തൃശൂർ∙ അതിനൂതന ഹൃദ്രോഗ സാങ്കേതിക വിദ്യകളും ചികിത്സാ രീതികളും ചർച്ച ചെയ്യുന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) കേരള ചാപ്റ്ററിന്റെ മൂന്ന് ദിവസത്തെ സമ്മേളനം ‘സമർ കോൺഫറൻസ് 2026’ ഹയാത്ത് റീജൻസിയിൽ ആരംഭിച്ചു. സിഎസ്ഐ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.
പി.കെ.അശോകൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള രോഗനിർണയം, അത്യാധുനിക ഇമേജിങ് സംവിധാനങ്ങൾ, സുരക്ഷിതമായ കീ ഹോൾ ചികിത്സകൾ, അതിനൂതന ഹൃദയ ഉപകരണങ്ങൾ എന്നിവ ഹൃദ്രോഗ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൃദ്രോഗ സാധ്യതകൾ തുടക്കത്തിലേ കണ്ടെത്താനും പ്രതിരോധ ചികിത്സ ശക്തിപ്പെടുത്താനും ആധുനിക സാങ്കേതിക വിദ്യകൾ സഹായിക്കുന്നുണ്ട്.
ഡ്രഗ് കോട്ടഡ് ബലൂൺ ആൻജിയോപ്ലാസ്റ്റി, ഐവിയുഎസ്, ഒസിടി പോലുള്ള രക്തക്കുഴൽ ഇമേജിങ് സാങ്കേതിക വിദ്യകൾ, വയർ ഇല്ലാത്ത പേസ്മേക്കറുകൾ, കാത്തിറ്റർ വഴിയുള്ള വാൽവ് മാറ്റിവയ്ക്കൽ ചികിത്സകൾ എന്നിവ സങ്കീർണ ഹൃദ്രോഗങ്ങളുടെ ചികിത്സയെ കൂടുതൽ കൃത്യതയുള്ളതാക്കി മാറ്റി എന്ന് ഡോ. പി.കെ.അശോകൻ പറഞ്ഞു.
സ്മാർട്ട് വാച്ചുകളും, മറ്റ് ഉപകരണങ്ങളും ഹൃദയമിടിപ്പിലെ അസാധാരണതകൾ നേരത്തേ കണ്ടെത്താൻ സഹായിക്കുന്നുണ്ട്.
ഇതിലൂടെ സ്ട്രോക്ക് പോലുള്ള ഗുരുതര പ്രശ്നങ്ങൾ കുറയ്ക്കാനാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത പത്ത് വർഷത്തിനിടെ ഹൃദ്രോഗ ചികിത്സാരംഗത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ള സാങ്കേതിക വിദ്യകളും ചികിത്സാരീതികളും സമ്മേളനത്തിൽ ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലിപ്പോപ്രോട്ടീൻ (എ) പോലുള്ള പാരമ്പര്യ കൊളസ്ട്രോൾ രോഗങ്ങൾക്കുള്ള പുതിയ ചികിത്സകൾ, ഹൃദ്രോഗങ്ങളിലെ അണുബാധ തടയുന്ന ചികിത്സകൾ, രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന എസ്ജിഎൽടി-2 ഇൻഹിബിറ്ററുകളും ജിഎൽപി-1 മരുന്നുകളും, ഹൃദയസ്തംഭന ചികിത്സയിലെ പുതിയ രീതികളും ശാസ്ത്ര സെഷനുകളിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓർഗനൈസിങ്ങ സെക്രട്ടറി ഡോ. ഷൗജാദ് മുഹമ്മദ്, സിഎസ്ഐ–ജോയ് ആലുക്കാസ് സൗജന്യ പേസ്മേക്കർ പദ്ധതി ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചു.
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് 30 ഡ്യുവൽ ചേംബർ പേസ്മേക്കറുകൾ സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഏകദേശം 2.5 ലക്ഷം രൂപ വിലവരുന്ന പേസ്മേക്കറുകൾക്ക് ലൈഫ് ടൈം വാറന്റിയും എംആർഐക്ക് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര പുരോഗതി സാധാരണ രോഗികൾക്കും പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി എന്ന് ഡോ. ഷൗജദ് മുഹമ്മദ് പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ആധുനിക ആൻജിയോപ്ലാസ്റ്റി, സ്ട്രക്ചറൽ ഹൃദ്രോഗങ്ങൾ, ഇലക്ട്രോഫിസിയോളജി, കാർഡിയാക് ഇമേജിങ്, ഹൃദയത്തിലേക്ക് ഓക്സിജൻ നിറഞ്ഞ രക്തം എത്തിക്കുന്ന, ഏറ്റവും ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന ഹൃദ്രോഗമായ മൈക്രോവാസ്കുലർ ആൻജിന, പോർട്ടബിൾ എക്കോ പരിശോധന, ജനിതക ഹൃദ്രോഗങ്ങൾ, പ്രതിരോധ കാർഡിയോളജി, ഹൃദയസ്തംഭന ചികിത്സ എന്നിവയിൽ ശാസ്ത്ര സെഷനുകളും ചർച്ചകളും നടക്കുന്നു.
ഓർഗനൈസിങ് ചെയർമാൻ ഡോ.
കരുണദാസ്.സി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിങ് സെക്രട്ടറി ഡോ. ഷൗജാദ് മുഹമ്മദ്, സി.എസ്.ഐ കേരള സെക്രട്ടറി ഡോ.
ജോ ജോസഫ്, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ചെയർമാൻ ഡോ. റോണി മാത്യു, ഡോ.
പ്രവീൺ.എസ് എന്നിവർ പ്രസംഗിച്ചു. ഹൃദ്രോഗ ചികിത്സാരംഗത്തെ അക്കാദമിക് സംഭാവനകൾക്ക് പത്ത് ഹൃദ്രോഗ വിദഗ്ധരെ സമ്മേളനത്തിൽ ആദരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300-ലേറെ കാർഡിയോളജിസ്റ്റുകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

