കടലുണ്ടി ∙ ദിവസവും ഒട്ടേറെ മണിക്കൂറുകൾ റെയിൽവേ ഗേറ്റിൽ കുരുങ്ങുന്ന കടലുണ്ടിക്കാരുടെ ദുരിതത്തിനു പരിഹാരം ഇനിയുമകലെ. അഞ്ചു പതിറ്റാണ്ട് മുൻപു സ്ഥാപിതമായ റെയിൽവേ ഗേറ്റിൽ സമയം ഹോമിക്കുകയാണ് ജനം.
മേൽപാലം നിർമിക്കാനുള്ള നടപടികൾ അലൈൻമെന്റ് സംബന്ധിച്ച ആശയക്കുഴപ്പത്തിൽ കുരുങ്ങിയതോടെ പാളക്കുരുക്കിൽ നിന്നു ഇനിയെന്ന് മോചനം ലഭിക്കുമെന്ന ചോദ്യം ഉയരുകയാണ്.ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ പുറ്റെക്കാട് ഈയിടെ പുതിയ മേൽപാലം വന്നെങ്കിലും ജനങ്ങൾക്ക് ഏറെ ആവശ്യമുള്ള കടലുണ്ടിയിലെ ഗേറ്റ് രൂപമാറ്റം വന്നതല്ലാതെ പഴയ പോലെ തുടരുകയാണ്. ദിവസവും ഒട്ടേറെ തവണ അടയ്ക്കുന്ന ഗേറ്റ് തുറന്നിടുന്ന സമയം ദുർലഭമാണ്.
പലപ്പോഴും കുരുങ്ങിയ വാഹനങ്ങൾക്കു മുഴുവനും കടന്നു പോകാനുള്ള സമയം കിട്ടും മുൻപേ അടുത്ത അടയ്ക്കലിനു സമയമാകും.
സ്വന്തം വാഹനത്തിൽ സഞ്ചരിക്കുന്നവർ അധികദൂരം ഓടി ഗേറ്റ് ഒഴിവാക്കി പോകുമെങ്കിലും പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സഹിക്കുകയേ നിർവാഹമുള്ളൂ. ചാലിയം, കടലുണ്ടി, സിറ്റി ബസുകളും ചാലിയം–പരപ്പനങ്ങാടി റൂട്ടിലെ ബസുകളും ഗേറ്റിൽ കുടുങ്ങി സമയക്രമം പാലിക്കാതെ പാടുപെടുകയാണ്.
പലപ്പോഴും ബസുകൾ സമയക്രമം പാലിക്കാൻ റെയിൽവേ ഗേറ്റ് വരെ യാത്ര ചുരുക്കുന്നത് ജനങ്ങൾക്ക് മറ്റൊരു തിരിച്ചടിയാണ്.
ടൗണിന്റെ ഹൃദയ ഭാഗത്തെ ലവൽക്രോസ്
കടലുണ്ടി ടൗണിന്റെ ഹൃദയ ഭാഗത്താണ് ലവൽക്രോസ്. ദിവസവും മണിക്കൂറുകളോളം ഗേറ്റ് അടച്ചിടുന്നതിനാൽ പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ളവർ കടുത്ത യാത്രാക്ലേശം അനുഭവിക്കുകയാണ്.
ചില സമയങ്ങളിൽ ചരക്കു വണ്ടികളും ഓയിൽ ടാങ്കറുകളും ഗേറ്റിന് അഭിമുഖമായി നിർത്തിയിടുന്നത് ലവൽക്രോസിലൂടെ കാൽനടയാത്ര പോലും അസാധ്യമാക്കുന്നു.
തുടർച്ചയായി ട്രെയിനുകൾ കടന്നു പോകുന്ന രാവിലെയും വൈകിട്ടും ഗേറ്റ് അടച്ചിടൽ ഏറെനേരം നീളും. ഇതു ഓഫിസുകളിലും സ്കൂളിലും പോകുന്നവർക്കെല്ലാം ദുരിതം പകരുന്നു.
