വാൽപാറ ∙ കാടിറങ്ങിയ കാട്ടാന റോഡിൽ നിലയുറപ്പിച്ചതോടെ ചാലക്കുടി – ആനമല പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. കബാലി എന്നു വിളിപ്പേരുള്ള ഒറ്റയാനാണ് ഇന്നലെ രാവിലെ യാത്രക്കാരെ മുൾമുനയിലാക്കിയത്. എട്ടരയോടെയാണ് മലക്കപ്പാറയ്ക്കു സമീപമുള്ള പത്തടി പാലം ഭാഗത്ത് കൊമ്പൻ റോഡിലേക്കിറങ്ങിയത്.
വാൽപാറയിൽ നിന്നു ചാലക്കുടിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ് അടുത്തെത്തിയതോടെ കബാലി ചിന്നംവിളിച്ച് റോഡിന്റെ മധ്യഭാഗത്തായി നിന്നു. യാത്രക്കാർ ഭയന്നെങ്കിലും ആന ആക്രമിക്കാതിരുന്നത് തുണയായി.
അൽപസമയത്തിനകം കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഒട്ടേറെ മറ്റു വാഹനങ്ങളും എത്തിയെങ്കിലും ആന റോഡിൽ നിന്നു മാറിയില്ല.
രണ്ടു മണിക്കൂറോളം കഴിഞ്ഞ് ആന പതിയെ സമീപത്തെ വനത്തിലേക്കു കയറിയപ്പോഴാണ് വാഹനങ്ങൾക്കു കടന്നുപോകാനായത്. പതിവായി ഈ ഭാഗത്ത് റോഡിലിറങ്ങാറുള്ള ആനയാണിത്.
പലപ്പോഴും പെട്ടെന്നു തന്നെ കാട്ടിലേക്കു മടങ്ങാറുണ്ടെങ്കിലും ഇന്നലെ കൂടുതൽ നേരം ഗതാഗത തടസ്സം സൃഷ്ടിച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്കു പുറപ്പെട്ടവർ ഉൾപ്പെടെ വഴിയിൽ കുടുങ്ങി.
ആനയെ കണ്ട് പിറകോട്ടെടുത്ത ബസ് കാറിൽ ഇടിച്ചു
∙ ആനമല പാതയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വീണ്ടും കബാലി എന്ന ഒറ്റയാൻ റോഡിലിറങ്ങി. ആനയെ കണ്ട് പിറകോട്ടെടുത്ത കെഎസ്ആർടിസി ബസ് പിറകിലെ കാറിൽ ഇടിച്ചു.
മലക്കപ്പാറയിൽ നിന്ന് ഉച്ചയോടെ ചാലക്കുടിയിലേക്കു വരികയായിരുന്ന ബസ് തോട്ടാപുര വ്യൂ പോയിന്റിനു സമീപം ശാന്തൻപാറയിൽ എത്തിയപ്പോൾ റോഡരികിലുണ്ടായിരുന്ന ആന പാഞ്ഞടുക്കുകയായിരുന്നു. ഡ്രൈവർ ബസ് പിറകോട്ടെടുത്തപ്പോൾ പിറകിലൂടെ വന്ന തമിഴ്നാട് സ്വദേശികളുടെ കാറിൽ ഇടിക്കുകയായിരുന്നു.
കാറിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

