പത്തനംതിട്ട ആറന്മുള ഇടശ്ശേരിമല മണക്കാലിൽ താമസിക്കുന്ന വത്സലയുടെ (62) ശരീരത്തിൽ അവശേഷിക്കുന്ന സൂചിയുടെ ഭാഗം കണ്ടെത്താനായി നടത്തിയ സിടി സ്കാനിങ്ങിൽ വ്യക്തത ലഭിച്ചില്ല. മൂന്നു വർഷം മുൻപ് ജില്ലാ ആശുപത്രിയിൽ നിന്നു കുത്തിവയ്പ് എടുത്തപ്പോൾ സൂചി ഒടിഞ്ഞു ശരീരത്തിനുള്ളിൽ കുടുങ്ങിയെന്ന പരാതിയെത്തുടർന്നാണ് ഇന്നലെ ജനറൽ ആശുപത്രിയിൽ സിടി സ്കാൻ പരിശോധന നടത്തിയത്.
മൂന്നു വർഷത്തോളമായി കുത്തിവയ്പ് എടുത്ത ഭാഗത്ത് വത്സല വേദനയും തടിപ്പും അനുഭവപ്പെട്ടിരുന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. അടുത്തിടെ വേദനയുണ്ടായ ഭാഗത്തു തഴുകി നോക്കിയപ്പോൾ എന്തോ തടയുന്നതായി അനുഭവപ്പെട്ടതിനെത്തുടർന്ന് ഈ മാസം 19-ന് ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
അവിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ സൂചിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ എടുത്ത എക്സ്റേയിൽ സൂചി പൂർണ്ണരൂപത്തിൽ കാണാൻ സാധിച്ചിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിൽ സൂചി ഒടിഞ്ഞു രണ്ടു ഭാഗങ്ങളായതായി കണ്ടെത്തി. അതിൽ ഒരു ഭാഗം അന്നേ ദിവസം തന്നെ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്യുകയും ചെയ്തു.
ബാക്കി ഭാഗം പുറത്തെടുക്കുന്നതിനായി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ആശുപത്രിയിൽ എത്താൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ആദ്യം നൽകിയ റിപ്പോർട്ടിൽ സൂചി കണ്ടെത്താനായില്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് ഡിഎംഒ അറിയിച്ചിരുന്നത്. എന്നാൽ ഈ റിപ്പോർട്ട് തള്ളിയ മന്ത്രി വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു.
തുടർന്ന് മുറിവിന് മരുന്ന് വെക്കുന്നതിനായി ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് കൂടുതൽ വ്യക്തതയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സിടി സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചത്.
ഇന്നലെ നടത്തിയ പരിശോധനയിൽ ശരീരത്തിൽ ചെറിയൊരു വീക്കം മാത്രമാണ് കാണാൻ കഴിഞ്ഞത്. വിഷയത്തിൽ കൂടുതൽ പരിശോധനയ്ക്കായി വത്സലയോട് വീണ്ടും എത്താൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ സ്വകാര്യ ലാബിൽ സിടി സ്കാൻ നടത്തി സൂചിയുടെ ഭാഗം കണ്ടെത്താൻ കഴിയുമോ എന്ന പരിശോധനയിലാണ് ബന്ധുക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

