ആറന്മുള∙ ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ ദേവസ്വം ജീവനക്കാരുടെ വിശ്രമം. പാർഥസാരഥി ക്ഷേത്രത്തിനു മുൻവശത്തുള്ള കാണിക്കവഞ്ചിക്ക് എതിർ വശത്തെ ദേവസ്വം ബോർഡ് റെസ്റ്റ് ഹൗസാണു നിലം പൊത്താറായി നിൽക്കുന്നത്.
പില്ലറുകളുടെയും മേൽക്കൂരയുടെയും സിമന്റ് മുഴുവൻ ഇടിഞ്ഞു വീണു കമ്പി തെളിഞ്ഞു നിൽക്കുന്ന സ്ഥിതിയാണുള്ളത്. ചില ഭാഗങ്ങളിൽ ഷേയ്ഡിന്റെ കോൺക്രീറ്റിങ് മുഴുവൻ തകർന്നു കമ്പി മാത്രമായി നിൽക്കുന്നു. കെട്ടിടത്തിന്റെ രണ്ടു വശത്തും കാടുകൾ വളർന്നു നിൽക്കുന്നത് ഇഴജന്തുക്കൾക്കു സഹായകരമാണ്.
കെട്ടിടത്തിലേക്കു കാട്ടുവള്ളികൾ പടർന്നു കയറിക്കിടക്കുന്നതു കണ്ടാൽ പ്രേതാലയമെന്നു വിശേഷിപ്പിക്കേണ്ട സ്ഥിതിയാണ്.
ജനലുകൾ പലതും ഇളകിയ നിലയിലാണ്.
മുകൾ നിലയിലേക്കുള്ള കോണിപ്പടികളിൽ വിള്ളൽ വീണിരിക്കുന്നു.ടി.എൻ.ഉപേന്ദ്രനാഥക്കുറുപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഇരിക്കുമ്പോഴാണ് 1981 മേയിൽ റെസ്റ്റ് ഹൗസിനു തറക്കല്ലിട്ടത്. രണ്ടര വർഷം കൊണ്ടു കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി 1983 ഒക്ടോബറിൽ അദ്ദേഹം തന്നെയാണ് ഇതു തുറന്നു നൽകിയത്. താഴത്തെ നിലയിൽ 2 മുറിയും ശുചിമുറിയും ഒന്നാം നിലയിൽ 3 മുറികളും മീറ്റിങ് ഹാളും ഉൾപ്പെടെ 5 മുറിയും ഉള്ള കെട്ടിടത്തിലാണ് ചില ഘട്ടങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ളവരും ജീവനക്കാരും താമസിച്ചിരുന്നത്.
ഉപദേശകസമിതി യോഗങ്ങൾ നടന്നു വന്നിരുന്നതും ഇവിടെയായിരുന്നു.
2018ലെ പ്രളയത്തിൽ താഴത്തെ നില പൂർണമായും വെളളത്തിനടിയിൽ ആയതിനു ശേഷമാണു കെട്ടിടത്തിൽ താമസക്കാർ കുറഞ്ഞത്. നിലവിൽ ദേവസ്വം ജീവനക്കാർ പ്രാഥമികകൃത്യം നിറവേറ്റാനും വിശ്രമിക്കാനും മാത്രമാണ് ഇവിടെ എത്തുന്നത്.
ഇവിടെ പുതിയ കെട്ടിടം നിർമിച്ച് താഴത്തെ നിലയിൽ ശുചിമുറി സമുച്ചയവും ക്ലോക്ക് റൂമും മുകൾ നിലകളിൽ താമസ സൗകര്യവും ഒരുക്കിയാൽ അകലെ നിന്നെ ത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യമാകും. ദേവസ്വം ബോർഡിന് വരുമാനവുമാകും.
മനോജ് മാധവശേരിൽ, തെക്കേമുറി പള്ളിയോടം പ്രസിഡന്റ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

