സംസ്ഥാനത്തെ പ്രധാന കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളം ചന്തയിൽ ബലിപെരുന്നാൾ പ്രമാണിച്ച് റെക്കോർഡ് വിപണനത്തിരക്ക്. വ്യാഴാഴ്ച മാത്രം കോടിക്കണക്കിന് രൂപയുടെ കന്നുകാലി വ്യാപാരമാണ് ചന്തയിൽ നടന്നത്.
മുൻകാലങ്ങളിൽ ശരാശരി 35 ലോഡ് കന്നുകാലികൾ എത്തിയിരുന്ന സ്ഥാനത്ത്, ഇത്തവണ 63 ലോഡുകളിലായി വൻതോതിൽ കന്നുകാലികളാണ് വിപണിയിലെത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് വർധിച്ചത് വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായകമായി.
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്ന് കന്നുകാലികളെ വാങ്ങാനായി വൻതോതിൽ ആളുകൾ ചന്തയിൽ എത്തിച്ചേർന്നു. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കന്നുകാലികൾ ഇത്തവണ വാണിയംകുളത്ത് എത്തിയത്.
കഴിഞ്ഞ പെരുന്നാൾ സീസണിനെ അപേക്ഷിച്ച് മികച്ച കച്ചവടമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ചന്തയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇടച്ചന്തകളും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചന്തയിലെ ഇത്തവണത്തെ പ്രധാന ആകർഷണം നെല്ലിക്കുറിശ്ശി സ്വദേശി ഷഫീർ വിൽപനയ്ക്കെത്തിച്ച പത്തുലക്ഷം രൂപ വിലമതിക്കുന്ന ഭീമൻ പോത്താണ്. മൂന്ന് ദിവസം മുൻപ് മഹാരാഷ്ട്രയിൽ നിന്ന് എത്തിച്ച മുറ ഇനത്തിൽപെട്ട
ഈ പോത്തിന് 3000 കിലോയിലധികം തൂക്കമുണ്ട്. എട്ടുലക്ഷം രൂപ വരെ വിലപേശൽ നടന്നുവെങ്കിലും ഉടമ വിൽപനയ്ക്ക് തയ്യാറായില്ല.
ഭീമൻ പോത്തിനെ കാണാൻ നിരവധി ആളുകളാണ് ചന്തയിൽ തടിച്ചുകൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

