ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മികച്ച സാമ്പത്തിക നേട്ടങ്ങൾ രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഓഹരി ഉടമകൾക്കായി സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തി. നാലാം പാദത്തിലെ മികച്ച പ്രവർത്തനഫലത്തിന് പിന്നാലെ, ബോണസ് ഓഹരികളും ലാഭവിഹിതവും വിതരണം ചെയ്യാൻ കമ്പനി തീരുമാനിച്ചു.
ഈ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണിയിൽ എൽഐസി മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. കമ്പനിയുടെ നാലാം പാദത്തിലെ ലാഭം 23 ശതമാനം വർധിച്ച് 23,467 കോടി രൂപയായി.
മുൻവർഷം ഇതേ കാലയളവിൽ ഇത് 19,039 കോടി രൂപയായിരുന്നു. പ്രീമിയം വരുമാനം 12 ശതമാനം വർധിച്ച് 1,65,067 കോടി രൂപയിലെത്തി.
പുതിയ പ്രീമിയത്തിൽ നിന്നുള്ള വരുമാനം 13,009 കോടി രൂപയും, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം 1,09,211 കോടി രൂപയുമാണ്. കമ്പനിയുടെ സോൽവൻസി അനുപാതം 2.35 ശതമാനമായി മെച്ചപ്പെട്ടു.
ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം അഞ്ച് ശതമാനം വർധിച്ച് 57.3 ലക്ഷം കോടി രൂപയായി ഉയർന്നു. ചരിത്രത്തിലാദ്യമായി ബോണസ് ഓഹരികൾ അനുവദിക്കുന്ന എൽഐസി, 1:1 എന്ന അനുപാതത്തിലാണ് ഓഹരികൾ വിതരണം ചെയ്യുന്നത്.
മേയ് 29 ആണ് ഇതിനായുള്ള റെക്കോർഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. അന്നേദിവസം ഡിമാറ്റ് അക്കൗണ്ടിൽ എൽഐസി ഓഹരികൾ ഉള്ളവർക്ക് ജൂൺ ഒന്നിന് പുതിയ ഓഹരികൾ ലഭ്യമാകും.
ഇതിനു പുറമെ, 2025-26 സാമ്പത്തിക വർഷത്തേക്ക് ഓഹരിയൊന്നിന് 10 രൂപ വീതം ലാഭവിഹിതവും പ്രഖ്യാപിച്ചു. ജൂൺ 25-ന് ഓഹരികൾ കൈവശമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വിപണിയിൽ എൽഐസി ഓഹരികൾ വലിയ മുന്നേറ്റം രേഖപ്പെടുത്തി. വ്യാപാരത്തിനിടെ അഞ്ചു ശതമാനത്തോളം ഉയർന്ന്, ഒടുവിൽ 1.61 ശതമാനം നേട്ടത്തോടെ 813.05 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.
വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ എൽഐസിയുടെ ലക്ഷ്യവില ഉയർത്തിയിട്ടുണ്ട്. സിറ്റി 1475 രൂപയായും, മക്വൈർ 1110 രൂപയായുമാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

