വടശേരിക്കര ∙ വനത്തിലേക്കു മടങ്ങാതെ പകലും കാട്ടാനകൾ കൃഷിയിടത്തിൽ തങ്ങിയതു പരിഭ്രാന്തിക്കിടയാക്കി. വടശേരിക്കര ടൗണിനു സമീപം തുടരെ കാട്ടാനകൾ എത്തുന്നതു മൂലം സമീപവാസികൾ ഭീതിയിൽ.
ഇന്നലെ പുലർച്ചെ 3ന് ആണ് 6 കാട്ടാനകൾ വടശേരിക്കര ടൗണിനു സമീപമെത്തിയത്. കല്ലാറ്റിലൂടെ എത്തിയ കാട്ടാനകൾ മുളമൂട്ടിൽ റവ.മാത്യു ജോണിന്റെ വീടിനോടു ചേർന്ന തീരത്തു കൂടിയാണു കരയിലേക്കു കയറിയത്.
തീരത്തു നിന്നിരുന്ന കുലച്ച വാഴകൾ ആനകൾ നശിപ്പിച്ചു.
വീട്ടുകാർ ടോർച്ച് തെളിച്ചപ്പോൾ 3 ആനകൾ പാലത്തിനു സമീപത്തേക്കും ബാക്കിയുള്ളവ സമീപ കൃഷിയിടത്തിലേക്കും നീങ്ങി. അതിരിലെ വേലി തകർത്ത 3 ആനകൾ, മുളമൂട്ടിൽ ആനിയുടെ പുരയിടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന പുളിക്കൽ സാബു ജോസഫിന്റെ ഏത്തവാഴത്തോട്ടത്തിലെത്തി.
വൻതോതിൽ ഏത്തവാഴത്തൈകൾ ആന ചവിട്ടി മെതിച്ചു. കൃഷിയിടത്തിലൂടെ ചുറ്റിക്കറങ്ങിയ ആനകൾ പിന്നീട് അതിരിലെ മുള്ളുവേലി തകർത്ത് പരുവാനിക്കൽ പുരയിടത്തിലെ റെജിയുടെ കൃഷിയിടിത്തിലെത്തി.
അവിടെയും ഏത്തവാഴത്തൈകൾ ചവിട്ടി മെതിച്ചു.
സമീപവാസികൾ ബഹളം സൃഷ്ടിച്ചപ്പോൾ രാവിലെ ഏഴരയോടെ 4 ആനകൾ തീരത്തിലൂടെ ആറ്റിലിറങ്ങി മുകളിലേക്കു പോയി. ഒരു ആന അപ്പോഴും സമീപത്തെ പുരയിടത്തിൽ നിലയുറപ്പിക്കുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ വനപാലകർ പടക്കം പൊട്ടിച്ചിട്ടും ആന മടങ്ങാതെ നിന്നു. പിന്നീട് ആറ്റിലേക്കിറങ്ങി.
തീരത്തു നിന്നിരുന്ന മറ്റൊരു ആനയ്ക്കൊപ്പം രാവിലെ 9ന് ശേഷമാണ് അതു മടങ്ങിയത്. 10ന് ആനകൾ ഒളികല്ല് ശങ്കരമംഗലം റബർ തോട്ടത്തിൽ കയറി.
പിന്നീട് ഒളികല്ല് റോഡ് കുറുകെ കടന്ന് വനത്തിലേക്കു നീങ്ങി. ചൊവ്വാഴ്ച രാത്രിയിലും ആനകൾ റെജിയുടെ കൃഷിയിടത്തിലെത്തിയിരുന്നു.
വാഴയും കപ്പയും നശിപ്പിച്ചാണു മടങ്ങിയത്. റെജിയുടെ കൃഷിയിടത്തിൽ നട്ടിരുന്ന കപ്പയെല്ലാം നശിപ്പിച്ചു.
കഴിഞ്ഞ മാസം 15നും ആനകൾ ഇവിടെ എത്തിയിരുന്നു.
3.75 ലക്ഷം രൂപ നഷ്ടം
513 ഏത്തവാഴ വിത്തുകളാണ് പുളിക്കൽ സാബു ജോസഫ് നട്ടത്. വേലിക്കു പുറമേ ആനകൾ കൃഷിയിടത്തിൽ കടക്കാതിരിക്കാൻ കയ്യാല പണിതിരുന്നു.
