അട്ടപ്പാടിയുടെ സാംസ്കാരിക മണ്ഡലത്തിൽ വേറിട്ട ചിന്തകൾ കൊണ്ട് ശ്രദ്ധേയനായ അധ്യാപകനും എഴുത്തുകാരനുമായ കെ.രാജൻ ദുരിതത്തിലായ സാഹചര്യത്തിൽ സഹായം തേടുന്നു.
മുക്കാലി പോലക്കാട്ടിലെ അടച്ചുറപ്പില്ലാത്ത കുടിലിലാണ് അദ്ദേഹം താമസിക്കുന്നത്. ജീവിതകാലം മുഴുവൻ സ്വരൂപിച്ചുവെച്ച അമൂല്യങ്ങളായ നൂറുകണക്കിനു പുസ്തകങ്ങൾ മഴ നനയാതെ സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം.
അധ്യാപന മേഖലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് കെ.രാജൻ. അഗളിയിൽ പാരലൽ കോളേജ് അധ്യാപകനായും, മുക്കാലിയിൽ താൽക്കാലിക പോസ്റ്റ്മാസ്റ്ററായും, ഭൂതയാർ ഊരിലെ വിശ്വമൈത്രി വിദ്യാലയത്തിൽ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ശിരുവാണി പുഴയോരത്തെ മുളങ്കാടുകൾ വെട്ടിനശിപ്പിക്കുന്നതിനെതിരെ അദ്ദേഹം നിയമപോരാട്ടം നടത്തുകയും, ഫെയർ സ്റ്റേജ് സമരത്തിൽ 14 ദിവസം നിരാഹാരമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
കൂടാതെ, അഹാഡ്സിനു വേണ്ടി ഐആർടിസി നടത്തിയ പഠനങ്ങളിലും, അഗളി ഐടിഡിപിയിലും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി റിസർച്ച് അസിസ്റ്റന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കഴിഞ്ഞ രണ്ടു വർഷമായി പക്ഷാഘാതത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കെ.രാജൻ, നിലവിൽ വായനയിലും എഴുത്തിലുമായി സമയം ചെലവഴിക്കുന്നു.
സാഹിത്യം, സിനിമ, ചിത്രകല, ശിൽപകല തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം എഴുതിയ ലേഖന സമാഹാരങ്ങൾ വിവിധ തലങ്ങളിൽ അംഗീകാരം നേടിയിട്ടുണ്ട്. 2017-ൽ കേരള സാഹിത്യ അക്കാദമിയും, 2019-ൽ കേന്ദ്ര സാഹിത്യ അക്കാദമിയും, 2021-ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും അദ്ദേഹത്തിന്റെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുസ്തകങ്ങളെ ജീവശ്വാസമായി കരുതുന്ന രാജൻ, അവ സുരക്ഷിതമായി സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ ചാക്കിൽ കെട്ടിവെക്കേണ്ടി വരുന്നതിലെ മനോവിഷമം പങ്കുവെക്കുന്നു. അട്ടപ്പാടിയെക്കുറിച്ച് കൂടുതൽ എഴുതാനും പ്രവർത്തിക്കാനും ആഗ്രഹിക്കുന്ന കെ.രാജൻ, തനിക്കും തന്റെ പുസ്തകങ്ങൾക്കും സംരക്ഷണം നൽകാൻ കഴിയുന്ന ചോരാത്ത ഒരു മേൽക്കൂരയ്ക്കായി സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

