പറക്കോട്∙ പറക്കോട്–ഐവർകാല റോഡിലെ കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ ഇന്നലെ പൂർത്തീകരിക്കുമെന്നുള്ള തീരുമാനം നടപ്പായില്ല. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ 26ന് അടൂർ ആർഡി ഓഫിസിൽ നടന്ന ജലഅതോറിറ്റി–പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു പൈപ്പിടൽ 15നു പൂർത്തീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നത്.
എന്നാൽ 15–ാം തീയതി ആയിട്ടും ഒരു വശത്തെ പൈപ്പിടൽ പോലും പൂർത്തിയായിട്ടില്ല. ഇത് പൂർത്തിയാക്കാൻ ഇനി 2 ദിവസം കൂടി വേണ്ടി വരും.
പൈപ്പിനു കുഴിയെടുത്ത ചില ഭാഗങ്ങളിൽ റോഡ് ഇടിഞ്ഞതും മഴയുമാണ് താമസം നേരിടുന്നതിന് കാരണമായി ജല അതോറിറ്റി അധികൃതർ പറയുന്നത്. ഇതു പൂർത്തിയായെങ്കിൽ മാത്രമേ മറുവശത്തെ പൈപ്പു മാറ്റിയിടാൻ കഴിയും.
പൈപ്പിടൽ പൂർത്തിയാകാത്തതിനാൽ ഈ റോഡു നവീകരണവും നീണ്ടു പോവുകയാണ്. റോഡിലെ ഗതാഗതം തടസ്സപ്പെട്ടിട്ടും അടൂർ ശുദ്ധജല പദ്ധതിയുടെ കീഴിൽ ജലവിതരണം മുടങ്ങിയിട്ടും 17 ദിവസം കഴിഞ്ഞു.
ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ റോഡിനിരുവശവമുള്ള വീട്ടുകാരും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ എത്തുന്നവരുമൊക്കെ ദുരിതമനുഭവിക്കുകയാണ്. അടൂർ ശുദ്ധജല പദ്ധതിയുടെ കീഴിലുള്ള അടൂർ നഗരസഭയിലെയും ഏനാദിമംഗലം, ഏഴംകുളം, പള്ളിക്കൽ, ഏറത്ത് എന്നീ പഞ്ചായത്തുകളിലെയും ജലവിതരണമാണ് മുടങ്ങിയത്.
ജലവിതരണ പദ്ധതിയുടെ പൈപ്പുലൈനുകളെ ആശ്രയിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയിടങ്ങളിൽ ഉള്ളവർ വെള്ളം കിട്ടാതെ വലയുകയാണ്.
ഓഫിസിലും മറ്റും സ്ഥാപനങ്ങളിലുമുള്ളവർ ഭക്ഷണം കഴിച്ചിട്ട് കൈകഴുകാൻ പോലും പ്രയാസപ്പെടുകയാണ്. ലോഡ്ജുകളിൽ താമസിക്കുന്നവരാണ് ദുരിതമനുഭവിക്കുന്നത്.
കഴിഞ്ഞ 25 മുതലാണ് ജല വിതരണം മുടങ്ങിയതാണ്. എന്നാൽ ഇതുവരെയും ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പകരം വെള്ളമെത്തിക്കാനുള്ള ഒരു നടപടിയും ജലഅതോറിറ്റി അധികൃതർ സ്വീകരിക്കാത്തതിനാൽ ജനങ്ങളാകെ പ്രതിഷേധത്തിലാണ്. ഇനിയും ഒരാഴ്ച കൂടി വെള്ളം കിട്ടാത്ത സ്ഥിതി ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
അങ്ങനെ യാത്ര ദുരിതം അനുഭവിച്ചും വെള്ളം കിട്ടാതെ വലഞ്ഞും കഴിയേണ്ടി വന്നിരിക്കുകയാണ് ജനങ്ങൾ.
“പറക്കോട്–ചിരണിക്കൽ റോഡിലെ പൈപ്പുമാറ്റിയിടൽ നീണ്ടു പോകുന്നത് പ്രദേശവാസികളെയാകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വെള്ളം കിട്ടാത്ത സ്ഥിതിയും യാത്രാദുരിതത്താൽ വലഞ്ഞും ജനങ്ങൾ രണ്ടാഴ്ചയിലേറെയായി പ്രായസമനുഭവിക്കുകയാണ്.
നിർമാണം വേഗത്തിലാക്കാൻ വേണ്ടതു ചെയ്യണം.”
സാലു ജോർജ്, പറക്കോട്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

