പാലക്കാട് ∙ അപകടമില്ലാത്ത രാത്രിയാത്രയ്ക്കു വഴിവിളക്ക് അത്യാവശ്യമാണെന്ന പ്രാഥമികകാര്യം പോലും ദേശീയപാത അധികൃതർ അവഗണിക്കുകയാണ്. ദേശീയപാതയിൽ അപകടമേഖലകളിലും വളവുകളിലും വഴിവിളക്കില്ലാത്ത സ്ഥിതിയാണ്.
ചന്ദ്രനഗർ, വാളയാർ മേഖലയിൽ രാത്രിയായാൽ വാഹനങ്ങളുടെ വെളിച്ചവും വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റുമാണ് ആശ്രയം. 3 വർഷത്തിനിടെ ഇരുനൂറിലധികം അപകടവും 13 മരണവും മേഖലയിലുണ്ടായി.
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക്, യാത്രാ വാഹനങ്ങൾ ഇരുട്ടുനിറഞ്ഞ വാളയാർ അതിർത്തിയിലേക്കാണു പ്രവേശിക്കുന്നത്.മാൻ പാർക്ക് ജംക്ഷൻ, പതിനാലാംകല്ല്, കനാൽപിരിവ്, കഞ്ചിക്കോട് ചുള്ളിമട, ചടയൻകാലായി, കുരുടിക്കാട്, മരുതറോഡ് ജംക്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വഴിവിളക്കില്ല. മരുതറോഡ് ജംക്ഷനിലാണ് അപകടങ്ങൾ കൂടുതൽ.
മരുതറോഡ് ജംക്ഷനിലെ ഇരുട്ടിലേക്കു വേണം ചന്ദ്രനഗർ മേൽപാലത്തിൽ നിന്ന് വാഹനങ്ങൾ ഇറക്കാൻ.
വേഗം കുറച്ച്, ശ്രദ്ധിച്ചു വന്നില്ലെങ്കിൽ എപ്പോഴും അപകടമുണ്ടാകാം. പകൽ പോലും അപകടം പതിവാണ്.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പോസ്റ്റ് ഓഫിസ് ഉൾപ്പെടെ ഈ ജംക്ഷനിലാണ്. ഇവിടെ മീഡിയൻ പൂർണമായി അടച്ചതോടെ റോഡ് കുറുകെ കടക്കുമ്പോഴുണ്ടാകുന്ന അപകടം കുറഞ്ഞതായി പൊലീസ് പറയുന്നു.ഇടയ്ക്കിടെ അപകടമുണ്ടാകുന്ന ആലത്തൂർ പ്രദേശത്ത് ഇരട്ടക്കുളം, വാനൂർ, കേരളപ്പറമ്പ്, സ്വാതി ജംക്ഷൻ, കുംബളക്കോട് എന്നിവിടങ്ങൾ ഇരുട്ടിലാണ്.
ഇവിടെ കഴിഞ്ഞമാസം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. അടിപ്പാത നിർദേശിക്കപ്പെട്ട
വാനൂരും അപകടസാധ്യത കൂടുതലാണ്.
2 വർഷം; 8 മരണം, എന്നിട്ടും
അഞ്ചുമൂർത്തിമംഗലത്ത് തൃശൂർ, പാലക്കാട് ബസുകൾ നിർത്തി ആളുകളെ കയറ്റിയിറക്കുന്നത് അപകടമുണ്ടാക്കുന്നു. 20നു രാത്രി 9ന് മംഗലത്ത് റോഡ് കുറുകെ കടക്കുന്നതിനിടെയാണ് വാഹനമിടിച്ച് മംഗലം തെക്കേത്തറ ഷിബു (27), പല്ലാവൂർ സ്വദേശി കിഷോർ (26) എന്നിവർ മരിച്ചത്.
വഴിവിളക്കും മുന്നറിയിപ്പ് ബോർഡും സിഗ്നൽ ലൈറ്റും സീബ്രാ ലൈനും വേണമെന്നതു കാലങ്ങളായുള്ള ആവശ്യമാണ്. 2 വർഷത്തിനുള്ളിൽ 8 പേർ റോഡ് കുറുകെ കടക്കുമ്പോൾ വാഹനമിടിച്ചു മരിച്ചിട്ടുണ്ട്.
2022 ഒക്ടോബർ 6ന് രാത്രി ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിന്നിലിടിച്ച് സ്കൂൾ വിദ്യാർഥികൾ അടക്കം 9 പേർ മരിച്ച ദുരന്തമുണ്ടായി. കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ വാനിടിച്ചു.
ബസുകൾ മംഗലം സർവീസ് റോഡ് വഴി പോകണമെന്ന പൊലീസ് നിർദേശം പാലിക്കപ്പെടുന്നില്ല. വാഹനങ്ങൾ തിരക്കേറിയ ദേശീയപാതയ്ക്കരികിൽ നിർത്തുന്നതും അപകടത്തിനു വഴിയൊരുക്കുന്നു.
അപകടമുണ്ടായ മംഗലം കൊല്ലത്തറയിൽ ബസ് സ്റ്റോപ്പിനായി ജില്ലാ കലക്ടർക്കുൾപ്പെടെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
കൊല്ലത്തറയിൽ ഫെയർസ്റ്റേജ് ബസ് സ്റ്റോപ്പുണ്ട്. എന്നാൽ ബസ് കാത്തിരിപ്പു കേന്ദ്രവും സീബ്രാലൈനും യു–ടേണും സർവീസ് റോഡും നിർമിക്കാത്തതാണ് അപകടം വർധിപ്പിക്കുന്നത്.
വടക്കഞ്ചേരി പഞ്ചായത്തിലെ പാഞ്ഞാംപറമ്പ്, കള്ളിയങ്കാട്, പൂക്കോട്, പുഴയ്ക്കൽപറമ്പ്, കുന്നങ്കാട്, നൊച്ചിപ്പറമ്പ്, വേണാട്ട് കളപ്പറമ്പ്, ചീറമ്പക്കാവ്, വടക്കേത്തറ, കിഴക്കേത്തറ, അഞ്ചുമൂർത്തി, മംഗലം അങ്ങാടി ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെയാണു ബസ് കാത്തുനിൽക്കുക. അരികുപറ്റി നിൽക്കാൻപോലും ഇവിടെ ഇടമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

