പത്തനംതിട്ട / തിരുവല്ല∙ പാചകവാതക വിലവർധനയെ തുടർന്ന് കേറ്ററിങ്, റസ്റ്ററന്റ് മേഖല ദുരിതത്തിൽ.
പാചകവാതക വില വർധിച്ചതോടെ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭക്ഷണ സാധനങ്ങൾക്കു വില കൂട്ടി. ചായ, കാപ്പി, എണ്ണ പലഹാരങ്ങൾ, പാെറോട്ട
എന്നിവയ്ക്കാണ് പ്രധാനമായും വില വർധിപ്പിച്ചത്. യുദ്ധത്തെ തുടർന്ന് പാചകവാതക ക്ഷാമം അനുഭവപ്പെട്ടതു മുതൽ കൂട്ടിയ വില വർധനയാണ് മറ്റ് വിഭവങ്ങൾക്കുള്ളത്.
ഹോട്ടലിന്റെ നിലവാരം അനുസരിച്ചു വിലയിൽ വീണ്ടും മാറ്റം വരാം. 2 മുതൽ 30 രൂപ വരെ പല വിഭവങ്ങൾക്കായി വർധിച്ചിട്ടുണ്ട്.
വില വർധിക്കുമ്പോഴും ഉൗണ് അടക്കമുള്ളവയിൽ വിഭവങ്ങളിൽ കുറവ് വന്നിട്ടുണ്ട്.
എന്നാൽ മാസങ്ങൾക്കു മുൻപ് ഓർഡർ സ്വീകരിച്ച വിവാഹം അടക്കമുള്ള സൽക്കാരങ്ങൾക്ക് എങ്ങനെ ഇനി കൂടുതൽ പണം ആവശ്യപ്പെടുമെന്നറിയാതെ നഷ്ടം സഹിച്ചാണു കേറ്ററിങ് മേഖല മുന്നോട്ടു പോകുന്നത്. മെനു കുറയ്ക്കാതെ നിവൃത്തിയില്ലെന്നു അറിയിച്ചാലും പലർക്കും സൽക്കാരങ്ങളിൽ മെനു കുറയ്ക്കുന്നതിനോടും താൽപര്യമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
1000 പേർ പങ്കെടുക്കുന്ന വിവാഹ സൽക്കാരത്തിനു കുറഞ്ഞത് 8 സിലിണ്ടറുകൾ ആവശ്യമാണ്. 10 സിലിണ്ടർ ആവശ്യപ്പെട്ടാൽ പലപ്പോഴും 3 എണ്ണമാണ് കിട്ടുന്നതെന്നും കേറ്ററിങ് മേഖലയിൽ ഉള്ളവർ പറയുന്നു.
ചിലർക്കു ‘ലൈവ് കിച്ചനാണ്’ സൽക്കാരങ്ങൾക്കു വേണ്ടത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ലൈവ് കിച്ചൻ പ്രായോഗികമല്ലെന്നും ഇവർ പറയുന്നു. സദ്യ ഒരുക്കുമ്പോൾ ഓഡിറ്റോറിയങ്ങളിൽ വിറക് അടുപ്പ് ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
പാചകവാതക വിലവർധനയിൽ പ്രതിച്ചേധിച്ചു ഓൾ കേരള കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ഇന്നലെ സ്ഥാപനങ്ങൾ അടച്ച് കരിദിനം ആചരിച്ചു. എല്ലാ ജില്ലകളിലെയും കേന്ദ്ര സർക്കാർ ഓഫിസുകൾക്കു മുൻപിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
4000 രൂപയ്ക്ക് സിലിണ്ടർ വാങ്ങേണ്ടിവരുന്നു
ഹോട്ടൽ ഉടമകൾ നിലവിൽ 4000 രൂപ വരെ നൽകിയാണ് സിലിണ്ടർ കടയിലെത്തിക്കുന്നത്.
സിലിണ്ടർ വിതരണത്തിൽ ക്ഷാമം അനുഭവപ്പെടുന്നതിനാൽ വില കൂടുതൽ നൽകിയും ഉപജീവനം മുന്നോട്ടു കാെണ്ടു പോകേണ്ട ഗതികേടിലാണ്.
ജില്ലയിൽ 1400 ഹോട്ടലുകളാണു നിലവിൽ അസോസിയേഷന്റെ കീഴിലുളളത്. ഇതിൽ തന്നെ 50% ഹോട്ടലുകൾ വിലക്കയറ്റ പ്രതിസന്ധി മൂലം അടച്ചിട്ടിരിക്കുകയാണ്.
