സംസ്ഥാനത്തെ വിജിലൻസ് വകുപ്പിന്റെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി ആഭ്യന്തര വിവര ചോർച്ച രൂക്ഷമാകുന്നു. അഴിമതി തടയാൻ ലക്ഷ്യമിട്ട് വലിയ ആസൂത്രണത്തോടെ നടത്തുന്ന മിന്നൽ പരിശോധനകൾ പോലും മുൻകൂട്ടി ചോരുന്ന സ്ഥിതിയാണുളളത്.
അടുത്തിടെ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ പോലും അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് വകുപ്പിനുള്ളിൽ നിന്നുതന്നെ വിവരങ്ങൾ പുറത്തുപോകുന്നുണ്ടെന്ന് വ്യക്തമായത്.
വിജിലൻസിലെ ക്ലറിക്കൽ തസ്തികയായ മിനിസ്റ്റീരിയൽ വിഭാഗമാണ് പ്രധാനമായും ഈ ചോർത്തലിന് പിന്നിൽ എന്നാണ് പ്രാഥമിക കണ്ടെത്തൽ. വർഷങ്ങളായി ഒരേ ജില്ലയിൽ തന്നെ ജോലി തുടരുന്ന ക്ലറിക്കൽ ജീവനക്കാർ പരിശോധനാ വിവരങ്ങൾ തങ്ങളുടെ പരിചയക്കാർക്ക് കൈമാറുന്ന പ്രവണത അടുത്തിടെ വർധിച്ചിട്ടുണ്ട്.
വിജിലൻസ് വകുപ്പിലെ അന്വേഷണ ഉദ്യോഗസ്ഥർ സ്വാധീനവലയങ്ങളിൽ പെടാതിരിക്കാൻ നിശ്ചിത ഇടവേളകളിൽ സ്ഥലംമാറ്റം നൽകത്താറുണ്ടെങ്കിലും ക്ലറിക്കൽ ജീവനക്കാർക്ക് ഈ വ്യവസ്ഥ ബാധകമല്ല. സർവീസിൽ പ്രവേശിച്ചത് മുതൽ ഒരേ ജില്ലയിൽ തന്നെ സേവനം അനുഷ്ഠിക്കുന്നവരും ഇതിലുൾപ്പെടുന്നു.
സ്ഥിരമായി ഒരേയിടത്തു ജോലി ചെയ്യുന്ന ഇത്തരക്കാരാണ് രഹസ്യ വിവരങ്ങൾ പുറത്തുവിടുന്നത്. ഇതിന് ഇവർ സാമ്പത്തിക പ്രതിഫലം വാങ്ങുന്നുണ്ടോയെന്ന കാര്യം വകുപ്പ് ഗൗരവമായി പരിശോധിച്ചു വരികയാണ്.
വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രാരംഭ വിവരശേഖരണ ഘട്ടത്തിൽ തന്നെ മിനിസ്റ്റീരിയൽ വിഭാഗം വഴി അഴിമതിക്കാർക്ക് മുന്നറിയിപ്പ് ലഭിക്കുന്നുണ്ട്. ഇത് ഫയലുകളിൽ കൃത്രിമം കാണിക്കാനും രേഖകൾ മാറ്റിയെഴുതാനും പ്രതികൾക്ക് അവസരം ഒരുക്കുന്നു.
പരിശോധന നടക്കുന്ന ദിവസം സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുന്നതിനാൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമ്പോഴേക്കും ക്രമക്കേടുകൾ പൂർണ്ണമായി മറയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ കഴിയുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

