കൊയിലാണ്ടി പഴയ സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഒഫിക്സ് ഷവർമ സ്റ്റാളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് അധികൃതർ നടപടി സ്വീകരിച്ചു. കടയ്ക്ക് പുറത്ത് മൂടിയില്ലാത്ത പാത്രത്തിൽ സൂക്ഷിച്ചിരുന്ന കോഴിയിറച്ചി തെരുവുനായ്ക്കൾ കടിച്ചുകീറി നശിപ്പിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്.
ഇന്നലെ രാവിലെ കട തുറക്കുന്നതിന് തൊട്ടുമുൻപാണ് ഈ കാഴ്ച നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
താമരശ്ശേരിയിലെ ചിക്കൻ സെന്ററിൽ നിന്നും എത്തിച്ച ഇറച്ചിയാണ് ഇത്തരത്തിൽ അശ്രദ്ധമായി സൂക്ഷിച്ചത്. സംഭവമറിഞ്ഞ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര പരിശോധന നടത്തി.
ഡോ. ശ്വേതാ വേലായുധൻ, അസിസ്റ്റന്റ് ഓഫിസർ കെ.
അരവിന്ദ് എന്നിവരടങ്ങുന്ന സംഘമാണ് നടപടികൾ സ്വീകരിച്ചത്. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഗുരുതരമായി ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, ഒഫിക്സ് ഷവർമാ സ്റ്റാൾ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
ഇറച്ചി വിതരണം ചെയ്ത താമരശ്ശേരിയിലെ ചിക്കൻ സെന്ററിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസർക്ക് റിപ്പോർട്ട് നൽകിയതായി ഡോ. ശ്വേതാ വേലായുധൻ അറിയിച്ചു.
കൊയിലാണ്ടിയിലെ മറ്റ് ഷവർമ ഷോപ്പുകളിലും വരും ദിവസങ്ങളിൽ കർശനമായ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

