സർവകലാശാലകളുടെ പഠനപദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡോ. ബി.ആർ.
അംബേദ്കറുടെ രചനകൾ പുനഃപരിശോധിക്കുന്നുവെന്ന മാധ്യമവാർത്തകളിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സർക്കാരും സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാർഥികൾ സ്വതന്ത്രമായി ചിന്തിക്കുന്നതോ ചോദ്യങ്ങൾ ചോദിക്കുന്നതോ ഭരണകൂടം ആഗ്രഹിക്കുന്നില്ലെന്നും, അതുകൊണ്ടാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സംവിധാനങ്ങളും വിദ്യാഭ്യാസ മേഖലയോട് എതിർപ്പ് പ്രകടിപ്പിക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബാബാസാഹേബ് അംബേദ്കറുടെ ‘Annihilation of Caste’, ജ്യോതിബാ ഫൂലെയുടെ ‘Gulagiri’ തുടങ്ങിയ പ്രമുഖ ഗ്രന്ഥങ്ങൾ യുവാക്കളിൽ വിഷം കുത്തിവയ്ക്കുന്നതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരു അജ്ഞാത ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ വിവരം തേടുകയുണ്ടായി. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ എല്ലാ സർവകലാശാലകളോടും കരിക്കുലത്തെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു.
ഈ കോഴ്സുകൾ എത്ര വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന കണക്കുകളും അധികൃതർ ആരാഞ്ഞു. ചോദ്യപേപ്പർ ചോർച്ച, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയ ഗൗരവമേറിയ പ്രശ്നങ്ങളിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി, ഇൻറർനെറ്റിലെ ട്രോളുകളുടെ അടിസ്ഥാനത്തിൽ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

