അതിരപ്പിള്ളി ∙ കാട്ടാന കബാലിയുടെ മുൻപിലകപ്പെട്ട കെഎസ്ആർടിസി ബസ് കാനയിലേക്ക് ചരിഞ്ഞ് അപകടം.
രാത്രി എട്ടരയോടെയാണ് സംഭവം. ഇന്നലെ വൈകിട്ട് 5.10ന് ചാലക്കുടിയിൽ നിന്നു മലക്കപ്പാറ സർവീസ് നടത്തിയ ബസാണ് ഷോളയാർ പവർ ഹൗസിലേക്കുള്ള റോഡിൽ വച്ച് കബാലിയുടെ മുൻപിൽ അകപ്പെട്ടത്.
ആന വാഹനത്തിനു നേരെ വന്നതിനെ തുടർന്ന് ബസ് പിന്നോട്ട് എടുത്തപ്പോഴാണ് കാനയിലേക്ക് ചരിഞ്ഞത്. ആന ബസിൽ തട്ടിയെന്നും സൂചനയുണ്ട്.
ബസിൽ ഉണ്ടായിരുന്ന ഇരുപതോളം യാത്രക്കാരെ വനംവകുപ്പ് വാഹനത്തിൽ സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചു.
ബസ് കാനയിൽ നിന്നു കയറ്റുന്നതിനുള്ള നടപടി തുടങ്ങി. ഷോളയാർ റേഞ്ച് ഓഫിസർ ആൽബിൻ ആന്റണിയുടെ നേതൃത്വത്തിൽ ജീവനക്കാരും മലക്കപ്പാറ പൊലീസും രക്ഷാപ്രവർത്തനം നടത്തി. ഇതിനിടെ, കബാലിയെ പ്രകോപിപ്പിച്ച കാർ യാത്രക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനുള്ള അന്വേഷണം വനംവകുപ്പ് ആരംഭിച്ചു.
ഞായർ പകൽ രണ്ടിനാണ് ആന ഷോളയാർ വാൽവ് ഹൗസിനു സമീപം റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം അതുവഴി വന്ന നൂറുകണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങിയിരുന്നു.
പൊലീസും, വനപാലകരും ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
ഇതിനിടയിൽ വാഴച്ചാൽ ചെക്ക് പോസ്റ്റ് കടന്നെത്തിയ കോയമ്പത്തൂർ സ്വദേശികളുടെ കാർ മറ്റു വാഹനങ്ങളെ മറികടന്ന് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ വകവയ്ക്കാതെ ആനയുടെ മുൻപിൽ കൊണ്ടുവന്നു നിർത്തി. തുടർച്ചയായി ഹോൺ മുഴക്കുകയും ഹെഡ് ലൈറ്റ് അടിച്ച് ആനയെ പ്രകോപിപ്പിക്കുകയും ചെയ്തു. അപകടകരമായ വിധത്തിൽ വണ്ടിയുമായി ആനയുടെ അടുത്തേക്കു ചെന്നു.
തുടർന്ന് രണ്ടു കാറുകളും നാല് ബൈക്കും ആന തുമ്പിക്കൈ കൊണ്ട് അടിച്ചും കൊമ്പു കൊണ്ടു കുത്തിയും കേടുവരുത്തി. ആന പിന്നോട്ട് മാറിയ തക്കത്തിന് യുവാക്കൾ വണ്ടിയുമായി രക്ഷപ്പെട്ടു. വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ച വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

