പത്തനംതിട്ട∙ ഇടത് ആധിപത്യം ജില്ലയിൽ വീണ്ടും ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്ക് ഇറങ്ങിയ എൽഡിഎഫിനും സിപിഎമ്മിനും അപ്രതീക്ഷിത ആഘാതം. തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമായി ശബരിമല സ്വർണ കൊള്ള ഉന്നയിക്കുമെന്ന് കോൺഗ്രസ്, ബിജെപി ജില്ലാ നേതൃത്വങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മുൻ എംഎൽഎയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ എ.പത്മകുമാറിന്റെ അറസ്റ്റ് കൂടി സംഭവിച്ചതോടെ പ്രതിരോധത്തിലേക്ക് നീങ്ങേണ്ട
സ്ഥിതിയിലായി ഇടതുപക്ഷം. ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികൾക്ക് സ്വീകരണമുൾപ്പെടെ നൽകിയ മുന്നണി നേതൃത്വം ശുഭപ്രതീക്ഷയോടെയാണു ഇന്നലെയും നഗരത്തിൽ നിലയുറപ്പിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയചരിത്രമായിരുന്നു പിൻബലം.
53 പഞ്ചായത്തിൽ 37 എണ്ണവും എൽഡിഎഫാണ് ഭരിക്കുന്നത്. 8 ബ്ലോക്ക് പഞ്ചായത്തുകളിൽ ഭൂരിപക്ഷവും മുന്നണിക്ക് തന്നെ.
ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിൽ 12 സീറ്റും ഇടതുപക്ഷം കൈപ്പിടിയിലൊതുക്കി. 4 നഗരസഭകളിൽ 2 എണ്ണവും നേടി.
ഈ മിന്നും ജയം വീണ്ടും സംഭവിക്കുമെന്ന പ്രതീക്ഷയോടെ സിപിഎമ്മും കരുക്കൾ നീക്കിയിരുന്നു. എന്നാൽ, ഇനി കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നതും തിരിച്ചറിയുന്നുണ്ട്.
മുൻകരുതലെടുത്ത് സിപിഎം
പത്മകുമാറിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടി രാഷ്ട്രീയ എതിരാളികൾ സൃഷ്ടിക്കാൻ പോകുന്ന പ്രചാരണ കോലാഹലങ്ങളെ പ്രതിരോധിക്കുന്നതിനും സിപിഎം ജില്ലാനേതൃത്വം മുൻകരുതലെടുക്കുന്നുണ്ട്.
പ്രതിസന്ധിയിൽ നിന്നും എങ്ങനെ കരകയറാനാകുമെന്നതിനെ കുറിച്ച് ജില്ലയിലെ ചില മുതിർന്ന സിപിഎം നേതാക്കൾ തമ്മിൽ ആശയവിനിമയം നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ ശബരിമലയിലെ സ്വർണക്കൊള്ള ചർച്ച ചെയ്യുന്നതിൽ ഭീതി വേണ്ടെന്ന അഭിപ്രായവും ഇടത് നേതൃത്വത്തിനുണ്ട്.
സ്വർണക്കൊള്ള വിഷയത്തിൽ കുറ്റക്കാർ ആരായാലും സംരക്ഷിക്കപ്പെടില്ലെന്ന സംസ്ഥാന സർക്കാരിന്റെയും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടണമെന്ന അഭിപ്രായവും ശക്തമാണ്. സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കിനെ തുടർന്നുള്ള വിവാദം പത്മകുമാറിന് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്വം നഷ്ടമാക്കിയിരുന്നു.ജില്ലാ കമ്മിറ്റിയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കണോ എന്നതിനെ കുറിച്ച് കേസിന്റെ വിശദാംശങ്ങൾ മനസ്സിലാക്കിയ ശേഷം തീരുമാനമെടുക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
ജില്ലാ കമ്മിറ്റി രൂപീകൃതമായ കാലം മുതൽ പത്മകുമാർ കമ്മിറ്റിയംഗമാണ്.
കുറ്റവാളികൾ സംരക്ഷിക്കപ്പെടില്ലെന്നു രാജു ഏബ്രഹാം
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ കുറ്റവാളികൾ ആരൊക്കെയാണെങ്കിലും അവർക്കെതിരെ എല്ലാം നടപടി വേണമെന്നതാണ് പാർട്ടിയുടെ നിലപാടെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. കുറ്റക്കാർ സംരക്ഷിക്കപ്പെടില്ല. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന കർശന നിലപാടിനെ പൊതുസമൂഹം സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഒന്നടങ്കം കളങ്കിതമായിയെന്ന് പഴകുളം മധു
വിവാദങ്ങൾ പലതവണ സൃഷ്ടിച്ചിട്ടും സിപിഎം നേതൃത്വം എ.പത്മകുമാറിനെ സംരക്ഷിച്ചത് ശബരിമല സ്വർണക്കൊള്ളയുടെ ഇടപാടുകളിൽ നേതൃത്വത്തിന് അറിവും പങ്കും ഉള്ളതുകൊണ്ടാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. സ്വർണക്കൊള്ളയിൽ മുഖ്യപ്രതി സ്ഥാനത്തേക്ക് വന്ന പത്മകുമാറിനെ ഇപ്പോഴും പാർട്ടി സംരക്ഷിക്കുന്നത് ഈ ഇടപാടിൽ പാർട്ടിയും പങ്ക് പറ്റിയിട്ടുണ്ട് എന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

