പാലക്കാട് ∙ അത്യാധുനിക സൗകര്യങ്ങളുള്ള മൂന്നു എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ പാലക്കാട് ഡിപ്പോയ്ക്ക് അനുവദിച്ച് കെഎസ്ആർടിസി. രണ്ടു ബസുകൾ എറണാകുളത്തേക്കും ഒരെണ്ണം കോഴിക്കോട്ടേക്കും സർവീസ് നടത്തും.
കോഴിക്കോട്ടേക്ക് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന എസി ബസിനു പകരമായാണ് പുതിയ ബസ് സർവീസ് നടത്തുക. പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോകുന്ന രണ്ടു ബസുകളും ബൈപാസ് റൈഡറുകളായാണ് സർവീസ് നടത്തുക.
പാലക്കാട് നിന്നു പുറപ്പെട്ടാൽ അങ്കമാലിയിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേ നിർത്തുകയുള്ളൂ. മറ്റു സ്റ്റോപ്പുകൾ ഇല്ലാത്തതിനാൽ ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തുമെന്ന് അധികൃതർ പറഞ്ഞു.
ഇതുവഴി കൂടുതൽ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാൻ കഴിയും.
രാവിലെ 10നു മുൻപ് എറണാകുളത്ത് എത്തുമെന്നതിനാൽ ജോലിക്കാർക്കും മറ്റും ഇത് ഏറെ ഉപകാരപ്രദമാകും. എറണാകുളത്തേക്ക് പാലക്കാട് സ്റ്റാൻഡിൽ നിന്നു രാവിലെ 6.15, രാവിലെ 7.30 എന്നീ സമയങ്ങളിലാണു ബസ് പുറപ്പെടുക.
കോഴിക്കോട്ടേക്ക് നിലവിൽ സർവീസ് നടത്തുന്ന സമയമായ രാവിലെ 6.30നു തന്നെയാണു പാലക്കാട്ട് നിന്നു പുറപ്പെടുക. 39 സീറ്റുകളാണുള്ളത്.
കെഎസ്ആർടിസിയുടെ വെബ്സൈറ്റിലൂടെയും എന്റെ കെഎസ്ആർടിസി ആപ്പിലൂടെയും കൗണ്ടർ മുഖേനയും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. മൂന്നു ബസുകളുടെയും ഉദ്ഘാടനം ഒരാഴ്ചയ്ക്കകം നടക്കും.
ബസിലെ പ്രത്യേകതകൾ
∙ എല്ലാ സീറ്റിനു മുകളിലും എസി വെന്റും റീഡിങ് ലൈറ്റും
∙ എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോയിന്റുകൾ
∙ പുഷ്ബാക്ക് കുഷൻ സീറ്റ്, ഫൂട്ട് റെസ്റ്റ്
∙ ടിവി, മ്യൂസിക് സിസ്റ്റം
∙ യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകൾ
∙ ഫ്രീ വൈഫൈ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

