പോത്തൻകോട് ∙ ശുചിമുറിയോ, വൈദ്യുതിയോ ഇല്ല. തുള്ളി വെള്ളത്തിനും വഴിയില്ല.
ഇരുട്ടു നിറഞ്ഞ ഈ നാലു ചുമരുകൾക്കുള്ളിൽ രണ്ട് മനുഷ്യജീവനുകൾ നിസ്സഹായരായി കിടപ്പുണ്ട്– കാലിന് ചലനശേഷി നഷ്ടപ്പെട്ട മകനും രോഗങ്ങളാൽ തളർന്ന ഒരു അമ്മയും.
അതിദാരിദ്ര്യ നിർമാർജനത്തിന്റെ പേരിൽ ഊറ്റം കൊള്ളുന്നവർ പള്ളിപ്പുറം ടെക്നോസിറ്റിയിലെ വെള്ളൂർ കട്ടച്ചിറക്കോളം സ്വദേശി സുലോചനയുടെയും (65) മകൻ അനിയുടെയും (49) ദുരിത ജീവിതമൊന്നു കാണണം. തേയ്ക്കാത്ത 4 ചുമരുകൾക്ക് മീതേ പാകിയ തകര ഷീറ്റുകൾ തുരുമ്പെടുത്തു നശിച്ചു.
മഴവെള്ളം ഇറങ്ങാതിരിക്കാൻ മേൽക്കൂരയിൽ ടാർപോളിൻ വലിച്ചു കെട്ടിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത, തറയിടാത്ത ഈ കൂരയെ വീട് എന്ന് പോലും വിളിക്കാനാകില്ല.
കഞ്ഞിവയ്ക്കുന്നതും കുടിക്കുന്നതും കിടക്കുന്നതുമെല്ലാം ഒരു മുറിയിൽ തന്നെ.
വാതിലും ജനാലകളും ഇല്ലാത്തതിനാൽ നായ്ക്കളും ഇഴജന്തുക്കളും രാത്രി മുറിയിലേക്ക് കയറിവരും. ‘എന്തും സഹിക്കാം.
വെളളം ഇല്ലാത്തതല്ലേ കഷ്ടം. സ്വന്തമായി ഒരു കിണറോ, പൈപ്പോ ഉണ്ടെങ്കിൽ പച്ചവെള്ളം കുടിച്ചെങ്കിലും കിടക്കാമായിരുന്നു.
രാവിലെ എഴുന്നേറ്റാൽ നിരങ്ങി നീങ്ങി വാതിലിനടുത്ത് വന്ന് പുറത്തേക്ക് നോക്കിയിരിക്കും. വഴിയേ പോകുന്ന ആരോടെങ്കിലും പറഞ്ഞ് ഒരു കുടം വെള്ളം എത്തിക്കും.
ആരും സഹായിച്ചില്ലെങ്കിൽ അന്ന് കഞ്ഞിക്ക് അരിയിടില്ല. വിശപ്പ് സഹിക്കാതെ വരുമ്പോൾ പച്ചമാവിൽ പഞ്ചസാരയിട്ട് കഴിക്കും’–സുലോചന പറഞ്ഞു.
15 വർഷം മുൻപാണ് കെട്ടിടനിർമാണ തൊഴിലാളിയായ അനിയുടെ കാലിലെ ഞരമ്പുകൾ ചുരുങ്ങി പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയായത്.
ഇതോടെ പഞ്ചായത്ത് അനുവദിച്ച വീട്, പണിതീരാതെ നാല് ചുവരുകൾ മാത്രമായി ഒതുങ്ങി. വീട് പണി പൂർത്തിയാക്കാത്തതിന്റെ സാങ്കേതികത്വം പറഞ്ഞ് പഞ്ചായത്തിൽ നിന്നും വീട്ടു നമ്പർ അനുവദിച്ചില്ല.
ഇതു കാരണം പൈപ്പ് കണക്ഷനും വൈദ്യുതിയും ഇവർക്ക് കിട്ടാതെയായി. ദുരിതത്തിൽ പൊറുതി മുട്ടിയതോടെ കുറെ നാൾ ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം.
അവിടെ നിൽക്കാൻ കഴിയാതെ വന്നതോടെ വീണ്ടും ഇവിടേക്ക് മടങ്ങി എത്തി. ഭക്ഷ്യ മന്ത്രിയുടെ മണ്ഡലത്തിൽ വെള്ളവും വൈദ്യുതിയും ശുചിമുറിയും ഇല്ലാത്ത ഈ വീട്ടിൽ കഴിയുന്ന കുടുംബം അതിദരിദ്രരുടെ പട്ടികയിൽ ഇല്ല.
‘ബിപിഎൽ റേഷൻ കാർഡുണ്ട്. ക്ഷേമ പെൻഷൻ കിട്ടുമെങ്കിലും അത് മരുന്ന് വാങ്ങാൻ പോലും തികയില്ല’– സുലോചന പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

