സംസ്ഥാനത്ത് സ്വർണവില വീണ്ടും വലിയ മുന്നേറ്റത്തിലേക്ക്. ഇന്നുരാവിലെ കേരളത്തിൽ സ്വർണവില ഗ്രാമിന് 110 രൂപ വർധിച്ച് 14,710 രൂപയായും, പവന് 880 രൂപ കൂടി 1,17,680 രൂപയായും ഉയർന്നു.
കഴിഞ്ഞ മേയ് 21-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരപ്പാണിത്. ഇന്നലെ മാത്രം ഗ്രാമിന് 395 രൂപയും പവന് 3,160 രൂപയും ഒറ്റയടിക്ക് വർധിച്ചിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് 12,000 രൂപയിലധികമാണ് വർധനയുണ്ടായത്. ഈ ട്രെൻഡ് തുടർന്നാൽ വൈകാതെ വില 1.20 ലക്ഷം രൂപ കടക്കുമെന്നാണ് വിലയിരുത്തൽ.
ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,000 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ് വില. വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങൾ രാജ്യാന്തര വിപണിയിലുള്ള വിലക്കയറ്റമാണ് സംസ്ഥാനത്തെ വിപണിയിലും നേരിട്ട് പ്രതിഫലിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ രാജ്യാന്തര വിലയുള്ളത്. ഒരുവേള ഔൺസിന് 4,544 ഡോളർ വരെ എത്തിയ രാജ്യാന്തര വില, ഇപ്പോൾ 29 ഡോളർ നേട്ടത്തോടെ 4,543 ഡോളർ എന്ന നിലയിലാണ്.
യുഎസിൽ കടപ്പത്രങ്ങളുടെ ആദായനിരക്കിൽ (ബോണ്ട് യീൽഡ്) ഉണ്ടായ താൽക്കാലിക ഇടിവും യുഎസ് ഡോളർ സൂചിക താഴ്ന്നതുമാണ് സ്വർണത്തിന് അനുകൂലമായത്. ബോണ്ടും ഡോളറും ഇടിയുമ്പോൾ സ്വർണം വാങ്ങുന്നതിനുള്ള സാമ്പത്തികച്ചെലവ് കുറയുകയും, ഇത് വിപണിയിൽ ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വില ഇനി എത്രയൊക്കെ ഉയരാം? നിലവിലെ വിപണി സാഹചര്യം തുടർന്നാൽ രാജ്യാന്തരവില 4,600 ഡോളർ ഭേദിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകർ കരുതുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 1.20 ലക്ഷം രൂപയിലേക്ക് എത്തും.
എന്നാൽ, യുഎസിലെ പണപ്പെരുപ്പ ഭീഷണി സ്വർണത്തിന്റെ കുതിപ്പിന് തടയിടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പണപ്പെരുപ്പം ഉയർന്നാൽ അടിസ്ഥാന പലിശനിരക്ക് ഉയർത്താൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നിർബന്ധിതരായേക്കാം.
പലിശനിരക്ക് വർധിക്കുന്നത് ബോണ്ട് യീൽഡും ഡോളറും ഉയരാനും അതുവഴി സ്വർണത്തിന് തിരിച്ചടിയാകാനും ഇടയാക്കും. വില താഴാൻ സാധ്യതയുണ്ടോ? രാജ്യാന്തര വില താഴേക്കാണ് പോകുന്നതെങ്കിൽ അടുത്ത കാലത്ത് 4,417 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പ്രതികൂല സാഹചര്യങ്ങൾ ശക്തമായാൽ വില 4,300 ഡോളറിലേക്കും ഇടിയാം. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില വീണ്ടും 1.10 ലക്ഷം രൂപയ്ക്കടുത്തേക്ക് താഴാൻ സാധ്യതയുണ്ട്.
ഏതായാലും അമേരിക്കൻ വിപണിയിലെ മാറ്റങ്ങളിലാണ് നിലവിൽ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും കണ്ണുകൾ. മറ്റു വിലവിവരങ്ങൾ സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് 12,085 രൂപയിലെത്തി.
വെള്ളിയുടെ വില ഗ്രാമിന് 5 രൂപ വർധിച്ച് 260 രൂപയായിട്ടുണ്ട്. വിപണിയിൽ പുതിയ ട്രെൻഡായി മാറിയ കുറഞ്ഞ കാരറ്റ് ആഭരണങ്ങളുടെ വിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.
14 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ കൂടി 9,410 രൂപയായും, 9 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ വർധിച്ച് 6,070 രൂപയായും ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