8,000 രൂപ ചെലവഴിച്ചു കിടങ്ങും കുഴിച്ചു. 1 ലക്ഷം രൂപ പാട്ടത്തിനാണ് സ്ഥലം എടുത്തത്.
പുറമേ കൃഷിക്കായി 3.75 ലക്ഷം രൂപ ചെലവഴിച്ചു. 50 മൂടോളം വാഴയാണു ശേഷിക്കുന്നത്.
ബാക്കിയെല്ലാം പല തവണയായി ആനകൾ നശിപ്പിച്ചു. ശേഷിക്കുന്നതും ആന ഇരയാക്കും.
ആനകളെത്തുന്നത് ടൗണിന് 100 മീറ്റർ അകലെ
വടശേരിക്കര ടൗണിലെത്തി ആനകൾ വിഹരിക്കുന്ന കാലം വിദൂരമല്ല.
സന്ധ്യയ്ക്കുശേഷം വീടുകൾക്കു പുറത്തിറങ്ങാൻ ജനം ഭയക്കുകയാണ്. പകലും കാട്ടാനകൾ മടങ്ങാതെ നാട്ടിൽ നിൽക്കുന്നതു ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
വല്ലപ്പോഴും വനാതിർത്തികളിൽ ഇറങ്ങിയിരുന്ന ആനകളാണ് കിലോമീറ്ററുകൾ അകലെ വടശേരിക്കര ടൗണിനടുത്തു വരെ എത്തിയിരിക്കുന്നത്. കുട്ടിയാനകളുമുണ്ട് കൂട്ടത്തിൽ.
കൂടുതലും കൊമ്പന്മാരാണ്. ആറിന്റെ തീരം വഴിയും ആറ്റിലിറങ്ങി വെള്ളത്തിലൂടെയുമാണ് ആനകളെത്തുന്നത്.
പിന്നീട് കരയ്ക്കു കയറി കൃഷിയിടങ്ങളിലെത്തുകയാണ്. തീരങ്ങളിലെ കയ്യാലകൾ കുത്തിയിടിച്ചാണ് വഴി തെളിക്കുന്നത്.
പരിഹാരം അകലെ
ആനകളെത്തുമ്പോൾ വനപാലകരെ വിവരം അറിയിക്കാറുണ്ട്.
അവർ എത്തുന്നതു വൈകിയാണെന്ന് തീരവാസികൾ പറയുന്നു. ആനകൾ എവിടെയാണു നിൽക്കുന്നതെന്നു കാട്ടിക്കൊടുക്കേണ്ട
സ്ഥിതിയാണ്. വനാതിർത്തികൾ വിട്ടു ആനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതു തടയേണ്ടതു വനപാലകരാണ്.
അവർ കാഴ്ചക്കാരായി നിൽക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിൽ ആനകളെത്തുമ്പോൾ വനപാലകർ പടക്കം പൊട്ടിച്ചാണ് ഓടിക്കുന്നത്.
എന്നാൽ, ഇപ്പോൾ പടക്കത്തിനു മുന്നിലും ആനകൾ പതറാതെ നിൽക്കുകയാണ്. ആനകളെ ഉൾവനത്തിലേക്കു കയറ്റി വിട്ട് സുരക്ഷയൊരുക്കേണ്ടവർ പടക്കം കാട്ടി വിരട്ടാനാണു നോക്കുന്നതെന്ന് ആക്ഷേപമുണ്ട്.
കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങൾ സന്ദർശിച്ച പഴകുളം മധു
വടശേരിക്കര ∙ കാട്ടാന വിളയാട്ടം രൂക്ഷമായ പ്രദേശങ്ങളിൽ നിയുക്ത എംഎൽഎ പഴകുളം മധു സന്ദർശനം നടത്തി.
വടശേരിക്കര ടൗണിനു സമീപം കാട്ടാനകളിറങ്ങി നാശം വിതച്ച ഭാഗങ്ങളിലാണ് ആദ്യം എത്തിയത്. പിന്നീട് ഒളികല്ല് മേഖലകളിലും സന്ദർശിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഉഷ, വൈസ് പ്രസിഡന്റ് സ്വപ്ന സൂസൻ ജേക്കബ്, അംഗങ്ങളായ സാലി മാത്യു, ബിനു സൂസൻ, പി.എ.ലൈല, ജോയ്സ്, വൽസമ്മ, നേതാക്കളായ കെ.ഇ.തോമസ്, ഫ്രെഡി ഉമ്മൻ, കൊച്ചുമോൻ മുള്ളൻപാറ എന്നിവരും ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

