ഷൊർണൂർ ∙ ചെന്നൈ–മംഗളൂരു ട്രെയിനിൽ നിന്ന് 17.25 പവൻ സ്വർണം കവർന്ന സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ. ഹരിയാന സ്വദേശികളായ ദിൽബാഗ് (63), ജിതേന്ദർ (45), മനോജ് (36), രാജേഷ് (43) എന്നിവരെയാണു ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 13ന് ചെന്നൈ–മംഗളൂരു ട്രെയിനിൽ ചെന്നൈയിൽ നിന്നു പട്ടാമ്പിയിലേക്കു യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് കാഞ്ചീപുരം ഗോകുൽ നഗറിൽ സതീദേവിയുടെ (65) ബാഗിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർന്ന കേസിലാണ് അറസ്റ്റ്. ഇതേ ട്രെയിനിൽ ഇതേ ദിവസം കോഴിക്കോട്ടു വച്ചു മറ്റൊരു യാത്രക്കാരന്റെ 53.5 പവൻ മോഷ്ടിച്ചതിന് കോഴിക്കോട് പൊലീസ് അന്നു രാത്രിതന്നെ മഡ്ഗാവിൽ വച്ച് 4 പേരെയും പിടികൂടുകയും സ്വർണം വീണ്ടെടുക്കുകയും ചെയ്തിരുന്നു.
റെയിൽവേ പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് പതിനേഴേകാൽ പവൻ മോഷണക്കേസും തെളിഞ്ഞത്.
ബന്ധുവീട്ടിലെ കല്യാണത്തിനായാണു സതീദേവിയും ഭർത്താവ് വാസുദേവൻ നായരും പട്ടാമ്പിയിൽ എത്തിയത്. കല്യാണവീട്ടിൽ എത്തി ബാഗ് തുറന്നുനോക്കിയപ്പോഴാണു സ്വർണം കാണാതായതു ശ്രദ്ധയിൽപെട്ടത്.
പിന്നീട് പലയിടത്തും തിരച്ചിൽ നടത്തിയ ശേഷം ഈ മാസം അഞ്ചിനാണു ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയത്. ട്രെയിനിൽ നിന്നു ബാഗ് പ്ലാറ്റ്ഫോമിലേക്ക് ഇറക്കിവയ്ക്കാൻ സഹായിക്കാൻ സഹായിച്ച 3 പേരെ പൊലീസ് കാണിച്ച ഫോട്ടോയിൽ നിന്നു തിരിച്ചറിയുകയായിരുന്നു.
റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ ഹരിദാസ്, ശശി നാരായണൻ ആർപിഎഫ് സ്ക്വാഡ് അംഗങ്ങളായ അജിത്ത് കുമാർ, രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംഘത്തിൽ മുൻ പൊലീസുകാരനും ട്രെയിനിലെ മോഷണം പതിവാക്കിയവരാണു സംഘത്തിലുള്ളത്.
തലവനായ ദിൽബാഗ് മാത്രം എസി കോച്ചിൽ ഒറ്റയ്ക്കാണു യാത്ര ചെയ്യുക. ബാക്കിയുള്ളവർ ഒന്നിച്ചായിരിക്കും.
റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ബാഗുമായി ഇറങ്ങുന്ന യാത്രക്കാരെ സഹായിക്കാൻ ആദ്യം ഒരാൾ വരും. പിന്നീട് ഒരാളെക്കൂടി വിളിക്കും.
മൂന്നാമത്തെയാൾ എത്തി ബാഗ് തുറന്നു മോഷണം നടത്തും. പിന്നീടു മോഷ്ടിച്ച സാധനങ്ങൾ എസി കോച്ചിലെ ദിൽബാഗിന്റെ കയ്യിൽ എത്തിക്കും.
ഇതാണ് ഇവരുടെ രീതി. 9 വർഷം ഹരിയാന പൊലീസിലായിരുന്നയാളാണു സംഘത്തിലെ രാജേഷ്.
2010ൽ തട്ടിക്കൊണ്ടുപോകൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നു പിരിച്ചുവിടുകയായിരുന്നു. പ്രതികൾക്കു വേണ്ടി വാദിക്കാൻ സ്വന്തമായി അഭിഭാഷകനുമുണ്ട്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഭിഭാഷകനുമായി സംസാരിക്കണം എന്നാണു പ്രതികൾ പൊലീസിനോടു പറഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

