ട്രംപിന്റെ താരിഫും ഇറാൻ യുദ്ധവും ഹോർമുസിലെ തടസവും രാജ്യാന്തര തലത്തിൽ വ്യാപാര മേഖലയിൽ തിരിച്ചടിയാകുമ്പോൾ അപ്രതീക്ഷിത നേട്ടമുണ്ടാക്കി ചൈന. ഏപ്രിലിലെ കയറ്റുമതി മുൻ വർഷത്തേക്കാൾ 14.1 ശതമാനം വർധിച്ചെന്ന് ചൈന.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർണായക ചൈനീസ് സന്ദർശനത്തിന് തൊട്ടുമുൻപാണ് കയറ്റുമതി കണക്കുകൾ പുറത്തുവിട്ടതെന്നും ശ്രദ്ധേയം.
ഇറാൻ യുദ്ധത്തെ തുടർന്ന് എഐ, അനുബന്ധ മേഖലകളിലെ ഘടകങ്ങൾക്ക് ഇനിയും വില വർധിക്കുമെന്ന ആശങ്കയിൽ ഉൽപാദകർ വാങ്ങൽ വർധിപ്പിച്ചതാണ് കാരണമെന്നാണ് വിലയിരുത്തൽ. ഡിമാൻഡ് വർധിച്ചതോടെ സെമികണ്ടക്ടറുകൾ, മെമ്മറി ചിപ്പുകൾ പോലുള്ള ഉൽപന്നങ്ങൾക്ക് വില കൂടിയിരുന്നു. ഇറാൻ യുദ്ധ സാഹചര്യത്തിൽ ഇവയുടെ വില വീണ്ടും വർധിക്കുമെന്ന ആശങ്ക വിപണിയിലുണ്ട്.
മാർച്ചിൽ ചൈനയുടെ കയറ്റുമതി ആറു മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു.
അന്ന് കയറ്റുമതിയിലുണ്ടായ വർധന 2.5 ശതമാനം മാത്രം. 8.6 ശതമാനം വളരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്.
എന്നാൽ ഏപ്രിലിൽ കഥ മാറി. പുതിയ ഓർഡറുകൾ രണ്ടു വർഷത്തെ ഉയർന്ന നിലയിലെത്തി.
ഇതോടെ ചൈനയുടെ കയറ്റുമതിയിലെ ലാഭം (സർപ്ലസ്) 5450 കോടി ഡോളറിൽ നിന്ന് 8480 കോടി ഡോളറായി വർധിക്കുകയും ചെയ്തു. ഏപ്രിലില് 25.3 ശതമാനം വളർച്ചയാണ് ഇറക്കുമതിയിൽ രേഖപ്പെടുത്തിയത്.
മാർച്ചിൽ ഇത് 27.8 ശതമാനമായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി രാഷ്ട്രമായ ചൈനയ്ക്ക് ഈ മേഖലയിലുണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും സാമ്പത്തിക മേഖലയിൽ നിർണായകമാണ്. ഹോർമുസിലെ വ്യാപാര തടസങ്ങൾക്കിടയിലും യൂറോപ്, ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ മേഖലകളിലേക്കുള്ള കയറ്റുമതിയിലും വലിയ നേട്ടമുണ്ടാക്കാൻ ചൈനയ്ക്കായതും ശ്രദ്ധേയം.
എന്നാൽ യുദ്ധം കൂടുതൽ കാലം നീണ്ടുനിന്നാൽ ക്രൂഡ് ഓയിൽ വില ഉയരാനും ഡിമാൻഡിനെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്.
ക്രൂഡ് ഓയിൽ വില ഉയരുന്നത് മറ്റ് രാജ്യങ്ങളുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നതും ചൈനയ്ക്ക് തിരിച്ചടിയാണ്. പ്രാദേശിക ഡിമാൻഡ് കൊണ്ടുമാത്രം ചൈനീസ് കമ്പനികൾക്ക് കൂടുതൽ കാലം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതും ചില്ലറ വിൽപന താഴുന്നതും തിരിച്ചടിയാണെന്നും ഇവർ പറയുന്നു. ഇതിനിടയിലും സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടതു പോലെ നിലനിർത്താനും ചൈനയ്ക്ക് കഴിയുന്നുണ്ടെന്നും കണക്ക്.
ട്രംപ് – ചൈന ചർച്ച
മേയ് 14-15 തീയതികളിലാണ് ലോകം ഉറ്റുനോക്കുന്ന ട്രംപ് – ഷീ ജിൻപിങ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
വ്യാപാര തർക്കങ്ങൾ പറഞ്ഞു തീർക്കാൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന യോഗം ഇറാൻ യുദ്ധത്തെ തുടർന്ന് നീട്ടുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം, തായ്വാൻ, ഇറാൻ യുദ്ധം തുടങ്ങിയ തർക്ക വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം.
നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപിന് നിർണായകമാണ് സന്ദർശനമെന്നാണ് നിരീക്ഷകർ പറയുന്നത്. എന്നാൽ കൂടിക്കാഴ്ചയിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും വിദഗ്ധർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

