പട്ടാമ്പി ∙ റെയിൽവേ സ്റ്റേഷൻ റോഡിലെ ആരാധന ജ്വല്ലറി കുത്തിത്തുറന്ന് 8 പവനോളം ആഭരണങ്ങളും അൻപതിനായിരം രൂപയും മോഷ്ടിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിനു ശേഷം കടന്നുകളഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് കൊട്ടമല സ്വദേശി ബിനുവിനെ (52) നെടുമങ്ങാട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സഹായി മലപ്പുറം ചങ്ങരംകുളം നന്നമുക്ക് ചെമ്പത്ത് വീട്ടിൽ റഫീഖ് എന്ന മുരളിയെയും (43) പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 26നു പുലർച്ചെയാണ് ടൗണിലെ ആരാധന ജ്വല്ലറി കുത്തിത്തുറന്ന് പ്രതികൾ സ്വർണവും പണവും കവർന്നത്.
ടൗണിന്റെ ഹൃദയഭാഗത്ത് നടന്ന മോഷണം വ്യാപാരികളെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സയന്റിഫിക് ടീമും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.
ജോലിക്കായി എത്തിയ ഇതര സംസ്ഥാനക്കാർ കൂടുതൽ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് പട്ടാമ്പി. പൊലീസ് സ്ക്വാഡുകൾ ആയി തിരിഞ്ഞ് പഴുതടച്ച അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.
പ്രദേശവാസികളായ ഇതര സംസ്ഥാനക്കാരെയും മുൻ കുറ്റവാളികളെയും നിരീക്ഷിച്ചിരുന്നു. ഇതുകൂടാതെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
പ്രതികൾ മോഷ്ടിച്ച സ്വർണം പല സ്ഥലങ്ങളിൽ വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്തതായി മൊഴിനൽകിയിട്ടുണ്ട്.
പട്ടാമ്പി നഗരത്തിൽ വർഷങ്ങളായി കഴിയുന്ന ഇവരുടെ പേരിൽ നേരത്തെ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് പിന്തുടരുമെന്ന ആശങ്കയിൽ മൊട്ടയടിച്ചാണ് ബിനു നാട്ടിലേക്ക് സ്ഥലംവിട്ടത്.
ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, പട്ടാമ്പി സ്റ്റേഷൻ ഓഫിസർ എസ്.അൻഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

