കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരികെ എത്തിക്കാനും അവിടെത്തന്നെ മികച്ച വേതനത്തിൽ തൊഴിൽ ലഭ്യമാക്കാനുമായി ബംഗാൾ സർക്കാർ പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കേരളത്തിൽ തൊഴിലെടുക്കുന്ന സ്വന്തം സംസ്ഥാനത്തെ പൗരന്മാരോട് നാട്ടിലേക്ക് തിരിച്ചുവരുവാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു.
ഈ ആഹ്വാനം സ്വീകരിച്ച് തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയാൽ അത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക കേരളത്തിന്റെ വിപണിയെയും നിർമ്മാണ മേഖലയെയുമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത് മുൻപ് കേരളത്തിന് വലിയ തിരിച്ചടിയായിരുന്നു.
ഹോട്ടൽ-റസ്റ്റോറന്റ് മേഖല, നിർമ്മാണ രംഗം, വിവിധ ഫാക്ടറികൾ എന്നിവയെല്ലാം തൊഴിലാളിക്ഷാമം മൂലം കടുത്ത പ്രതിസന്ധിയിലാവുകയും പല സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിടേണ്ടി വരികയും ചെയ്തിരുന്നു. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കണക്കുകൾ ജില്ലാ അടിസ്ഥാനത്തിൽ ബംഗാൾ സർക്കാർ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്.
പഞ്ചായത്ത് ആൻഡ് റൂറൽ ഡെവലപ്മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് ഗ്രാമീൺ റോസ്ഗർ ഗ്യാരന്റി കാർഡ് (ജിആർജിസി) നൽകാനും ഉയർന്ന വേതനത്തോടുകൂടിയ തൊഴിൽ ഉറപ്പാക്കാനുമുള്ള നടപടികൾ ആരംഭിച്ചു. ജില്ലാ മജിസ്ട്രേറ്റാണ് മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി കാർഡ് (ആർഇജിസി) വിതരണം ചെയ്യുന്നത്.
ഈ കാർഡുള്ളവർക്ക് തൊഴിലുറപ്പ് പദ്ധതി (വിബി-ജി റാം ജി) പ്രകാരം ജോലി ലഭ്യമാക്കും. ബംഗാളിൽ നിന്നും ഒരു കുടുംബം പോലും തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിരവരുത് എന്ന നിലപാടിലാണ് സർക്കാർ.
ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലായി 22.24 ലക്ഷം ബംഗാൾ സ്വദേശികളാണ് തൊഴിലെടുക്കുന്നത്. ഇതിൽ 3.86 ലക്ഷം പേരും മൂർഷിദാബാദ് ജില്ലയിൽ നിന്നുള്ളവരാണ്.
മാൾഡ (2.86 ലക്ഷം), പശ്ചിം മേദിനിപ്പുർ (1.68 ലക്ഷം), നദീയ (1.61 ലക്ഷം), പുർബ മേദിനിപ്പുർ (1.57 ലക്ഷം), സൗത്ത് 24 പർഗനസ് (1.50 ലക്ഷം), നോർത്ത് 24 പർഗനസ് (1.27 ലക്ഷം) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തൊട്ടുപിന്നിലുള്ളത്. കേരളത്തിലെ സ്ഥിതി പരിശോധിക്കുമ്പോൾ, 2024 ലെ സംസ്ഥാന പ്ലാനിങ് ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 31 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയുള്ളത്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് 25 ലക്ഷം പേരെന്ന് പറയുമ്പോൾ, അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് ഇത് 40 ലക്ഷം കവിയും എന്നാണ്. ഇതിൽ പകുതിയോളം പേരും ബംഗാളിൽ നിന്നുള്ളവരാണ്.
അസം സ്വദേശികളാണ് തൊഴിൽ തേടി എത്തിയവരിൽ രണ്ടാം സ്ഥാനത്ത്. പ്രതിവർഷം ഏകദേശം 60,000 കോടി രൂപ കേരളത്തിൽ നിന്ന് സമ്പാദിക്കുന്ന ഇതര സംസ്ഥാനക്കാർ ഇതിൽ 20,000 കോടി രൂപ മാത്രമാണ് ഇവിടെ ചെലവഴിക്കുന്നത്.
ബാക്കി 40,000 കോടി രൂപയും അവർ സ്വന്തം നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. എങ്കിലും കേരളത്തിന്റെ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും വിപണിയുടെയും പ്രധാന നെടുംതൂണ് ഇവർ തന്നെയാണ്.
മലയാളികളുടെ ഷോപ്പിങ് ശീലങ്ങൾ മാളുകളിലേക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കും മാറിയപ്പോൾ പ്രാദേശിക വിപണിയിൽ സജീവമായി ഇടപെടുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവർ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയ സന്ദർഭങ്ങളിൽ കേരളത്തിലെ ബീഫ് വിപണി ഉൾപ്പെടെ കനത്ത തകർച്ച നേരിട്ടിരുന്നു.
സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം വ്യവസായ മേഖലയിൽ വലിയ മുന്നേറ്റവും വിപുലമായ തൊഴിലവസരങ്ങളുമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പ്രമുഖ പാലുൽപന്ന ബ്രാൻഡായ അമുൽ ബംഗാളിൽ വമ്പൻ ഐസ്ക്രീം പ്ലാന്റ് സ്ഥാപിക്കുന്നതും അദ്ദേഹം എടുത്തുപറഞ്ഞു. പ്രവർത്തനം നിലച്ചു കിടക്കുന്ന ഏകദേശം 25ഓളം തേയിലത്തോട്ടങ്ങളിൽ 12 എണ്ണം വരുന്ന രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
“ബംഗാളിലേക്ക് മടങ്ങിവരുന്നവർക്ക് തൊഴിൽ കാർഡ് നൽകും. ഇവർക്ക് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കും.
കേന്ദ്രം സൗജന്യ റേഷൻ നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് മുഖ്യമന്ത്രിയുടെ ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ നിന്ന് ആനുകൂല്യം നൽകും.
തിരിച്ചുവരുന്നവർക്ക് സംസ്ഥാനത്ത് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല” – സുവേന്ദു അധികാരി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

