കൊല്ലത്ത് നടന്ന സിപിഎം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിൽ നടന്ന യോഗത്തിൽ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് പിണറായി വിജയനും എം.വി.
ഗോവിന്ദനും എതിരെ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നത്. “പിണറായി വിജയൻ സ്തുതിപാടകരുടെ പിടിയിലാണ്.
വ്യക്തിപൂജക്ക് സമാനമായ തിരുവാതിര പോലും ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പിണറായി എത്തി. കോടിയേരി ബാലകൃഷ്ണൻ ഭംഗിയായി നയിച്ച പാർട്ടിയെ എം.വി ഗോവിന്ദൻ ഇല്ലാതാക്കി” എന്ന് യോഗത്തിൽ വിമർശനം ഉയർന്നു.
വിവിധ ജില്ലകളിൽ നേതാക്കൾ ഏകാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. അതേസമയം, ഡൽഹിയിൽ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ഗൗരവകരമായി ചർച്ചയാവുകയാണ്.
സംസ്ഥാനത്തെ തിരിച്ചടി ഞെട്ടിക്കുന്നതാണെന്നും, തിരുത്തൽ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. ഭരണവിരുദ്ധ വികാരം വലിയ തോതിൽ പ്രകടമായിരുന്നില്ലെങ്കിലും, മാറ്റം ആഗ്രഹിക്കുന്ന ജനവികാരം തിരിച്ചറിയുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന് നേതൃത്വം വിലയിരുത്തുന്നു.
യുഡിഎഫ് പ്രചാരണത്തെ പ്രതിരോധിക്കുന്നതിൽ ഉണ്ടായ വീഴ്ചയും സംഘടനാപരമായ ദൗർബല്യങ്ങളും ഗൗരവമായി പരിശോധിക്കും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ ഭൂരിപക്ഷ തീരുമാന പ്രകാരം പിബി അനുമതി നൽകിയെന്ന് ജനറൽ സെക്രട്ടറി കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു.
എന്നാൽ, പിണറായിയെ പ്രതിപക്ഷ നേതാവാക്കരുതെന്ന് അഞ്ചിലധികം അംഗങ്ങൾ പിബിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര കമ്മിറ്റിയിൽ വിയോജിപ്പുകൾ ഉയരാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, ഈ തീരുമാനത്തിൽ പുനഃപരിശോധന ഉണ്ടാവില്ലെന്ന് നേതൃത്വം വ്യക്തമാക്കി. കേരളത്തിലെ തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് താഴേത്തട്ടു മുതൽ അണികളുടെ അഭിപ്രായം ശേഖരിക്കാൻ നടപടികൾ ആരംഭിച്ചതായി സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

