യാത്രക്കാർ ഏറെ നാളായി കാത്തിരുന്ന മാറ്റവുമായി തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് സർവീസ് ആരംഭിച്ചു. യാത്രക്കാർക്ക് വലിയ ആശ്വാസമായി പുഷ്ബാക് സൗകര്യമുള്ള സീറ്റുകളും ഫൂട്ട് റെസ്റ്റും ഉൾക്കൊള്ളുന്ന പുതിയ കോച്ചുകളാണ് ഇപ്പോൾ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മുൻപുണ്ടായിരുന്ന കോച്ചുകളിലെ സീറ്റുകളുടെ ഘടന യാത്രക്കാർക്കു വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. മോശം ഡിസൈൻ കാരണം സീറ്റുകൾക്ക് ചെരിവില്ലാതിരുന്നത് ദീർഘദൂര യാത്രക്കാരെ ഏറെ വലച്ചിരുന്നു.
ഇത് സംബന്ധിച്ച് വ്യാപകമായ പരാതികളാണ് റെയിൽവേ അധികൃതർക്ക് ലഭിച്ചിരുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് തിരുവനന്തപുരം ഡിവിഷൻ ഈ വിഷയം പലതവണ ദക്ഷിണ റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ കോച്ചുകൾ അനുവദിച്ചതും സർവീസ് ആരംഭിച്ചതും. പുതിയ കോച്ചിലെ സീറ്റുകൾ നന്നായിട്ടുണ്ടെന്നും സൗകര്യപ്രദമാണെന്നും കോട്ടയം സ്വദേശി രതീഷ് പ്രതികരിച്ചു.
നടുവേദന കാരണം ജനശതാബ്ദിയിലെ യാത്ര പേടിസ്വപ്നമായിരുന്നുവെന്ന് കോഴിക്കോട് സ്വദേശി ധനീല പറഞ്ഞു. വൈകാതെ തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി ട്രെയിനിലും പുതിയ കോച്ചുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കണ്ണൂർ ജനശതാബ്ദി എല്ലാ ദിവസവും സർവീസ് നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യമുയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

