പത്തനംതിട്ട ജില്ലയിലെ സഹകരണ ബാങ്കുകളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തിരുവല്ല കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന വ്യാപകമായ ചട്ടലംഘനങ്ങളും അഴിമതിയുമാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം.
നിക്ഷേപങ്ങളുടെ വിനിയോഗം, വായ്പ വിതരണം, ചിട്ടി നടത്തിപ്പ്, കെട്ടിട നിർമാണം തുടങ്ങിയ മേഖലകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടുകൾ ഇങ്ങനെ:
സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യ വ്യാജ വിലാസം ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്തിയതായി അന്നത്തെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വെൺപാല സ്വദേശിയുടെ വായ്പയ്ക്ക് ഈടായി നൽകിയ ആധാരം ഉപയോഗിച്ച്, ബന്ധമില്ലാത്ത മറ്റ് അഞ്ചുപേർക്ക് പത്തുലക്ഷം രൂപ വീതം മൊത്തം അരക്കോടി രൂപ വായ്പയായി നൽകിയ സംഭവവും ബാങ്കിലുണ്ട്.
ഈ വായ്പകളെല്ലാം അംഗത്വം നൽകിയ അതേ ഭരണസമിതി യോഗത്തിൽ തന്നെ അനുവദിക്കുകയായിരുന്നു എന്നത് ശ്രദ്ധേയമാണ്. കെട്ടിട
നിർമാണത്തിലും വൻ ക്രമക്കേടാണ് നടന്നത്. 60 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിക്കാനായിരുന്നു അനുമതി ലഭിച്ചത്.
എന്നാൽ, ചട്ടങ്ങൾ കാറ്റിൽപ്പറത്തി രണ്ടരക്കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ടെൻഡർ നടപടികളിലും വ്യാപകമായ അട്ടിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും 40 ലക്ഷം രൂപയും, ബോർഡ് അംഗങ്ങൾ 25 ലക്ഷം, 15 ലക്ഷം വീതവും തിരിച്ചടയ്ക്കാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ, ഈ ഉത്തരവിനെതിരെ നിലവിൽ നിയമനടപടികൾ തുടരുകയാണ്.
പഞ്ചായത്ത് ചട്ടങ്ങൾ ലംഘിച്ചതിനാൽ ബാങ്ക് കെട്ടിടത്തിന് ഇതുവരെ നമ്പർ ലഭിച്ചിട്ടില്ല. നിക്ഷേപകരുടെ പണം കവർന്ന സംഭവം
തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പും ഏറെ ചർച്ചയാകുന്നു.
2015-ൽ മഞ്ഞാടി ശാഖയിൽ മതിൽഭാഗം സ്വദേശിയായ വിജയലക്ഷ്മി നിക്ഷേപിച്ച 3.5 ലക്ഷം രൂപയാണ് തട്ടിയെടുക്കപ്പെട്ടത്. അഞ്ചു വർഷത്തിന് ശേഷം പലിശ സഹിതം 6.70 ലക്ഷം രൂപ ലഭിക്കേണ്ട
സ്ഥാനത്ത്, പണം നഷ്ടപ്പെട്ട വിവരം 2022 ഒക്ടോബർ മാസത്തിലാണ് നിക്ഷേപക അറിയുന്നത്.
ബാങ്ക് ജീവനക്കാരി വ്യാജ ഒപ്പിട്ട് പണം തട്ടിയെന്ന് തുടർ അന്വേഷണത്തിൽ വ്യക്തമായി. ബാങ്ക് ചെയർമാനായ മുതിർന്ന സിപിഎം നേതാവിന്റെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്നും, പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടായെന്നും നിക്ഷേപക ആരോപിക്കുന്നു.
നിലവിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. വായ്പകൾ നൽകുന്നതിലോ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിലോ ബാങ്ക് വീഴ്ച വരുത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

