സംസ്ഥാനത്തെ കാർ വിപണിയിൽ വൻ മുന്നേറ്റം ദൃശ്യമാകുന്നു. ശരാശരി മാസങ്ങളെയും കഴിഞ്ഞ വർഷത്തെയും അപേക്ഷിച്ചു ബുക്കിങ്ങിൽ 30% മുതൽ 50% വരെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
ആവശ്യത്തിന് വാഹനങ്ങൾ ലഭ്യമാകാത്തതാണ് നിലവിൽ ഡീലർമാർ നേരിടുന്ന പ്രധാന പ്രതിസന്ധി. മിക്ക മോഡലുകൾക്കും നിലവിൽ ഏതാനും ആഴ്ചകളുടെ കാത്തിരിപ്പ് കാലാവശിയുണ്ട്.
അതേസമയം, ആവശ്യക്കാർ ഏറെയുള്ള സൂപ്പർ സെല്ലിങ് മോഡലുകൾക്ക് 8 ആഴ്ചയിലേറെയാണ് കാത്തിരിപ്പ് സമയം. അതിനാൽ ചിങ്ങമാസത്തിൽ തന്നെ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് ബുക്കിങ് നടപടികൾ പൂർത്തിയാക്കണമെന്ന് ഓട്ടമോട്ടീവ് വക്താവ് വ്യക്തമാക്കി.
മുൻകൂട്ടി ബുക്ക് ചെയ്ത പലരും ചിങ്ങമാസം പിറന്ന ശേഷം മാത്രം വാഹനം ഏറ്റെടുത്താൽ മതിയെന്ന നിലപാടിലാണ്. അതിനാൽ തന്നെ നിലവിലുള്ള അന്വേഷണങ്ങളും ടെസ്റ്റ് ഡ്രൈവുകളും അടുത്ത 17ന് ചിങ്ങം പുലരുന്നതോടെ വലിയ തോതിൽ ബുക്കിങ്ങുകളിലേക്ക് വഴിമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹന ഡീലർമാർക്കെല്ലാം മികച്ച വിൽപ്പന ലക്ഷ്യങ്ങളും കമ്പനികളുടെ പ്രത്യേക സമ്മാന പദ്ധതികളുമുണ്ട്. പ്രീമിയം മോഡലുകൾക്കും വിപണിയിൽ 50% വരെ വളർച്ചയാണ് ഉള്ളത്.
ഒരു ഡീലറുടെ വിവിധ കേന്ദ്രങ്ങളിൽ മാസം ശരാശരി 200 വാഹനങ്ങൾ വിറ്റിരുന്ന സ്ഥാനത്ത് ഈ മാസം ഇതിനകം തന്നെ 300 വാഹനങ്ങൾക്കാണ് ബുക്കിങ് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ മാസം 1200 വാഹനങ്ങൾ വിൽക്കുന്ന മറ്റൊരു ഡീലർ കമ്പനി ഇത്തവണ 1600 വാഹനങ്ങളുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഓണക്കാലത്ത് 1100 കാറുകൾ വിറ്റഴിച്ച സ്ഥാനത്ത് ഇക്കുറി അത് 1800 വരെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുവിപണിയുടെ ഇപ്പോഴത്തെ ചലനങ്ങളും ഈ അനുകൂല സാഹചര്യം തന്നെയാണ് വ്യക്തമാക്കുന്നത്.
വിവിധ കാർ നിർമ്മാതാക്കൾ പുതിയ മോഡലുകളുമായും ഫെയ്സ്ലിഫ്റ്റ് പതിപ്പുകളുമായും വിപണിയിൽ സജീവമാണ്. എന്നാൽ, ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട
നിറത്തിലുള്ള വാഹനം ലഭിക്കണമെങ്കിൽ കൂടുതൽ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

