിന്റെ കുറ്റപത്രം.
മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണു പ്രതിയെന്നു കന്റോൺമെന്റ് പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഗതാഗത നിയമലംഘനം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയനുസരിച്ചുള്ള വകുപ്പുകൾ മാത്രമാണ് അരവിന്ദിനെതിരെ ചുമത്തിയത്.
ഇതിന് കുറഞ്ഞത് 5,000 രൂപ പിഴയും, തുക ഒടുക്കിയില്ലെങ്കിൽ 3 മാസം തടവും മാത്രമാണ് ശിക്ഷ.
2024 ഏപ്രിൽ 27നു രാത്രി 10 നായിരുന്നു സംഭവം. കാർ ഓടിച്ചിരുന്നത് അരവിന്ദായിരുന്നു.
അരവിന്ദിന്റെ ഭാര്യയെയും സുഹൃത്തിനെയും കേസിൽനിന്ന് ഒഴിവാക്കി. മുൻ എംപാനൽ ഡ്രൈവറും വെള്ളായണി സ്വദേശിയുമായ എൽ.എച്ച്.യദുവിനെതിരെയായിരുന്നു ആക്രമണം.
മേയർക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ യദുവിനെതിരെ മ്യൂസിയം പൊലീസ് ഉടൻ കുറ്റപത്രം നൽകും. സച്ചിൻദേവ് എംഎൽഎ ബസിൽ അതിക്രമിച്ചുകയറിയെന്ന് യദു പരാതിപ്പെട്ടിരുന്നെങ്കിലും ഹൈഡ്രോളിക് സംവിധാനമുള്ളതിനാൽ ഡ്രൈവർ ഡോർ തുറന്നു കൊടുക്കാതെ ബസിൽ കയറാനാവില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.
എംഎൽഎ അസഭ്യം പറഞ്ഞതിന് സാക്ഷിമൊഴികളില്ല.
ഡ്രൈവർ മോശം ആംഗ്യം കാണിച്ചതു ചോദ്യം ചെയ്യുക മാത്രമാണു സച്ചിൻ ദേവിന്റെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപത്രത്തിൽ പറയുന്നു. എഫ്ഐആറിൽ മേയറും എംഎൽഎയും ഉൾപ്പെടെ 5 പേരായിരുന്നു പ്രതിപ്പട്ടികയിൽ മേയർ ഉൾപ്പെടെ എഫ്ഐആറിൽ പേരുള്ള മുഴുവൻ പേരെയും കേസിൽ പ്രതികളാക്കണമെന്നും പൊലീസ് സമർപ്പിച്ച കുറ്റപത്രം തള്ളണമെന്നും അഭ്യർഥിച്ച് യദു കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിട്ടുണ്ട്.
സംഭവ ദിവസം തന്നോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ മാണിക്കൽ സ്വദേശി സുബിനെയും പ്രതിയാക്കണമെന്നും ബസിലുണ്ടായിരുന്ന മെമ്മറി കാർഡ് മേയർ അടക്കമുള്ള പ്രതികളുടെ സമ്മർദത്തെത്തുടർന്നു സുബിൻ നശിപ്പിച്ചെന്നും ആരോപിച്ചാണു പരാതി.
കോടതി 6 നു മൊഴി രേഖപ്പെടുത്തും. പൊലീസ് മടിച്ചതോടെ, യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച കോടതിയുടെ നിർദേശപ്രകാരമാണു കേസിൽ എഫ്ഐആർ ഇട്ടത്.
കെഎസ്ആർടിസിയിൽ ജോലിക്കു കയറാനാകാത്ത യദു ഇപ്പോൾ സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്.മേയറെയും ഭർത്താവിനെയും കേസിൽ നിന്ന് ഒഴിവാക്കുമെന്നു നേരത്തേ തന്നെ അറിയാമായിരുന്നുവെന്നും നീതി കിട്ടുംവരെ പൊരുതുമെന്നും യദു പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

