പത്തനംതിട്ട ∙ വീടിന് മുന്നിലൂടെയുള്ള റോഡിലെ കുഴിയിൽ വീണ് അപകടം പതിവായി, എന്നാൽ, ആ കുഴിയടച്ചേക്കാമെന്ന് ചിത്രകലാ അധ്യാപകനായ പ്രിൻസ് കുമ്പുക്കാട് തീരുമാനിച്ചു.
ചുമ്മാ അടച്ചാൽ പോരല്ലോ, കലാപരമായി തന്നെയാകാം കുഴിയടയ്ക്കൽ എന്ന് തീരുമാനിച്ചു. അങ്ങനെ വീടിനുമുന്നിലെ അപകടക്കുഴിക്ക് ചുറ്റം വെള്ള പെയ്ന്റ് ഉപയോഗിച്ച് സ്ത്രീയുടെ മുഖം പോലെ വരച്ചു, എന്നിട്ട് അപകടക്കണ്ണ് മണ്ണിട്ട് മൂടി.
ഒപ്പം സ്റ്റോപ് എന്നു വലുതായി റോഡിലും എഴുതി.
കുമ്പഴ– വെട്ടൂർ– കോന്നി റോഡിൽ വീടിന് മുന്നിലുള്ള കുഴിയിൽ വീണ് അപകടം പതിവായതോടെയാണ് അധ്യാപകന്റെ വ്യത്യസ്ത കുഴിയടയ്ക്കൽ. ഒട്ടേറെത്തവണ പ്രിൻസും മക്കളും ചേർന്ന് കുഴികൾ മണ്ണിട്ട് മൂടിയിരുന്നു.
എന്നാൽ, മഴപെയ്തു കഴിയുന്നതോടെ കുഴികൾ വീണ്ടും പഴയപടിയാകും. രണ്ട് വലിയ കുഴികളാണ് റോഡിലുള്ളത്.
ഇവ മൂടാനായി 20 കൊട്ട മണ്ണെങ്കിലും വേണമെന്ന് പ്രിൻസ് പറഞ്ഞു.
അടവിയിലേക്ക് പോകുന്ന പ്രധാന റോഡായതിനാൽ വാഹനങ്ങളുടെ തിരക്കിനിടയിലായിരുന്നു പ്രിൻസിന്റെ ചിത്രം വരച്ചുള്ള കുഴിയടയ്ക്കൽ.
കുഴിയടയ്ക്കലിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനാണ് പ്രിൻസ്.
പന്നൽച്ചെടികളും പായലും മണ്ണുമൊക്കെ ഉപയോഗിച്ച് ഗോളരൂപത്തിൽ ചെടി വളർത്തുന്ന പ്രിൻസിന്റെ കൊക്കഡമാ എന്ന ജാപ്പനീസ് ഉദ്യാനനിർമാണ രീതിയുടെ പ്രദർശനം 2019ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരുന്നു. ഭാര്യ സോണിയ പ്രിൻസും മക്കളായ സെറാഫിമും എഫ്രായിമും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