ചില ഹോട്ടലുകൾ ആഴ്ചയിൽ 3 ദിവസം വരെ തുറന്നു പ്രവർത്തിക്കുന്നു. 2 മാസമായി പൂർണമായി അടഞ്ഞു കിടക്കുന്ന ഹോട്ടലുകളും ഇക്കൂട്ടത്തിലുണ്ട്.
ദുരിതത്തിലായത് ജോലിക്കായി നിൽക്കുന്നവർ
സ്വന്തം വീട്ടിൽ നിന്നും ജോലിക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്കു താമസിക്കുന്നവരാണ് ഏറെയും ദുരിതത്തിലായത്.
3 നേരവും പുറത്തു നിന്നുള്ള ഭക്ഷണമാണ് ഇവരുടെ ആശ്രയം. ഇത്തരത്തിൽ പത്തനംതിട്ട, തിരുവല്ല മേഖലകളിൽ അടക്കം ഒട്ടേറെ ആളുകളാണ് ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്നത്.
സ്വകാര്യ മേഖലയിൽ ടാർഗറ്റ് വർധിപ്പിച്ചു നൽകുമ്പോഴും ഇവരുടെ ശമ്പളം കൂടുന്നില്ല. ദൂരെ സ്ഥലങ്ങളിൽ നിന്നും െഎഇഎൽടിഎസ്, ജർമൻ തുടങ്ങിയവ പഠിക്കാനെത്തുന്ന വിദ്യാർഥികളും ഇതേ സാഹചര്യത്തിലൂടെയാണു കടന്നു പോകുന്നത്.
അടിസ്ഥാന വില ഇനി ഇങ്ങനെ
∙ ചായ: 15 രൂപ
∙ എണ്ണ പലഹാരങ്ങൾ: 12, 15 രൂപ
∙ പാെറോട്ട: 15 രൂപ
∙ വില വർധിക്കുന്നവ
∙ ഉൗണ്: 10 മുതൽ 20 രൂപ വരെ
∙ താലി മീൽസ്: 20 മുതൽ 30 രൂപ വരെ
∙ ചിക്കൻ, മീൻ, ബീഫ് കറികൾ: 30 വരെ
∙ ചിക്കൻ, മീൻ, ബീഫ് ഫ്രൈകൾ: 40 വരെ
∙ ബിരിയാണി: 40 വരെ
”വേറെ നിവൃത്തിയില്ല,
ജീവിക്കാൻ വേണ്ടി മാത്രം
സ്ഥാപനം മുന്നോട്ടു കാെണ്ടു പോകാനുള്ള വില വർധന മാത്രമാണ് നിലവിൽ നടപ്പിലാക്കിയത്.
3000 രൂപ വരെ ദിവസ വാടക നൽകി കച്ചവടവുമായി മുന്നോട്ടു പോകുന്ന ആളുകളുണ്ട്. സിലിണ്ടർ വില വർധന നെഞ്ച് തകർത്തിരിക്കുകയാണ്.
എല്ലാ വസ്തുക്കൾക്കും വില കൂട്ടുകയാണ്. 12 തരത്തിലെ ലൈസൻസുകൾ അടക്കം എടുത്തു കച്ചവടം നടത്തുന്നവരാണ്.
താെഴിലാളിക്ക് 500 രൂപ വരെ ദിവസക്കൂലി കൂടുതൽ നൽകിയാണ് നിലനിർത്തിയിരിക്കുന്നത്.”
മാണിക്യം കോന്നി,ജില്ലാ പ്രസിഡന്റ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
”രണ്ടര ലക്ഷം തൊഴിലാളികൾ ദുരിതത്തിൽ സംസ്ഥാനത്ത് പതിനായിരത്തിൽ കൂടുതൽ കേറ്ററിങ് യൂണിറ്റുകളിലായി ഒരു സ്ഥാപനത്തിൽ ശരാശരി 25.തൊഴിലാളികൾ എന്ന കണക്കിൽ രണ്ടര ലക്ഷത്തിൽ അധികം ആളുകളെ നേരിട്ട് ബാധിക്കുന്ന ഒരു വലിയ പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വിലക്കയറ്റവും ബാധിച്ചിരിക്കുകയാണ്. വിഷയത്തിൽ സർക്കാരുകൾ അടിയന്തരമായി ഇടപെടണം.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം.”
പ്രശാന്ത് ആതിര,സംസ്ഥാന സെക്രട്ടറി ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

