സീതത്തോട് ∙ വിരമിക്കും മുൻപ് പഠിപ്പിച്ച സ്കൂളുകളിൽ ഒരുവട്ടം കൂടിയെത്തി ഓർമമധുരം പങ്കുവയ്ക്കാൻ അശോകൻ മാഷ്. അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന അട്ടത്തോട് ആദിവാസി ഉന്നതിയിലെ സ്കൂളിനെ ഉന്നതനിലവാരത്തിലേക്ക് കരകയറ്റാൻ നടത്തിയ ശ്രമങ്ങൾ ഫലിച്ചെന്ന ചാരിതാർഥ്യത്തോടെയാവും വരുന്ന മേയ് 31നു മാഷ് കലാലയത്തിന്റെ പടിയിറങ്ങുക.
നിലവിൽ ഗവ.ഏഴംകുളം എൽപി സ്കൂളിലെ പ്രധാനധ്യാപകനാണ് അശോകൻ കലഞ്ഞൂർ.
1993 ഫെബ്രുവരി ഒന്നിനാണ് ഗവി റൂട്ടിലെ പമ്പ ഡാം ഗവ. യുപി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാതിരുന്ന അട്ടത്തോട് ഗവ. എൽപി സ്കൂളിൽ 2015 മാർച്ച് 6ന് ആണ് പ്രധാന അധ്യാപകനായി ചുമതല ഏൽക്കുന്നത്.
മുൻപ് സാക്ഷരത മിഷന്റെ ഒരു സ്കൂളാണ് ഇവിടെ ഉണ്ടായിരുന്നത്. ശബരിമല തീർഥാടന പാതയിൽ സ്കൂൾ ശൈശവാവസ്ഥയിലായിരുന്നതിനാൽ ജോലികളും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
വനത്തിനുള്ളിൽ കഴിഞ്ഞിരുന്ന കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതുതന്നെ പ്രയാസം.
സഹപ്രവർത്തകരുടെ സഹായത്തോടെ നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ട് തുടങ്ങിയപ്പോഴേക്കും കുട്ടികളുടെ എണ്ണം വർധിച്ചു തുടങ്ങി. ക്ലാസിലെ ബ്ലാക്ക് ബോർഡുകൾ പോലും 3 മാസത്തിനു ശേഷമാണ് സുമനസ്സുകളുടെ സഹായത്തിൽ എത്തുന്നത്.സ്കൂളിനെ മെച്ചപ്പെട്ട
നിലവാരത്തിലേക്കു ഉയർത്താനുള്ള ശ്രമങ്ങൾക്കിടെ അശോകൻ മാഷിന് സ്ഥലംമാറ്റമായി. പോകുന്നതിനു മുന്നോടിയായി സ്കൂൾ കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലം വനംവകുപ്പിൽനിന്ന് ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ ജോലികളിലും പങ്കാളിയാകാൻ കഴിഞ്ഞു.
അന്നത്തെ ജില്ലാ കലക്ടർ എസ്.ഹരികിഷോർ, അസി.കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരുടെ സഹായങ്ങൾ സ്കൂളിന് സഹായകമായതായി അശോകൻ മാഷ് പറയുന്നു.
ഇന്ന് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച എൽപി സ്കൂളുകളിലൊന്നായി അട്ടത്തോട് സ്കൂൾ മാറിയതിന്റെ സന്തോഷം നേരിൽ കാണാൻ കൂടിയായിരുന്നു സന്ദർശനം. അന്നത്തെ അധ്യാപകരായ രാകേഷ് തമ്പി, വി.എസ്.
അരുൺ, വിപിൻ ജോൺ എന്നിവരും കൂടെയുണ്ടായിരുന്നു. പ്രധാനാധ്യാപകൻ ബിജു തോമസും അധ്യാപകരും ചേർന്ന് പൂർവ അധ്യാപകരെ സ്വീകരിച്ചു. മുൻപ് പഠിപ്പിച്ചിരുന്ന കാലത്തെ പലകുട്ടികളും ഇന്ന് കിസുമം ഗവ.
ഹയർ സെക്കൻഡറിയിലെ ഹൈസ്കൂൾ വിദ്യാർഥികളാണ്. സ്കൂളിൽനിന്നു മടങ്ങിവരുന്ന സമയം ഇവരിൽ പലരെയും കണ്ടുമുട്ടിയിരുന്നു. കുട്ടികളുമായി സംവദിച്ചും മധുരം നൽകിയും കഴിഞ്ഞ മണിക്കൂറുകൾ ജീവിതത്തിലെ മറക്കാൻ കഴിയാത്ത നിമിഷങ്ങളായിരുന്നുവെന്ന് അശോകൻ മാഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

