സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി വാങ്ങിയ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യപ്പെടാതെ നശിക്കുന്നു. സർക്കാർ പദ്ധതി പ്രകാരം നൂറു ശതമാനം സബ്സിഡി നിരക്കിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കേണ്ട
കപ്പുകളാണ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് വിതരണം മുടങ്ങിക്കിടക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് പ്രതിസന്ധിയിലാകാൻ പ്രധാന കാരണം ഗുണഭോക്താക്കൾക്ക് നൽകേണ്ടിയിരുന്ന നിർബന്ധിത ബോധവൽക്കരണ ക്ലാസുകൾ പലയിടത്തും സംഘടിപ്പിക്കാത്തതാണ്.
ഉപകേന്ദ്രങ്ങളിലേക്ക് കപ്പുകൾ എത്തിച്ചെങ്കിലും അവ അർഹരായവരിലേക്ക് എത്തിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. വിവിധ പഞ്ചായത്തുകളിലെ കണക്കുകൾ പദ്ധതി നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നാരങ്ങാനം പഞ്ചായത്തിൽ വികസന ഫണ്ടിൽ നിന്ന് 3.44 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 1150 കപ്പുകളിൽ 205 എണ്ണം മാത്രമാണ് വിതരണം ചെയ്യാനായത്. ബാക്കി 945 എണ്ണം കടമ്മനിട്ട
കുടുംബാരോഗ്യ കേന്ദ്രത്തിലും വിവിധ ഉപകേന്ദ്രങ്ങളിലുമായി ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്നു. പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ ചെലവിൽ വാങ്ങിയ 333 കപ്പുകളിൽ ഒരെണ്ണം പോലും വിതരണം ചെയ്യാതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കെട്ടിക്കിടക്കുകയാണ്.
ഗുണഭോക്താക്കളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താതെ പദ്ധതി ആവിഷ്കരിച്ചതാണ് ഇവിടെ തിരിച്ചടിയായത്. കോന്നിയിൽ 52 കപ്പുകൾ വിതരണം ചെയ്യപ്പെടാതെ കിടക്കുന്നു.
കടപ്ര പഞ്ചായത്തിൽ 2.95 ലക്ഷം രൂപയ്ക്ക് 985 കപ്പുകൾ വാങ്ങിയെങ്കിലും, പട്ടികയിലുണ്ടായിരുന്ന 80 ഗുണഭോക്താക്കളിൽ 23 എണ്ണം മാത്രമേ വിതരണം ചെയ്തിട്ടുള്ളൂവെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറ്റൂർ പഞ്ചായത്തിൽ വാങ്ങിയ 1423 കപ്പുകളിൽ 571 എണ്ണം ഇപ്പോഴും വിതരണം ചെയ്യപ്പെടാതെ അവശേഷിക്കുന്നു.
പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ മെൻസ്ട്രൽ കപ്പുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്നവയാണ്. എന്നാൽ, ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കുന്നതിൽ അധികൃതർ വരുത്തിയ വീഴ്ച പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെത്തന്നെ അട്ടിമറിച്ചിരിക്കുകയാണ്.
ആശാ പ്രവർത്തകരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെ അടിയന്തരമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചാൽ മാത്രമേ ഈ പദ്ധതിയുടെ ഗുണഫലം അർഹരായവരിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

