മുണ്ടൂർ മാടനെക്കുറിച്ചറിയാനാണു പാലക്കീഴ് ഭഗവതിക്ഷേത്രത്തിനടുത്ത് എത്തിയത്. സത്യത്തിൽ മാടനെ മുണ്ടൂരുകാർ ആരും കണ്ടിട്ടില്ല, കഥകൾ കേട്ടിട്ടേയുള്ളൂ.
അത് ‘അയ്യപ്പനും കോശിയും’ സിനിമയിൽ പറയുന്നതു പോലെയുള്ള കഥയല്ല. സിനിമക്കാർ പറഞ്ഞത് ഒരു കഥ, നാട്ടുകാർ കേട്ടറിഞ്ഞതു മറ്റൊരു കഥ.
നാട്ടിലെ തിരഞ്ഞെടുപ്പും മാടനും തമ്മിലൊരു ബന്ധമുണ്ട്. നേരത്തേ തങ്ങൾ വോട്ടു ചെയ്ത പലരെയും പിന്നീടു ജനങ്ങൾ കാണാറേയില്ല.
മാടനെക്കുറിച്ചുള്ള കഥകൾ പോലെ സ്ഥാനാർഥിയെക്കുറിച്ചു പ്രചരിക്കുന്ന കഥയും യഥാർഥ കഥയും തമ്മിൽ ചിലപ്പോൾ ഒരു ബന്ധവും കാണില്ല.
‘എല്ലാം നാട്ടുകാരെ വിശ്വസിപ്പിക്കാൻ ഒരു തരം പ്രചാരണം’– പാലക്കീഴിലെ ആൽമരച്ചുവട്ടിലിരുന്ന് എ.കെ.രാമൻ പറഞ്ഞു. മണ്ടിയും മറഞ്ഞും നടക്കുന്നയാളല്ല, മിണ്ടിയും പറഞ്ഞും നടക്കുന്നവരാണു മെംബറായി വരേണ്ടത്– കെ.എം.ഹക്കീമിന് ഒരു സംശയവും ഇല്ല.
അങ്ങനെ നോക്കുമ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെറും രാഷ്ട്രീയം മാത്രം നോക്കില്ല, ആളുടെ ഗുണവും തരവുമൊക്കെ നോക്കി വോട്ടുചെയ്യുമെന്ന് അപ്പുണ്ണിയേട്ടനും.
ഇതൊക്കെ കേട്ടു തലയിൽ ഒരു ചാക്ക് ഉണക്കച്ചകിരിയുമായി ദേവകിച്ചേച്ചി വന്നു. ചേച്ചിക്ക് വെറുതേ രാഷ്ട്രീയം പറഞ്ഞിരിക്കുന്നത് ഇഷ്ടമല്ല.
നമ്മൾ പണിയെടുത്താൽ നമുക്കു കഞ്ഞികുടിക്കാം എന്ന ലൈൻ.
കല്ലടിക്കോടൻ മലയോരം
മാടന്റെ കഥകൾ ഉറങ്ങിക്കിടക്കുന്ന പൊന്തക്കാടുകൾക്കു മുകളിൽ തലമുടി വിടർത്തിക്കിടക്കുന്ന സുന്ദരിയെപ്പോലെ കല്ലടിക്കോടൻ മല കാണാം. കാറ്റായും തീയായും ജലമായും നിറഞ്ഞുനിൽക്കുന്ന കല്ലടിക്കോടൻ നീലിയുടെ താമസം ഈ മലമുകളിലാണെന്നാണു കഥ. നീലിയെ ഉപാസിച്ചു സിദ്ധി നേടാൻ ഒട്ടേറെപ്പേർ കല്ലടിക്കോടൻ മല കയറി.
ചിലർ സിദ്ധരായി ഇറങ്ങി. ചിലർ തിരിച്ചുവന്നില്ലത്രേ.
മുണ്ടൂരിൽ നിന്നു കല്ലടിക്കോട്ടേക്കുള്ള വഴികളിലെല്ലാം കണ്ടതു വോട്ടുതേടി വീടുകൾ തോറും കയറുന്ന രാഷ്ട്രീയക്കാരെയാണ്. വഴിനീളെ ത്രിവർണവും ചുവപ്പും കാവിയും കൊടിതോരണങ്ങൾ.
കുടിയേറ്റ മേഖലയായ ഈ പ്രദേശങ്ങളിൽ അരിവാളിനും കൈപ്പത്തിക്കും താമരയ്ക്കും പുറമേ രണ്ടില ചിഹ്നവും കാണാം.
വാർഡിന്റെ പ്രധാനമന്ത്രി
ഒന്നു കൈനീട്ടിയാൽ കല്ലടിക്കോടൻ മല തൊടാമെന്നു തോന്നുന്ന കരിമ്പ പറക്കലടിയിലാണ് ഇപ്പോൾ. ഗ്രാമീണതയുടെ കാഴ്ചകൾക്കു പകരം തലയ്ക്കു മുകളിലൂടെ എക്സ്പ്രസ് വേയുടെ വേഗക്കാഴ്ചകൾ അധികം വൈകാതെ ഇവിടെ കാണാം.
കോഴിക്കോട്– പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. നേരത്തേ ഇവിടെ വോട്ടർമാരായിരുന്ന പലരും ഭൂമിയെടുപ്പിന്റെ ഭാഗമായി ഇവിടെ നിന്നു മാറി.
വരും ദിവസങ്ങളിൽ കുറച്ചുപേർ കൂടി മാറും– രാഷ്ട്രീയപ്രവർത്തകൻ കൂടിയായ സി.കെ.റിനീഷ് പറഞ്ഞു. വലുതാണെങ്കിലും ചെറുതാണെങ്കിലും വികസനം ഉണ്ടാക്കുന്നവരാണു ജയിക്കേണ്ടതെന്ന് അബ്ദുൽ ഗഫൂർ പറയുന്നു.
രാജ്യത്തെ പ്രമുഖ നക്ഷത്രഹോട്ടലുകളിലെ മുതിർന്ന ഷെഫുമാർ ബഹുമാനിക്കുന്ന ചീഫ് കുക്ക് വി.ഗോപാലകൃഷ്ണൻ തനിനാടനായി സ്കൂട്ടറിൽ എത്തി. എം.എ.യൂസഫലി ഉൾപ്പെടെയുള്ളവരുടെ ഇഷ്ട
ഷെഫായ ഗോപാലകൃഷ്ണൻ പല നാടുകളിൽ നടക്കുന്ന വികസനത്തെക്കുറിച്ചു പറഞ്ഞു. ഇത് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പാണ്.
എന്റെ ഗ്രാമത്തിന്റെ പ്രധാനമന്ത്രിയാണ് വാർഡ് മെംബർ– അദ്ദേഹം പറഞ്ഞു. നീലിയുടെയും മാടന്റെയും മാത്രമല്ല, കല്ലടിക്കോടൻ മലനിരകൾക്ക് ഇനിയും കഥകളേറെ പറയാനുണ്ടെന്നു തോന്നും.
തിരഞ്ഞെടുപ്പു കഴിയുമ്പോൾ തോറ്റവരുടെയും ജയിച്ചവരുടെയും കഥകൾ അവിടെ നിന്നു കേൾക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