ദീർഘദൂര ട്രെയിനുകൾ സ്റ്റേഷനിൽ എത്തുന്നതിനു വളരെ മുൻപു തന്നെ ഗേറ്റ് അടച്ചിടും ഇതിനാൽ അങ്ങാടിയിൽ ഗതാഗതതടസ്സം നിത്യസംഭവമാണ്. റെയിലിനു പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് കോട്ടക്കടവ്, മണ്ണൂർ, അത്താണിക്കൽ, ഒലിപ്രംകടവ്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്ക് എത്താൻ ലവൽക്രോസ് കടന്നുവരണം.
ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രങ്ങളായ ആശുപത്രികൾ, വില്ലേജ് ഓഫിസ്, ആയുർവേദ ആശുപത്രി, വൈദ്യുതി ഓഫിസ്, കുടുംബാരോഗ്യ കേന്ദ്രം, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവിടങ്ങളിൽ എത്താനും ഗേറ്റ് താണ്ടണം.
മേൽപാലം അനിവാര്യം
ഗേറ്റ് അടയ്ക്കൽ മൂലം കടലുണ്ടി നിവാസികൾ നേരിടുന്ന യാത്രാ ദുരിതത്തിന് പരിഹാരം മേൽപാലം മാത്രം. കടലുണ്ടിയിൽ മേൽപാലം നിർമിക്കാൻ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തി മണ്ണു പരിശോധന പൂർത്തിയാക്കുകയും അലൈൻമെന്റ് തയാറാക്കിയിരുന്നു.
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ മേൽപാലം നിർമാണത്തിന് പൊതുമരാമത്ത് ബ്രിജസ് വിഭാഗം 63 കോടി രൂപയുടെ വിശദ പദ്ധതി തയാറാക്കി ഭരണാനുമതിക്കു സമർപ്പിച്ചിട്ടു ഒരു വർഷം പിന്നിട്ടെങ്കിലും ഇതുവരെ അനുമതിയായിട്ടില്ല. ഭരണാനുമതി ലഭിച്ച ശേഷം സെന്റേജ് ചാർജ് അടച്ചാൽ മാത്രമേ റെയിൽവേ മേൽനോട്ടത്തിൽ നടത്തുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കൂ.
ഇതിനിടെ അലൈൻമെന്റിനെതിരെ പരാതി ഉയർന്നതും പ്രതിസന്ധിയായിട്ടുണ്ട്.
കടലുണ്ടി ടൗണിന്റെ പ്രസക്തി ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് ഉയർന്നതോടെ ആദ്യം തയാറാക്കിയിരുന്ന അലൈൻമെന്റ് പിന്നീട് മാറ്റം വരുത്തി. വാവുത്സവം എഴുന്നള്ളത്ത് ആദ്യം എത്തുന്ന കുന്നത്ത് തറവാട്ടിലെ സർപ്പക്കാവ് വിഭജിച്ച് ഉത്സവത്തെ ബാധിക്കുന്ന തരത്തിലുള്ള അലൈൻമെന്റാണ് നിലവിൽ പിഡബ്ല്യുഡി തിരഞ്ഞെടുത്തത്.
ഇതിനെതിരെ ഭക്തജനങ്ങളും വാവുത്സവവുമായി ബന്ധപ്പെട്ടവരും എതിർപ്പ് ഉന്നയിച്ചതോടെ അനിശ്ചിതത്വം ഉടലെടുത്തു. വാവുത്സവത്തെ ബാധിക്കാത്ത തരത്തിലുള്ള ബദൽ നിർദേശം സമർപ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല.
ബ്രിജസ് അധികൃതരും റെയിൽവേയും ചേർന്നുള്ള പരിശോധന പൂർത്തിയാക്കിയെങ്കിലും ഭരണാനുമതി ലഭിച്ചാൽ മാത്രമേ തുടർ നടപടികളുമായി മുൻപോട്ടു പോകാനാകൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

